അറിയിക്കൽ ഒന്നാം ധർമം
Mail This Article
‘അറിയാത്തവർ അന്ധകാരത്തിൽ പ്രവേശിച്ചിരിക്കുന്നു. അറിയുന്നവർ കൂടുതൽ അന്ധകാരത്തിൽ പ്രവേശിച്ചിരിക്കുന്നു’ എന്നൊരു ഉപനിഷദ് വാക്യമുണ്ട്.. (ഈശാവാസ്യോപനിഷത്ത്)
അറിയാൻ തുടങ്ങുന്നതോടെ അറിയില്ലാത്തതിനെക്കുറിച്ചുള്ള ബോധം ഏറും എന്നാണതിലെ താൽപര്യം എന്നു പറയാം. അറിയാത്തവയെ പിന്നെയും പിന്നെയും തേടി അറിഞ്ഞുകൊണ്ടിരിക്കുന്നവരാണു മനുഷ്യർ. അറിഞ്ഞുകൊണ്ടേയിരിക്കുന്നത് നിലനിൽപ്പിനായുള്ള ശേഷി അവർക്കു കൂട്ടും. ശേഷിയുള്ളതാണു ശേഷിക്കുക.
അറിയാനുള്ളതാണ് എല്ലാ ജീവികൾക്കും കമ്യൂണിക്കേഷൻ ശേഷി. അറിയിക്കാനും. ഓരോ ആശയവിനിമയത്തിലും നമ്മൾ ഓരോന്ന് അറിയുന്നു. ഓരോരോ വിവരങ്ങൾ (Information) നമുക്ക് അതിലൂടെയെല്ലാം കിട്ടുന്നു. കിട്ടുന്ന എല്ലാ വിവരവും നമ്മുടെ ഉള്ളിലടിഞ്ഞ് ഈടുവയ്പായി കിടക്കും.
മാധ്യമങ്ങൾ അറിവു നേടാനുള്ള ഒരു വഴിയാണു നമുക്ക്. ജേണലിസത്തിന്റെ ഒന്നാമത്തെ ധർമവും അതായിക്കാണാം.– അറിവു നൽകൽ. സ്വാർഥതയും അതിനെ തുടർന്നുവരുന്ന ദോഷങ്ങളും സ്വാധീനിക്കുന്നില്ലെങ്കിൽ മനുഷ്യനു മുന്നോട്ടു പോകാൻ ശുദ്ധമായ അറിവല്ലാതെ ഒന്നും വേണ്ട. ധാർമികത പോലും അവിടെ നിലനിൽപ്പില്ലാത്തൊരു സംഗതിയാകും. ദുഷ്ടമായ വിചാരങ്ങൾ ഉണ്ടാകുന്നതോടെയേ നമുക്ക് ധാർമികതയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളല്ലോ– നമ്മളെത്തന്നെ നിയന്ത്രിക്കാൻ.
അറിയുന്നത് എന്തിനാണ് ?
അറിവ് നിലനിൽപ്പിന്റെ വലിയൊരു ആധാരമാണ്. അറിഞ്ഞറിഞ്ഞാണ് ഇന്നത്തെ മനുഷ്യൻ ഈ നിലയിലെത്തിയത്. അവന്റെ പരിണാമപാതയിലെ വിപ്ലവങ്ങളിലൊന്ന് അറിവിന്റെ വിപ്ലവമാണ്. പ്രഫ. ഹരാരി Cognitive Revolution ( പ്രഫ. യുവാൽ നോഹ ഹരാരി. സേപ്പിയൻസ് – എ ബ്രീഫ് ഹിസ്റ്ററി ഓഫ് മാൻകൈൻഡ് ) എന്നു വിളിക്കുന്ന സംഗതി. അറിവിനെ അറിയുന്നതും അതുകൊണ്ട് അപഗ്രഥനം നടത്തി ധാരണകളും നിശ്ചയങ്ങളും രൂപപ്പെടുത്തന്നതും അടങ്ങുന്ന പ്രക്രിയയാണല്ലോ കോഗ്‌നിഷൻ. അറിയുമ്പോൾ കൂടുതൽ അന്ധകാരം ചുറ്റുമുണ്ടെന്നു മനസ്സിലാകുന്നത് അതുള്ളതുകൊണ്ടാണ്. ‘എനിക്കറിയാം, നീ പറയേണ്ട’ എന്നൊരാൾ പറയുന്നത് ഒരു കോഗ്‌നിറ്റിവ് ബോധ്യത്തിൽ നിന്നാണ്. ആദിമമനുഷ്യനിൽ ഇങ്ങനെയൊരു മസ്തിഷ്ക വിപ്ളവം നടക്കുന്നതിനും മുൻപേ അറിയൽ അവനിൽ ഉൾച്ചേർന്നിരുന്ന ഒരു സഹജവാസന (Instinct) ആണ്. അറിയാനുള്ള ത്വര അവനിൽ അന്തർലീനമാണ്.
ഉണ്ണാനുള്ളത് എവിടെ കിട്ടും എന്നതാണ് നിലനിൽപിന് ആവശ്യമായ ആദ്യത്തെ അറിവ്. അതു മനുഷ്യനു മാത്രമല്ല മറ്റു ജീവികൾക്കും അങ്ങനെയാണ്. പിറന്നു വീഴുന്ന കിടാങ്ങള്‍ ഏതും കൃത്യമായി മുലച്ചുണ്ട് തേടിയെത്തും. ആ അറിവ് തലച്ചോറിൽ മുൻപേ സ്ഥാപിക്കപ്പെട്ടതാണ്. മനുഷ്യന്റെ കുഞ്ഞിനും അതറിയാം. പക്ഷേ മനുഷ്യൻ പൂർണവളർച്ചെയെത്താതെ പിറക്കുന്ന ഒരു ജീവിയായതു കൊണ്ട് അമ്മമാർ മുല അങ്ങോട്ടു കൊണ്ടു ചെല്ലണം. കരഞ്ഞാൽ അതിങ്ങോട്ടുവരും എന്നതു പക്ഷേ മനുഷ്യക്കുഞ്ഞിനറിയാം.
വളരുന്നതോടെ നമുക്ക് പിന്നെയും പിന്നെയും ഒരുപാടുകാര്യങ്ങൾ അറിയാനുണ്ട്. മരിക്കുവോളം. കൊച്ചു കൊച്ചു വിവരങ്ങൾ മുതലുള്ളവ. ഒരുദിവസം നമ്മളിൽ എത്തിച്ചേരുന്ന വിവരങ്ങൾ (Information) എത്രമാത്രമാണ്! ഒന്നും അറിയാത്ത ഒരു ദിവസം നമ്മെ അസ്വസ്ഥമാക്കും. ഒന്നും അറിയാതിരിക്കൽ ഭീതി ഉളവാക്കും. അറിവ് സുരക്ഷിതത്വമാണ്. അതിജീവനത്തിന് അത് ആവശ്യമാണ്. അതുകൊണ്ടാണ് മനുഷ്യനിൽ അറിവിനായുള്ള ദാഹം (Thirst for Knowledge) ജന്മനാ തന്നെ ഉള്ളത്. കുഞ്ഞുങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമല്ലോ. അറിവുതേടൽ മനുഷ്യന്റെ ഉള്ളിലുള്ള അവബോധോൻമുഖ വാസന (Instinct of Awareness) യുടെ പൂർത്തീകരണ പ്രക്രിയയാണ്. (അറിവിനായുള്ള വിശപ്പ് –hunger for knowledge– എന്നും പ്രയോഗമുണ്ട്. നമ്മുടെ സങ്കൽപ്പങ്ങളിൽ ദാഹമാണു മുന്നേ.)
ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ മുഖ്യമായ വാഞ്ഛ അറിയലിനു വേണ്ടിയാകും. കൈപ്പത്തി വെട്ടി മാറ്റപ്പെട്ട പ്രഫ. ടി. ജെ. ജോസഫ് താൻ റിമാൻഡ് പ്രതിയായി ജയിലിൽ കഴിയുന്ന വേളയിൽ ജയിലിലെ സെല്ലിൽ കിടക്കുന്നവർ പത്രമെത്തുമ്പോൾ കാട്ടുന്ന തത്രപ്പാട് പറയുന്നുണ്ട്. ‘‘ഏകദേശം പന്ത്രണ്ടു മണി ആയിക്കാണും. പുറം ലോകത്തെ വാർത്തകളമായി ഞങ്ങളുടെ സെല്ലിലും ഒരു പത്രം എത്തി. പത്രത്തിന്റെ ഓരോ ഷീറ്റും ഓരോരുത്തർ എടുത്തു. കിട്ടാത്തവർ എത്തിനോക്കിയും മറുവശം വായിക്കാൻ തത്രപ്പെട്ടും തങ്ങളെ വേണ്ടാത്ത ലോകത്തിന്റെ വാർത്തകളറിയാൻ വ്യഗ്രതയുള്ളവരായി. വായിക്കാനറിയാത്ത ജബ്ബാറും പത്രവാർത്തകളിൽ കമ്പക്കാരനാണ്. അയാൾക്കു കിട്ടിയ ഷീറ്റ് കിട്ടാത്തവനായ ഒരു പുള്ളിയെക്കൊണ്ട് ഉറക്കെ വായിപ്പിച്ച് കേട്ടുകൊണ്ടിരിക്കുന്നു.’’(അറ്റുപോകാത്ത ഓർമകൾ: പ്രഫ. ടി.ജെ.ജോസഫ്)
ഇതാണ് അറിവിനായുള്ള ആ ദാഹം. അറിയുന്നത് ആത്‌മവിശ്വാസം തരുന്നു. സുരക്ഷാബോധം തരുന്നു. അനുഭവ പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽമേൽ നമുക്ക് ഒരു പരിധിവരെയെങ്കിലും നിയന്ത്രണം നൽകുന്നു. അകലെയുള്ള കാര്യങ്ങൾ അറിഞ്ഞാണ് പലപ്പോഴും ഇവിടെ എന്തു ചെയ്യണം എന്നു നാം തീരുമാനിക്കുന്നത്. അതു മാധ്യമങ്ങളിൽ നിന്നു കിട്ടും. പ്രകൃതിയുടെ ഭാവങ്ങൾ തന്നെ നമുക്ക് വിവരങ്ങൾ തരുന്നുണ്ട്. മഴ, കൊടുങ്കാറ്റ്, വേനൽ, വരൾച്ച ഇവയൊക്കെ സംബന്ധിച്ച വിവരങ്ങൾ. അതനുസരിച്ച് മനുഷ്യൻ കാര്യങ്ങൾ ക്രമീകരിച്ചിട്ടുമുണ്ട്. ഇന്ന് അതിൽ പലതിനും നാം ടെക്നോളജിയെ പ്രയോജനപ്പെടുത്തുന്നു. ടെക്നോളജി നമ്മുടെ കഴിവുകളുടെ നീൾച്ച (extension) ആണ്.
ബൈബിളിലെ നോഹ പ്രളയത്തെ നേരിടാൻ പെട്ടകമുണ്ടാക്കിയ കഥ എല്ലാവർക്കുമറിയാം. ആണും പെണ്ണുമായി എല്ലാ ജീവജാലങ്ങളെയും പെട്ടകത്തിൽ നോഹ പോറ്റി. പത്തോളം മാസങ്ങൾക്കു ശേഷം മഴ കുറഞ്ഞതു നോഹ അറിഞ്ഞു. പക്ഷേ വെള്ളം കുറഞ്ഞോ എന്ന് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ല. തൊട്ടടുത്തുള്ള കാര്യമല്ല. അകലെ, കുറെ അകലെ, ആ മലയ്ക്കപ്പുറം?
നോഹ ഒരു കാക്കയെ പുറത്ത് വിട്ടു. അതു വന്നും പോയുമിരുന്നു. ഒന്നുമുറപ്പിക്കാനായില്ല. രണ്ടു ദിവസം കാത്തിട്ട് നോഹ ഒരു പ്രാവിനെ പറത്തിവിട്ടു. അത് തിരികെ വന്നു. വന്നപ്പോൾ ഒലിവുമരത്തിന്റെ ഒരു ഇല കൂടി കൊത്തിക്കൊണ്ടുവന്നിരുന്നു. അതു വലിയൊരറിവായിരുന്നു. തന്റെ കാഴ്ചയ്ക്കുമപ്പുറം എവിടെയോ മരങ്ങൾ പ്രളയത്തിനു പുറത്തെയിരിക്കുന്നു. അവ തളിർത്തിരിക്കുന്നു. ആ അറിവോടെയാണ് നോഹ അടുത്ത നടപടികളിലേക്ക് കടക്കുന്നത്. പ്രളയ പുനരധിവാസ നടപടികൾ. അതേ, അറിയുന്നതിന്റെ തുടർച്ചയായാണ് നാം ഒാരോന്നും ചെയ്യുക.
നമ്മുടെ അനുഭവപരിധിക്കപ്പുറത്തും ഉള്ള കാര്യങ്ങൾ അറിയാൻ നമുക്കുള്ള ഉപാധിയാണ് മാധ്യമങ്ങൾ. ‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’ എന്ന് ഒരാൾ പറയുമ്പോൾ അതു സങ്കടത്തിലാണ്. മുഴുവൻ ലോകത്തിൽ നിന്നും ഒറ്റപ്പെട്ടു പോയതിന്റെ സങ്കടം. ഈ സങ്കടത്തിന്റെ നിവൃത്തിയാണ് വാർത്തയിലൂടെ നാം സാധിക്കുന്നത്. എന്താണ് ചുറ്റും നടന്നത്, നടക്കുന്നത്, നടക്കാനിരിക്കുന്നത് എന്ന അറിവ്. ഈ അറിവിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ തീരുമാനങ്ങൾ.
ഓർത്തു നോക്കുക : വിദ്യാഭ്യാസം, വീടുവയ്ക്കൽ, വണ്ടി വാങ്ങൽ, ആരോഗ്യ പരിശോധന, ജോലി സ്വീകരിക്കൽ, വിവാഹം തുടങ്ങി ഒട്ടു സ്ഥായിയായ കാര്യങ്ങൾ മുതൽ യാത്ര മാറ്റിവയ്ക്കൽ, സിനിമ കാണൽ, പുതിയ സാരി വാങ്ങൽ, പുറത്ത് ഇന്നത്തെ ആഹാരം കഴിക്കൽ, വിൽപന മേളയ്ക്കു പോകൽ ആദിയായ അങ്ങനെയിങ്ങനെ സംഗതികൾ വരെ തീരുമാനിക്കാൻ മാധ്യമങ്ങളിലൂടെ വന്ന വിവരം നമുക്കു തുണയായിട്ടുണ്ടാകും. തിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണം എന്നതു തീരുമാനിക്കാനും മാധ്യമങ്ങളിലെ വിവരങ്ങളെ നാം ആശ്രയിച്ചിട്ടുണ്ടാകും.
തീരുമാനങ്ങള്‍ നന്നായിരുന്നോ ? ചിലതു പാളിയോ ? പാളിയെങ്കിൽ നമുക്കറിയാം, അത് അറിഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയല്ലാതിരുന്നതു കൊണ്ടാണ്. മാധ്യമങ്ങളിലൂടെ പകർന്നു കിട്ടുന്ന വിവരങ്ങൾ ശരിയായിരിക്കണം, സത്യമായിരിക്കണം എന്ന് ആരും ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. പിഴവുകൾ പറ്റാതിരിക്കാൻ. തെറ്റായ അറിവുകൾ ആരെയും തെറ്റായ വഴിയിലേക്കേ കൊണ്ടുപോകൂ. സമൂഹത്തെയും. മാധ്യമങ്ങളുടെ പിഴവുകൾ സമൂഹത്തെ വലിയ പിഴവുകളിലേക്കു വീഴ്ത്തും. അതുകൊണ്ട് അറിവ് ശരിയായിട്ടുള്ളതാവണം. അതിനാലാണ് അറിവ് ശരിയായി മാത്രം ജനങ്ങളിലെത്താൻ ശരിയായ ജേണലിസം അതിനുള്ള വഴികൾ രൂപപ്പെടുത്തിയിട്ടുള്ളത്.
വിവര പ്രളയത്തിന്റെ (Information deluge) കാലമാണിത്. ഇടതടവില്ലാതെ വിവരങ്ങൾ ആളുകൾ പരസ്പരം കൈമാറുന്നു. അറിഞ്ഞും അറിയാതെയും. അങ്ങനെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് കമ്യൂണിക്കേഷൻ. ആളുകൾക്കിടയിൽ നിരന്തരം കമ്യൂണിക്കേഷൻ നടക്കുന്നു. പുതുതായൊരു വിവരത്തെ വഹിക്കുന്ന കമ്യൂണിക്കേഷനാണ് വാർത്ത (News). പുറത്തെ ലോകത്തു നടക്കുന്ന സംഭവങ്ങളെ, പ്രശ്നങ്ങളെ, അവിടെ പുതുമകളുമായി പ്രത്യക്ഷപ്പെടുന്ന ആളുകളെ, ഒക്കെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന കമ്യൂണിക്കേഷൻ. ഇതിൽ ഓരോന്നിലും കിട്ടുന്ന വിവരങ്ങൾ വച്ച് കോഗ്‍നിറ്റീവ് (ഗ്രഹണ– അപഗ്രഥന) ശേഷിയുള്ള മനുഷ്യർ തങ്ങളുടെ ജീവിതത്തെ, തീരുമാനത്തെ, പ്രവൃത്തികളെ ഒക്കെ നിശ്ചയിക്കുന്നു. മാറ്റുന്നു.
അറിവുകൾ ഇത്തരത്തിൽ വ്യക്തികളെ മാത്രമല്ല സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും സ്വാധീനിക്കും. ഈ സാധ്യതയിൽ നിന്ന് ജേണലിസം ഉണ്ടാകുന്നു. വാർത്തയുടെ പങ്കുവയ്ക്കൽ മെച്ചപ്പെട്ട സാമൂഹിക തീരുമാനങ്ങൾ സാധ്യമാക്കുന്ന പൊതുബോധങ്ങൾ സൃഷ്ടിക്കും. ഭരണാധികാരികൾ പണ്ടേ ജനങ്ങൾക്കിടയിൽ ഐക്യബോധം രൂപപ്പെടുത്താൻ വാർത്തകൾ ഉപയോഗപ്പെടുത്തിയതായി ചരിത്ര സൂചനകളുണ്ട്. ചിലർ പേടിപ്പിച്ചു നിർത്താനാണ് വാർത്തകൾ ഉപയോഗിച്ചത്. ഇന്നും സംഭവിക്കാവുന്ന കാര്യം.
സമൂഹങ്ങൾ ജനാധിപത്യത്തിലേക്കു ചുവടുവച്ചപ്പോൾ വാർത്തകളുടെ, വിവരങ്ങളുടെ പങ്കുവയ്ക്കൽ കൂടുതലായി സംഭവിക്കാൻ തുടങ്ങി. ജനാധിപത്യത്തിനു പിള്ളത്തൊട്ടിലായ പുരാതന ഗ്രീസിൽ ജനജീവിതത്തിൽ പ്രധാനമാകാവുന്ന സംഭവവികാസങ്ങളൊക്കെ അങ്ങാടിയിൽ വിളിച്ചുപറയുന്ന രീതിയുണ്ടായിരുന്നു. ഏതൻസിലായിരുന്നു തുടക്കം. റോമാക്കാർ സെനറ്റിലെ (ജനപ്രതിനിധിസഭ) നടപടിക്രമങ്ങളും ജനജീവിതത്തിനു പ്രധാനമായ മറ്റു സംഗതികളും പേപ്പിറസ് ചുരുളിൽ എഴുതിയുണ്ടാക്കി പൊതുസ്ഥലങ്ങളിൽ പതിച്ചിരുന്നു. ആക്ട ഡയൂണ (acta diurna) എന്ന ആ ചുവർപ്പതിപ്പുകളാകാം ആദ്യത്തെ പത്രങ്ങൾ. പുരാതന ഇന്ത്യയിൽ രാജാക്കൻമാർ പുതുതായുണ്ടാക്കുന്ന നിയമങ്ങളും പ്രജകളിൽ ആർക്കെങ്കിലും എതിരെ ഉണ്ടാകുന്ന നടപടികളും ക്ഷേത്രച്ചുമരുകളിലും ശിലാഫലകങ്ങളിലും സ്തൂപങ്ങളിലും ഒക്കെ രേഖപ്പെടുത്തിയിരുന്നു. ചെണ്ടകൊട്ടി ആളെ ആകർഷിച്ചു വിളിച്ചുപറയുന്ന പതിവും ഉണ്ടായിരുന്നു. ചൈനയിലും സമാന നടപടികൾഉണ്ടായിരുന്നതായി സൂചനയുണ്ട്. അറിവ് ( അല്ലെങ്കിൽ വിവരം) ജനങ്ങളിലെത്തിക്കുക എന്ന ധർമമാണ് ഇതൊക്കെയും നിർവഹിച്ചിരുന്നത്.
ശേഷം ഇതിനൊന്നും ക്രമാനുഗതമായ വളർച്ച ഉണ്ടായതായി തെളിവൊന്നുമില്ല. യൂറോപ്പിലെ സ്ഥിതിയെങ്കിലും ദീർഘമായ മധ്യകാലഘട്ടങ്ങളിൽ (AD അഞ്ചാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ) സേച്ഛാധിപത്യ ഭരണങ്ങൾ കൂടുതൽ ശക്തമായതുവഴി ഇത്തരം വാർത്താവിനിമയങ്ങൾ ഇല്ലാതാവുന്ന തരത്തിലായിരുന്നു.
പക്ഷേ, അതങ്ങനെ തടഞ്ഞു നിർത്താൻ പറ്റില്ല. മനുഷ്യർ എന്ന ജീവി വർഗം (Species) അറിവിന്റെ വിപ്ലവത്തിലൂടെയാണല്ലോ ഭൂമിയുടെ 'അധിപതികൾ’ ആയത്. അറിവിനെ വിനിമയം ചെയ്യാൻ അവർക്കു ഭാഷയും കൈവന്നു. (അതെങ്ങനെ കൈവന്നു എന്നു ചോദിച്ചാൽ ഒരു ഉൽപരിവർത്തനം – mutation- വഴി സംഭവിച്ചു എന്നേ പറയാനാകൂ). സമൂഹങ്ങളുടെ രൂപവൽക്കരണത്തിനും സഹകരണത്തിന്റെ മാർഗങ്ങൾക്കും ഭാഷ മനുഷ്യർക്ക് ഉപയോഗപ്പെട്ടു.
ഭാഷയിലുടെ ആദിമ മനുഷ്യൻ സവിശേഷമായി എന്താണ് കമ്യൂണിക്കേറ്റ് ചെയ്തത്? മറ്റു മനുഷ്യരുടെ കാര്യങ്ങൾതന്നെ. ഇന്നു നമ്മൾ ഒരു പക്ഷേ പരദൂഷണം (Gossip) എന്നു പറയുന്ന കാര്യങ്ങൾ. മനുഷ്യരിൽ സാമൂഹിക താൽപര്യം ഒരു അടിസ്ഥാന ഗുണവിശേഷമായി വളർത്തിയെടുക്കുന്നതിൽ ഈ 'കുന്നായ്മ' പറച്ചിലിന് വലിയ പങ്കുണ്ട് എന്നാണ് പരിണാമഗവേഷണങ്ങൾ പറയുന്നത്. പരിണാമഗതിയിൽ കൈവരിച്ചതായതുകൊണ്ടു തന്നെ മനുഷ്യർ എവിടെ കൂടിയാലും ഇത്തരം കുന്നായ്മ പറച്ചിൽ ഇന്നും തുടരുന്നു. ആരുടെയെങ്കിലും തെറ്റുകുറ്റങ്ങളാണ് അപവചനങ്ങളായി പരക്കുക. അത്തരം തെറ്റുകുറ്റം പറച്ചിലിനെ ആദ്യത്തെ മാധ്യമപ്രവർത്തനമായി കാണാം എന്നുംകൂടി പ്രഫ. ഹരാരി പറയുന്നു (സേപ്പിയൻസ്). ആ പറച്ചിൽ കൂട്ടത്തിലെ തരികിടകളെയും തട്ടിപ്പുകാരെയും അവരുടെ നീക്കങ്ങളെയും പറ്റി മറ്റുള്ളവർക്ക് അറിവുകൊടുത്തു. നമ്പാൻ പറ്റാത്തവരെ തിരിച്ചറിയുന്നത് സമൂഹത്തിന്റെ നിലനിൽപിനു വളരെ പ്രധാനമാണ്. നെഗറ്റീവ് കാര്യങ്ങൾ എന്തുകൊണ്ട് കൂടുതലായി വാർത്തകളാകുന്നു എന്നതിന് ഒരുത്തരവും ഇവിടെ കാണാം.
മധ്യകാല ഞെരുക്കത്തിനു ശേഷം വാർത്ത അറിയിക്കൽ പിന്നെയും മുളപൊട്ടിയ ഇടത്തു നിന്നാണ് ജേണലിസം ഇന്നത്തെ ആധുനിക രൂപത്തിലേക്ക് വളർന്നിട്ടുള്ളത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ പൊതു ഇടങ്ങളിൽ അറിവ് ചർച്ചചെയ്യപ്പെട്ടു. കോഫി ഹൗസുകൾ വാർത്തകൾ ചർച്ച ചെയ്യാൻ പ്രധാന ഇടങ്ങളായി. അക്കാലത്ത് പണ്ഡിതൻമാർ അത്തരം ഇടങ്ങളെപ്പറ്റി പരാതിപ്പെട്ടത്രെ: അവിടൊക്കെ വർത്തമാനം വാർത്തകളെയും ക്രിസ്തീയതയെയും കുറിച്ചു മാത്രമാണ്.
അതേ, അറിവ് (knowledge) എന്നതിന്റെ അഗാധമണ്ഡലങ്ങളും ഉത്തംഗശൃംഗങ്ങളും അനന്തമായങ്ങനെ നിന്നു ചർച്ച ചെയ്യുന്നതല്ല ജേണലിസത്തിൽ സംഭവിക്കുന്നത്. മറിച്ച് സാമാന്യജനത്തെ ബാധിക്കുന്ന ഏതേതു വിവരങ്ങളും അറിയിക്കുന്നതു സംഭവിക്കുന്നത് അപ്പപ്പോഴാണ്. അതു വിവരം അറിയിക്കലാണ് എന്നും പറയാം. അറിവ് എന്നാൽ മലയാളത്തിൽ വിവരം എന്നതിന്റെ പര്യായം കൂടിയാണ്. സംഭവിച്ചേടത്തോളമാണ് അറിയിക്കുന്നത്. അറിഞ്ഞിടത്തോളമാണ് അറിയിക്കുന്നത്. ഒന്നു മാത്രം ആഴത്തിൽ ചർച്ചചെയ്തുനിൽക്കാൻ അതിൽ ഇടമില്ല. അതു തിടുക്കത്തിലുള്ള സാഹിത്യവും വേഗത്തിലുള്ള ചരിത്രവുമാണ്. മറ്റൊന്നും ഓർക്കാം: സംഭവിച്ചതു പുറത്തറിയുംവരെ വാർത്തയാകുന്നില്ല. ( ഉദാ: കോഴിക്കോട് മുക്കത്തിനടുത്ത് മണാശേരിയിൽ ഒരു വീട്ടമ്മ കൊല്ലപ്പെട്ടത് 2016–ൽ. ആരും അതറിഞ്ഞില്ല. അവരുടെ മകനോടൊപ്പം അവരെ കൊല്ലാൻ കൂട്ടു നിന്ന യുവാവ് 2017ൽ കൊല്ലപ്പെട്ടു. ശരീരം കഷണങ്ങളാക്കി പലയിടത്തു കളഞ്ഞതിനാൽ ആളെ അറിഞ്ഞില്ല. 2020ജനുവരിയിൽ യുവാവിന്റെ വധക്കേസിൽ വീട്ടമ്മയുടെ മകൻ അറസ്റ്റിലായി. അതിൽ ചോദ്യം ചെയ്തപ്പോഴാണ് അമ്മയെയും കൊന്നതാണെന്ന വിവരം പുറത്തു വന്നതും വാർത്തയായതും. – 4 വർഷം കഴിഞ്ഞ്). അതിനാൽത്തന്നെ പുറത്തറിയിക്കാതെ കടുജാഗ്രതയോടെ മൂടിവയ്ക്കുന്നവയും ഉണ്ടാകാം. അതുകൊണ്ടാണ് വാർത്തയെക്കുറിച്ച് ഈ നിർവചനം ഉണ്ടായത്: ആരോ എവിടെയോ രഹസ്യമാക്കി വയ്ക്കാൻ താൽപര്യപ്പെടുന്ന സംഗതിയാണു വാർത്ത. മറ്റൊക്കെ പരസ്യങ്ങളാണ്.
മേൽപ്പറഞ്ഞ ‘കാപ്പിക്കട വർത്തമാനങ്ങൾ’ ജനങ്ങൾക്ക് അതീവ താൽപര്യ മുള്ളവയാണെന്നു മനസിലാക്കിയ അച്ചുകൂടം ഉടമകൾ അകലങ്ങളിൽ നിന്നു കപ്പലേറി വന്ന വിവരങ്ങളും കുന്നായ്മ വാർത്തകളും ഒക്കെ അച്ചടിച്ചു കാശാക്കാൻ തുടങ്ങി. ആളുകൾക്കതു വാങ്ങാതെ വയ്യ. മാധ്യമപ്രവർത്തനം സ്വന്തം വിലാസം നേടിത്തുടങ്ങുകയായി അവിടെ. ജനങ്ങൾക്ക് അറിയലിന്റെ ഒരു വിശാല പാത തുറന്നുകിട്ടുകയുമായി. സ്വതന്ത്ര മാധ്യമങ്ങൾ – Free Press.
അവിടം മുതൽ അറിവിന്റെ സ്വതന്ത്രവും ശീഘ്രവും വ്യാപകവുമായ വിനിമയം സംഭവിച്ചു. കരുതിക്കൂട്ടിയുള്ള അറിവിന്റെ നിഷേധിക്കൽ അവസാനിച്ചു. അറിവിൽ നിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാനാകാത്ത അവസ്ഥയുണ്ടായി. ഓരോ മനുഷ്യജീവിയെയും ശാക്തീകരിക്കുന്ന അറിവ്. അങ്ങനെ മുഴുവൻ സമൂഹത്തെയും ശാക്തീകരിക്കുന്ന അറിവ്. ജനാധിപത്യത്തെ ശാക്തീകരിക്കുന്ന അറിവ്. അതിനുള്ള ഉപാധിയാകുന്ന മാധ്യമങ്ങളെയാണ് 'Fourth Estate' (നാലാംതൂണ്) എന്ന് എഡ്മണ്ട് ബ്യൂർക്ക് (Edmund Burke) ആദ്യമായി വിളിച്ചത്. 1787 –ൽ ബ്രിട്ടീഷ് പാർലമെന്റിലെ ഒരു ചർച്ചയ്ക്കിടയിൽ. ആ അവസ്ഥയിലേക്കെത്താൻ ഏറെ അവഹേളനങ്ങളിലൂടെയും ആക്ഷേപക്കലുകളിലുടെയും കടന്നു പോകേണ്ടി വന്നിട്ടുണ്ട് മാധ്യമങ്ങൾക്ക്. അതു പുതുമയല്ല.
മാധ്യമങ്ങളിലേത് അറിവല്ല, വിവരങ്ങൾ (Information) മാത്രമാണ് എന്നു വാദമുണ്ട്. അത് അറിവും (knowledge) വിവരവും (information) രണ്ട് അർഥങ്ങളിലേക്കു മാറ്റിയുള്ള നിരീക്ഷണമാണ്. അങ്ങനെ കണക്കാക്കുമ്പോഴും വിവരങ്ങൾ എല്ലാം അറിവിലേക്കു വാതിൽ തുറക്കുന്നതാണ്. ‘ഇൻഫർമേഷൻ’ എന്നത് ഒരു നിത്യോപയോഗ വാക്ക് ആയതിനുശേഷം മാത്രം അങ്ങനെ ആയ മറ്റൊരു വാക്ക് കൂടി ഇതിനോട് ചേർന്ന് പരിഗണിക്കണം – ഡേറ്റ. പ്രപഞ്ചത്തിൽ അനന്തകോടി എണ്ണം ഡേറ്റ കേവല (Absolute) അവസ്ഥയിൽ കുടികൊള്ളുന്നു. അതിലേതെങ്കിലും സന്ദർഭാനുസാരിയായ പ്രസക്തി കൈവരിക്കുമ്പോൾ അത് ഇൻഫർമേഷൻ ആകും. ഇൻഫർമേഷൻ ഓരോ ആളുടെയും മനസ്സിൽ ശേഷിപ്പിക്കുന്ന അനുഭവവും ഒരുതരത്തിൽ ചിന്താഫലവും ആണ് അറിവ്. ആദ്യത്തേതു രണ്ടും എല്ലാവർക്കും ഒരുപോലെയാണ്. ഒടുവിലേത്തേത് ഓരോരുത്തർക്കും വ്യത്യസ്തവും. അഭിപ്രായ വ്യത്യാസങ്ങൾ അറിവിലെ വ്യത്യാസത്തിന്റെ ബാക്കിയായി വരുന്നതാണ്.
കേരളത്തിൽ ആകെ വീടുകൾ ഒരു ലക്ഷം എന്നത് ഡേറ്റ. നാം അറിയുന്നതോ അറിയാത്തതോ ആയ ഡേറ്റ. ഇതിൽ അരലക്ഷം വീടുകൾ വൈദ്യുതീകരിക്കുന്നു എന്നത് പ്രസക്തിയുള്ള ഒരു വിവരം (Information). ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ, വൈദ്യുതീകരിച്ച വീടുകളിലെ താമസക്കാർക്കു കൈവരുന്ന സൗകര്യങ്ങൾ അങ്ങനെയല്ലാത്ത വീടുകളിൽ പാർക്കുന്നവർക്ക് ഇല്ലാതിരിക്കുന്നതിലെ അന്തരം ഒരാളുടെ മനസ്സിൽ ശേഷിപ്പിക്കുന്ന ചിത്രം ഒരറിവാണ്. അതിൽ വിവേചനവും അന്യായവും ഉണ്ടെന്ന് മനസ്സിലാക്കുന്നത് അടുത്ത അറിവാണ്. എന്തുകൊണ്ട് പാതിപ്പേർക്ക് വൈദ്യുതി കിട്ടാതെപോയി എന്നതിന്റെ കാരണം തിരിച്ചറിയുന്നത് മറ്റൊരറിവാണ്.
അതേ, വിവരങ്ങൾ അറിവിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. മാധ്യമങ്ങൾ അതിലേക്കാണവരെ കൊണ്ടുപോകുന്നത്. വിവരം അറിയിക്കലും അറിവു പകരലും മലയാളത്തിലെ ‘അറിയിക്കൽ’ എന്നതിൽ ഉൾപ്പെടുന്നുണ്ട്.
കേരളത്തിലെ ആകെ കോവിഡ് ബാധിതരായവരുടെ വിവിധ ആരോഗ്യ സൂചനകൾ ഡേറ്റയാണ്. സൂചകങ്ങളുടെ നിരീക്ഷണത്തിൽ നിന്ന് 5000 പേർക്കാണ് കോവിഡ് ഉള്ളതും തുടർ പരിചരണം ആവശ്യമുള്ളതും എന്നു പറയുന്നത് ഇൻഫർമേഷൻ. ആ ഇൻഫർമേഷൻ ഒരു ഡോക്ടറിലും എൻജിനിയറിലും പൊതു പ്രവർത്തകനിലും ഉളവാക്കുന്ന ചിന്തകളും ആലോചനകളും വ്യത്യസ്തമാകും. ഒരു മനശ്ശാത്രജ്ഞനോ അധ്യാപികയോ മറ്റൊരു തരത്തിലും അവയുടെ അടിസ്ഥാനത്തിൽ സ്വന്തം ചിന്തയെകൊണ്ട് പോകുന്നുണ്ടാകാം. ഒരോരുത്തരും എത്തുന്ന് ധാരണകളും വ്യത്യസ്തമാകും. അതൊക്കെയും ഓരോ അറിവാണ്. അവ ഒന്നിക്കുമ്പോൾ ചർച്ചചെയ്യപ്പെടുമ്പോൾ അതു സമൂഹത്തിന്റെ മൊത്തം അറിവായി മാറും.
കോവിഡിന്റെ കാലത്ത് എല്ലാവരും സൂക്ഷിച്ചിരുന്ന അറിയാനുള്ളൊരു ദാഹം അതിനു വാക്സീന്‍ കണ്ടുപിടിക്കുന്നുണ്ടോ, മരുന്നു കണ്ടുപിടിക്കുന്നുണ്ടോ എന്നതാണ്. ഒരു മരുന്നു കണ്ടുപിടിച്ചു എന്നറിയുന്നത് അത്രത്തോളം അരക്ഷിതത്വത്തിൽ നിന്നു നമുക്ക് മോചനം തരുന്നു. ഒരു വാക്സീൻ കണ്ടെത്തി എന്ന വിവരം കിട്ടുമ്പോൾ നമുക്ക് കൂടുതൽ സുരക്ഷിതത്വം കൈവരുന്നു. അതോടെ ജീവിതത്തിന്റെ ഗതി തന്നെ മാറുകയാണ്. ഒാരോ മനുഷ്യ ജീവിക്കും മൊത്തം സമൂഹത്തിനും. കൂടുതൽ പേരിൽ അറിവ് എത്തുകയെന്നാൽ പൊതു നന്മയ്ക്കായി കൂടുതൽ പേർ പ്രവർത്തിക്കുക എന്നാണർഥം. മാധ്യമങ്ങൾ പരമാവധി ആളുകളിലെത്തുക, വസ്തുനിഷ്ഠമായ വിവരങ്ങളുമായി എത്തുക എന്നത് പ്രധാനമാകുന്നത് അതുകൊണ്ടാണ്. മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടിയും അതിലുണ്ട്.
ഉണ്ണാനുള്ളത് എവിടെകിട്ടും എന്നതാണ് നിലനിൽപ്പിന് ആവശ്യമായ ആദ്യത്തെ അറിവ് എന്നു മുൻപ് പറഞ്ഞല്ലോ. നൊബേൽ സമ്മാന ജേതാവും വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. അമർത്യ സെൻ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്, ജനാധിപത്യവും സ്വതന്ത്ര മാധ്യമങ്ങളും (free press) ഉള്ളയിടങ്ങളിൽ ക്ഷാമം ഉണ്ടാവുകയില്ലെന്ന്. 30 ലക്ഷം പേരെങ്കിലും മരിച്ച ബംഗാൾ ക്ഷാമത്തിന്റെ (Bengal Famine - 1943) പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ബ്രിട്ടീഷ് ഭരണത്തിൽ ജനാധിപത്യം ഇല്ലാതിരുന്നതും പത്രപ്രവർത്തനത്തിന് സ്വാതന്ത്ര്യം ഇല്ലാതിരുന്നതുമാണ് . അദ്ദേഹം പറയുന്നു; കുറച്ചു ശ്രമം ഉണ്ടെങ്കിൽ ക്ഷാമങ്ങളെ തടയാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പുകളെയും പ്രതിപക്ഷ കക്ഷികളിൽ നിന്നും സ്വതന്ത്രമാധ്യമങ്ങളിൽ നിന്നും വിമർശനങ്ങളെയും നേരിടേണ്ടി വരുന്ന ഏതൊരു ജനാധിപത്യ സർക്കാരിനും അതിനുള്ള ശ്രമങ്ങൾ ഒഴിവാക്കാനാകില്ല തന്നെ. (Amartya Sen - Democracy as a Universal Value).
സ്വതന്ത്രമെങ്കിൽ, ഭക്ഷണം എവിടെ ഉണ്ട് എന്ന അറിവ് (വിവരം) മാധ്യമങ്ങളിലൂടെ എത്തും. ഉള്ള ഭക്ഷണം പൂഴ്ത്തിവയ്ക്കപ്പെടുന്നതു തടയാനും അതുവഴി കഴിയും.
‘‘ലോകത്തെ ക്ഷാമങ്ങളുടെ ഘോര ചരിത്രത്തിലൊരിടത്തും താരതമ്യേന സ്വതന്ത്രമായ മാധ്യമങ്ങളുള്ള സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലൊന്നും കാര്യമായ ക്ഷാമങ്ങൾ ഉണ്ടായിട്ടില്ല’’ എന്നും അമർത്യ സെൻ പറഞ്ഞിട്ടുള്ളതും ഇതിനോടു ചേർത്തു കാണാം.
‘വിശക്കുന്ന മനുഷ്യാ, മാധ്യമം കയ്യിലെടുക്കൂ’ എന്നല്ലേ അദ്ദേഹം പറഞ്ഞത്.
English Summary: Web Column Vicharam Madhyamaparam - The responsibility of the media