പീകാച്ചുവും ആഷ് കെച്ചവും പടിയിറങ്ങുന്നു; പോക്കിമോന്‍ പുതുകൂട്ട്

Mail This Article
ടോക്കിയോ ∙ നായകനായ ആഷ് കെച്ചമിനെയും ഉറ്റതോഴനായ പീകാച്ചുവിനെയും ഉപേക്ഷിച്ച് കുട്ടികളുടെ ഇഷ്ട കാർട്ടൂൺ പരമ്പരയായ പോക്കിമോൻ മുന്നോട്ട്. കാൽനൂറ്റാണ്ട് മുൻപ് അരങ്ങേറിയ പോക്കിമോനിലെ ജനപ്രിയതാരങ്ങളായിരുന്നു കെച്ചമും ചുണ്ടെലിയായ പീകാച്ചുവും. നീളൻ ചെവിയും കവിളിൽ ചുവന്ന പൊട്ടുകളുമുള്ള പീക്കാച്ചു തലമുറകളെ കയ്യിലെടുത്ത കാർട്ടൂൺ താരമാണ്.
പുതുവർഷത്തിൽ ആദ്യകാല പങ്കാളികളായ സ്പ്രിഗാറ്റിറ്റൊ, ഫ്യുകൊകൊ, ക്വാക്സ് ലി തുടങ്ങിയവരാവും പോക്കിമോനിൽ തിരിച്ചെത്തുക. നിലവിൽ സംപ്രേക്ഷണത്തിലുള്ള ‘പോക്കിമോൺ അൾട്ടിമേറ്റ് ജേണീസ്: ദ് സീരീസ്’ പൂർത്തിയാവുന്നതോടെയാവും മാറ്റങ്ങൾ നടപ്പാവുക.
പോക്കിമോൻ വേൾഡ് കൊറോണേഷൻ സീരീസിലെ മാസ്റ്റർ 8 ടൂർണമെന്റ് ജയിക്കാൻ പീക്കാച്ചുവും ആഷ് കെച്ചമിനെയും മറ്റ് പോക്കിമോനുകളും നടത്തുന്ന തകർപ്പൻ പോരാട്ടമാണ് ഈ പരമ്പരയുടെ ഇതിവൃത്തം. ആഷ് കെച്ചം ലോകചാംപ്യനാകുന്നതോടെ കഥ പൂർണമാകും. പോക്കിമോൻ ശ്രേണിയിലെ പുതിയ കഥ 2023 ഏപ്രിലിൽ തുടങ്ങുമെന്നാണു സൂചന.
ഇപ്പോഴത്തെ കഥയുടെ പ്രാരംഭമായ, 11 ഭാഗങ്ങളുള്ള ‘പോക്കി മോൻ ജേണീസ് ഇൻ ദ് വെസ്റ്റി’ലൂടെയാവും ജനുവരി 13ന് ആഷ് കെച്ചമിന്റെയും പീകാച്ചുവിന്റെയും ദൗത്യം പൂർത്തിയാവുക. തുടർന്ന് 2 പുതിയ താരങ്ങൾ രംഗപ്രവേശം ചെയ്യും: റോയ് എന്ന ആൺകുട്ടിയും ലികോ എന്ന പെൺകുട്ടിയും. ഇവർക്കു കൂട്ടായി 3 പുതുമുഖ പോക്കിമോനുകളും ഉണ്ടാവും.
English Summary: Pokemon to go on without Ash Ketchum and Pikachu