ADVERTISEMENT

ഒരു ‘കലാമിറ്റി’ വരുമ്പോൾ നാം ഒന്നിച്ചു നിൽക്കണമെന്നു കരുതുന്ന എന്നെപ്പോലുള്ള ഒരുപാടു പേരുള്ള നാടാണിത്. കോവി ഡിനെതിരെ സിഎം നടത്തുന്ന സേവനങ്ങളെ പ്രകീർത്തിക്കാൻ ഞങ്ങൾക്കൊരു മടിയുമില്ല. സ്പ്രിൻക്ലർപോലുള്ള വിവാദങ്ങളിൽ താൽപര്യവുമില്ല. അതേസമയം ഫോൺനമ്പർ കിട്ടിയാൽ നമ്മുടെ ജാതകം മുഴുവൻ തുറന്നു ലഭിക്കുന്ന ‘സുതാര്യഭാരത’ത്തിൽ ഡാറ്റാ പോയാലെന്ത്, വന്നാലെന്തെന്നു ചോദിക്കുന്നവരാണു ഞങ്ങൾ. ഇതൊരു ആനക്കാര്യമാണെന്നു ചിന്തിക്കുന്നവർക്കു ഞങ്ങളെ വിവരദോഷി കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം. എന്നാൽ ആപ്പെന്നും കോപ്പെന്നും പറഞ്ഞു ‘കോമൺസി’നെ വട്ടുകളി പ്പിക്കുന്നതു ഞങ്ങൾക്കു സഹിക്കുന്നില്ല.

 

 

കൈയിലെ കാശും കൊടുത്തു രണ്ടെണ്ണം വീശണമെങ്കിൽ സ്മാർട്ട് ഫോണും ആപ്പും വേണമെന്നു പറയുന്നത് എവിടെത്തെ മര്യാദയാണു സാറെ?  ഒരു ശിവശങ്കരൻസാറും ഐടി വകുപ്പുമുണ്ടെന്നു കരുതി ജനത്തെ ഇങ്ങനെ ആപ്പിലാക്കിയാലോ? ശിവ, ശിവ!

 

 

ദീർഘനാളത്തെ ഇടവേളയ്‌ക്കുശേഷം ബവ്റിജ് കടകൾ തുറക്കുമ്പോൾ വലിയ തിരക്കുണ്ടാകുമെന്നതു നേര്. അതിനല്ലേ, നാട്ടിലെ അസംഖ്യം ബാറുകളിലും ബീയർ പാർലറുകളിലും നിയമംതന്നെ ഭേദഗതിചെയ്തു മദ്യക്കുപ്പികൾ വിൽപനയ്ക്കു നിരത്തിവച്ചത്. എന്നാലും കാണും തുടക്കത്തലൊരു ഉന്തും തള്ളും.  അവിടെ രണ്ടു പൊലീസുകാരെ വീതം ആ ദിവസങ്ങളിൽ നിർത്തിയാൽ തീരുന്ന ഒരു പ്രശ്നം, ഇങ്ങനെ കോലാഹല മാക്കേണ്ട വല്ല കാര്യവും രാമകൃഷ്ണൻ മന്ത്രിക്കുണ്ടോ?  

 

ഒരു ആൻഡ്രോയിഡ് ഫോൺ സംഘടിപ്പിച്ച് (അതിലും മുന്തിയ ഐഫോണുണ്ടായാലും കാര്യം നടക്കില്ല. ആപ്പിൾ സായിപ്പ് ഈ തോന്ന്യാസത്തിനു സമ്മതിക്കില്ല) ആപ്പിൽ കയറിയോ, എസ്എംഎസ് അടിച്ചു ക്യൂവിൽ കയറിയോ കുപ്പി ആവശ്യപ്പെട്ടാൽ കോമൺസിന് അത് അനുവദിക്കുന്നതു ദൂരെ എവിടെയോ ഉള്ള ഒരു ബാറിൽ! എങ്ങനെയങ്കിലും ഈ ഉരുപ്പടി കൈയിൽ വരട്ടെയെന്നു കരുതി ഓട്ടോയും പിടിച്ച് ഓടിക്കിതച്ച് അവിടെ എത്തിയാലോ?  വാച്ച്മാന്റെ ദുർമുഖം കാണണം, അയാളുമായി ഗുസ്തി കൂടണം. അതെല്ലാം കഴിഞ്ഞു മുഖമൂടിയും വച്ചു സാമൂഹിക അകലം പാലിച്ച് ഇഴഞ്ഞ് എത്തുമ്പോൾ അവിടെയുള്ള സാറു പറയുന്നു: ജവാനില്ല, ഒപിആർ തരാം.  

 

വേറേ എന്തെങ്കിലും എന്നു വിനീതമായി ചോദിച്ചാൽ കളിയാക്കിക്കൊണ്ടു തിരുമൊഴി വരും. ബക്കാഡിയുണ്ട്. വേണോ?  ഒറ്റ നിൽപിനു 3 ലീറ്റർ ജവാൻ  കിട്ടുന്നതിനു കൃത്യം 1740 രൂപ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചുവന്ന കോമൺസിനോടാണ് 850 രൂപയുടെ ഒപിആറോ (മൂന്നു കുപ്പിക്കു രൂപ 2550) 1440 രൂപയുടെ ബക്കാഡിയോ (മൂന്നു കുപ്പിക്കു രൂപ 4320) വേണമോയെന്നു ചോദിക്കുന്നത് കരഞ്ഞുപോകില്ലേ സാർ?  മാത്രമോ, ആപ്പും കോപ്പും വന്നതോടെ ഈ സാധനം വാങ്ങാൻ ഒരു ദിവസത്തെ പണിയുണ്ട്. അന്നത്തെ കൂലിയും കളയണം.

 

 

മുൻപു പണിയെല്ലാം കഴിഞ്ഞ്, കൂലിയും വാങ്ങി വരുമ്പോഴാണു ബവ്റിജിൽ ക്യൂ നിൽക്കുക. മൂന്നോ നാലോ പങ്കാളികളെ കിട്ടിയാൽ ഒരു ഫുൾ ജവാനും വാങ്ങി തൊട്ടപ്പുറത്തെ പെട്ടിക്കടയിൽനിന്നു സോഡയും ഗ്ലാസും വാങ്ങി, ടച്ചിങ്ങും കൂട്ടി അകത്താക്കി വീട്ടിൽ പോയി സമാധാനമായി കിടന്നുറങ്ങിയിരുന്ന കോമൺസിന്റെ ഇപ്പോഴത്തെ ഗതികേടിനെപ്പറ്റി രാമകൃഷ്ണൻ മന്ത്രി ഒന്ന് ആലോചിക്ക്. ഇല്ലെങ്കിൽ പേരാമ്പ്രയിലെ സഖാക്കൾ അക്കാര്യം വിശദമായി പറഞ്ഞുതരും.

 

 

ബവ്റിജിനു ചുറ്റും പങ്കാളികളെ വെയ്റ്റ് ചെയ്തു നിൽക്കുന്നവരുടെ കൂട്ടം കാണും. ആരെയും കൂട്ടിനു കിട്ടിയില്ലെങ്കിൽ ഒരു ക്വാർട്ടർ വാങ്ങി ഒറ്റയ്ക്ക് അടിക്കും.  പൈന്റാണു വാങ്ങുന്നതെങ്കിൽ കൂട്ടംകൂടി നിൽക്കുന്നവരോടു ചോദിക്കും: ‘ബൈക്കിനു കാത്തുനിൽക്കുകയാണോ?’ അപ്പോൾ മറുപടി വരും: ‘അല്ല, ഓട്ടോ നോക്കിനിൽക്കുവാ.’

 

 

രണ്ടും കോഡാണു സാറേ. ബൈക്കിനു രണ്ടു ചക്രം. രണ്ടുപേർ മതി. ഓട്ടോയാണെങ്കിൽ മൂന്നു േപർ വേണം.  കൂട്ടത്തിൽ കാറുകാരുമുണ്ടാകും – ഫുൾ നാലാക്കുന്നവർ. ഈ സൗകര്യമാണു കോമൺസിന്റെ ചുണ്ടിനും ഗ്ലാസ്സിനും ഇടയിൽവച്ചു തട്ടിത്തെറിപ്പിച്ചു കളഞ്ഞതെന്ന് ഓർക്കണം.  

 

 

ധനകാര്യമന്ത്രി തോമസ് ഐസക് മദ്യം വിറ്റ പൈസയൊന്നും സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കള്ളവാറ്റ് നിരുത്സാഹപ്പെടുത്തുക മാത്രമാണു ലക്ഷ്യമെന്നും ബ‍ഡായി പറയുന്നതു കേട്ടു. എന്നാൽ, അദ്ദേഹത്തിനു പഴയ ചാരായം തിരിച്ചു കൊണ്ടുവന്നുകൂടേ?  പാവപ്പെട്ട കോമൺസും രക്ഷപ്പെടും; വാറ്റും നിലയ്ക്കും.

 

 

ഒരു കുപ്പി സ്‍പിരിറ്റിൽ ആറുകുപ്പി തിളപ്പിച്ചാറ്റിയ വെള്ളം ചേർത്താൽ സൊയമ്പൻ ചാരായമായി. അതിൽനിന്നു 100 മില്ലിയെടുത്തു സോഡയൊഴിച്ച് ഒന്നടിച്ചു നോക്കണം. അതിന് ഒരു ക്വാർട്ടർ ജവാൻ അടിച്ചാലുള്ള സുഖമാണു സാറെ. ഒരു താറാമുട്ട കൂടെയുണ്ടെങ്കിൽ പറയാനുമില്ല. പെട്ടിക്കടകളിൽ തൂക്കിയിട്ട നൂലുകൊണ്ടു മുട്ട നാലായി മുറിച്ച് അതിൽ കുരുമുളകുപൊടി വിതറി വായിൽ തിരുകുന്ന ഗതകാലസ്‌മരണയിൽ കുടിയന്മാർ കോൾമയിർ കൊള്ളുന്നു.  അതിലും നല്ലൊരു ടച്ചിങ് ഭൂമിമലയാളത്തിൽ വേറെയുണ്ടോ?

 

പണ്ടുണ്ടായിരുന്നെങ്കിൽ 5 രൂപയ്ക്കു ഫിറ്റാകാം. പിമ്പിരിയാകാൻ 10 രൂപ ധാരാളം മതി.  ചാരായം വീണ്ടും വന്നാൽ സാധാരണക്കാരുടെ കുടുംബം രക്ഷപ്പെടും.  പുരുഷനു കൂലികിട്ടുന്നതിൽ ‘മദ്യബാക്കി’ കഴിഞ്ഞു നല്ലൊരു തുക അവരുടെ വീടുകളിലെത്തും. ഐസക് മന്ത്രി പറഞ്ഞതിൽ വല്ല ആത്മാർഥതയുമുണ്ടെങ്കിൽ ചാരായം തിരിച്ചു കൊണ്ടുവരട്ടെ.  ഉമ്മൻചാണ്ടി നിർത്തിയ ബാറുകൾ തുറന്ന സർക്കാരിന് ആന്റണി നിർത്തിയ ചാരായം തിരിച്ചുകൊണ്ടു വരാനാണോ പാട്?

 

ഈ സ്‍പിരിറ്റിൽതന്നെ കണ്ണിക്കണ്ട കളറും ഫ്ളേവറും ചേർത്തതല്ലേ സാറേ വിദേശമദ്യം? പാവപ്പെട്ടവൻ ഇതു വാങ്ങി കഴിക്കുകയും രണ്ടോ മൂന്നോ ലോട്ടറി ടിക്കറ്റ് പതിവായി എടുക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ സാറേ നമ്മുടെ ധനകാര്യംതന്നെ തട്ടീം മുട്ടീം ഇങ്ങനെയെങ്കിലും ഓടുന്നതെന്ന് ആർക്കാണ് അറിയാത്തത്?  പിന്നെന്തിനാ സാറേ ഈ ബ‍ഡായി? 

 

English Summary : Difficulties Of BevQ aap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com