ADVERTISEMENT

“കള്ളം ആരെങ്കിലും അച്ചടിക്കുമോ?” 

നൊബേൽ സമ്മാന ജേതാവ് ജോൺ സ്റ്റെയ്ൻബെക്കിന്റെ ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ’ (Grapes of Wrath) എന്ന വിഖ്യാത നോവലിലെ ഒരു പാവം കഥാപാത്രം ഉന്നയിച്ച ചോദ്യം ഇന്നും നമുക്കിടയിൽത്തന്നെയുണ്ട്.

 

അച്ചടിക്കുന്ന അക്ഷരങ്ങളുടെ പവിത്രത സംബന്ധിച്ച് സാമാന്യ ജനത്തിന്റെ മനസ്സിലെ ധാരണയാണ് കലിഫോർണിയയിൽ ഒരു പണിയും പിന്നത്തെ സുന്ദര ജീവിതവും സ്വപ്നം കണ്ട ആ പാവം തൊഴിലന്വേഷിയുടെ വാക്കുകളിലുള്ളത്. അച്ചടിച്ച ലഘുലേഖ പക്ഷേ അയാളെ കബളിപ്പിച്ചു. അതിൽ അച്ചടിച്ചിരിക്കുന്നതൊന്നും സത്യമല്ല എന്നു മുൻപേ പറഞ്ഞയാളോടാണ് അയാൾ നേരത്തേ ചോദിച്ചത്: “കള്ളം ആരെങ്കിലും അച്ചടിക്കുമോ?”

 

വാർത്തകൾക്കായി കണ്ണും കാതും തുറന്നിരിക്കുന്നവർക്ക് ശരിക്കും കിട്ടുന്നതെന്താണ്? സത്യം എത്രയാണു വാർത്തകളിൽ? സത്യവും വാർത്തയും തമ്മിൽ എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്? കേൾക്കുന്നതെല്ലാം സത്യമാകില്ലെന്നിരിക്കെ കേട്ടതു നമുക്കു വാർത്തയാകുന്നതെപ്പോഴാണ്?

 

പറഞ്ഞയാളുടെ വിശ്വാസ്യതയാണ് കേട്ട കാര്യത്തിന്റെ ഉറപ്പ്. വാർത്തകൾ ജനം വിശ്വസിക്കുന്നത് മാധ്യമങ്ങളിൽ അവർ വിശ്വാസ്യത കാണുന്നതുകൊണ്ടാണ്. കാലങ്ങളായി ഒരു മാധ്യമത്തിൽ കണ്ടതൊക്കെ വിശ്വസിക്കാവുന്നതായിരുന്നു എന്നതാണ് വിശ്വാസ്യത ഉറപ്പിക്കുന്നത്. വിശ്വസിക്കാവുന്നത് എന്നാൽ സത്യമായത് എന്നാണർഥം. സത്യമാണ് ജനം മാധ്യമങ്ങളിൽ പ്രതീക്ഷിക്കുന്നത്. മാസ് മീഡിയക്കുള്ളിൽത്തന്നെ ജനം ന്യൂസ് മീഡിയയെ വേറിട്ടുകാണുന്നുണ്ട്. അത് അവരുടെ അബോധ തലത്തിൽ എപ്പോഴുമുണ്ട്.

 

മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പക്ഷേ അത് ഉണ്ടാകേണ്ടത് ബോധതലത്തിലാണ് പ്രത്യേകിച്ചും വാർത്താ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്. സംഗതി ഇത്രയേ ഉള്ളൂ. മാധ്യമങ്ങളിൽ കൽപിതം (Fiction) ആകാം. വാർത്താ മാധ്യമങ്ങളിൽ അത് പറ്റില്ല. അവയിൽ വസ്തുത (Fact) മാത്രമേ പാടുള്ളൂ. പറയുന്ന കാര്യങ്ങൾക്ക് വസ്തുതകളുടെ പിൻബലം ഉറപ്പിക്കൽ ജേണലിസത്തിൽ പ്രധാനമാണ്. എന്നല്ല, അതു തന്നെയാണ് ഏറ്റവും പ്രധാനം. അറിഞ്ഞതൊക്കെ സത്യമോ എന്നുറപ്പാക്കിയിട്ടേ വാർത്താ മാധ്യമ പ്രവർത്തകന് അതു തന്റെ വായനക്കാരനോട്, അല്ലെങ്കിൽ കേൾവിക്കാരനോട് പറയാൻ കഴിയൂ. സത്യമാകാനുള്ള എല്ലാ സാഹചര്യങ്ങളെങ്കിലും ഉറപ്പാക്കണം. എങ്ങനെയാണുറപ്പാക്കുക? സ്വയം കാര്യങ്ങൾ അറിഞ്ഞ് അഥവാ അന്വേഷിച്ചു ബോധ്യപ്പെടുന്ന പ്രതിശോധനം (Verification) തന്നെയാണ് അതിന്റെ വഴി.

 

രാമു ഒരു കാര്യം പറഞ്ഞു എന്ന് സോമു, ബാബുവിനോടു പറയുന്നു. രാമു അങ്ങനെ പറഞ്ഞത് ബാബു നേരിൽ കേട്ടിട്ടില്ല. പറഞ്ഞെന്നു സോമു പറഞ്ഞത് വേണമെങ്കിൽ ബാബുവിനു വിശ്വസിക്കാം. എന്നിട്ട് അതേപോലെ ശ്യാമുവിനോട് പറയാം. പക്ഷേ പറയും മുൻപ് ഒരു ശങ്ക. സോമു പറഞ്ഞതു പൂർണമായും സത്യമല്ലെങ്കിലോ. രാമുവിനോടു നേരിട്ടു ചോദിച്ചുകളയാം. ഈ ചോദിക്കലാണ് ‘വെരിഫിക്കേഷൻ’ (പ്രതിശോധനം). അങ്ങനെ ചോദിച്ചപ്പോൾ സോമു പറഞ്ഞതു മുഴുവൻ സത്യമല്ല! താൻ ശരിക്കും പറഞ്ഞതെന്താണ് എന്ന് രാമു ബാബുവിനോട് വിശദീകരിച്ചു. ഇതിനിടെ സോമു ബാബുവിനോടു പറഞ്ഞപോലെ തന്നെ കാര്യങ്ങൾ ശ്യാമുവിനോടും പറഞ്ഞുകഴിഞ്ഞിരുന്നു. സോമു അങ്ങനെയാണ്. കേട്ടതു പറയും. സത്യമോ എന്ന അന്വേഷണമൊന്നുമില്ല. കേട്ടതും ശ്യാമു, ബാബുവിനെ തേടി വന്നു പറഞ്ഞു: ‘അറിഞ്ഞോ നമ്മുടെ രാമു പറഞ്ഞ കാര്യം?’ 

“എന്താണ്?’’

സോമുവിൽ നിന്ന് കേട്ട കാര്യങ്ങൾ ശ്യാമു, ബാബുവിനോടു പറഞ്ഞു.

“ ഈ കേട്ടതു ശരിയല്ല”

“അതു നിനക്കെങ്ങനെ അറിയാം ”

“ഞാൻ രാമുവിനോടു നേരിട്ടു ചോദിച്ചു.’’

എന്നിട്ടു രാമുവിൽനിന്നു നേരിട്ടറിഞ്ഞ കാര്യം ബാബു ശ്യാമുവിനു പറഞ്ഞുകൊടുത്തു. 

 

അവിടെ ബാബു വിശ്വാസ്യതയുള്ള ഒരു വാർത്താ മാധ്യമപ്രവർത്തകനായി മാറി. കാരണം ബാബു കേട്ടകാര്യം ‘വെരിഫൈ’ ചെയ്തു. സത്യവും വസ്തുതകളും ഉറപ്പാക്കാൻ നടത്തുന്ന ഈ പ്രതിശോധനം ആണ് വാർത്താമാധ്യമങ്ങളെ (News Media) മറ്റു പൊതുമാധ്യമങ്ങളിൽ (mass media) നിന്നു വേർതിരിച്ചു നിർത്തുന്നത്.

 

“ In the end, a discipline of Verification is what separates journalism from other fields of communication" (Bill Kovach, Tom Rosenstiel: The Elements of Journalism )

The other fields of communication എന്നതിൽ എന്തെല്ലാം?

––– entertainment, propaganda, fiction, or art.

 

ഉവ്വ്, പ്രതിശോധനം ‘ജേണലിസത്തെ’ ‘മറ്റു കമ്യൂണിക്കേഷൻ’ രീതികളിൽ നിന്നു വേർതിരിക്കുന്നു എന്നു തന്നെ പറയണം. കാരണം, ഒരു വാർത്താ മാധ്യമത്തിൽത്തന്നെ പ്രതിശോധനത്തിലൂടെ കടന്നു വരേണ്ടതില്ലാത്ത കാര്യങ്ങളും പ്രത്യക്ഷപ്പെടാം. ഉദാ: വർത്തമാനപ്പത്രത്തിൽ പ്രത്യക്ഷപ്പെടുന്ന നർമപംക്തി.. വാർത്താചാനലിലെ രാഷ്ട്രീയ വിമർശന ഹാസ്യ പംക്തി. അവയിൽ സത്യങ്ങൾ ഇല്ലെന്നല്ല, പക്ഷേ, കൽപിതവും (Fiction) ചേർത്തിട്ടുണ്ടാകും. സത്യം അറിഞ്ഞു കൊണ്ടിരിക്കുന്നതിലെ ‘പരിക്ഷീണത’യ്ക്ക് ഒരയവു (relief) നൽകാനാണ് വാർത്താമാധ്യമങ്ങൾ അവയെ ഉൾപ്പെടുത്തുന്നത്. അവ പൂർണമായും ജേണലിസമാകുന്നില്ല. ജേണലിസം ആളുകൾക്ക് വാർത്ത ലഭ്യമാക്കുന്ന സംവിധാനമാണ്. വാർത്തയെ വിശദീകരിച്ചുള്ള വിശകലനങ്ങൾ കൂടി അതിലുൾപ്പെടും. അവയിൽ കൽപിതമില്ല.

 

കൽപിതമല്ലത്തത് എന്താണ്?

 

ബിസി അഞ്ചാം നൂറ്റാണ്ടിൽ നടന്ന പെലോപ്പനീഷ്യൻ യുദ്ധത്തിന്റെ വസ്തുതാ വിവരണങ്ങളെഴുതിയ ത്യൂസിഡിഡീസ് (Thucydides ) അതിനുള്ള മുഖവുരയിൽ അന്നു കുറിച്ചത് നാം ഇന്നും സൂക്ഷ്മമായി ശ്രദ്ധിക്കണം.

 

‘‘ആദ്യം കേൾക്കുന്നത് അപ്പടി എഴുതുകയില്ലെന്നത് ഒരു നിലപാടായിത്തന്നെ ഞാൻ തീരുമാനിച്ചു. എനിക്കുള്ള പൊതുധാരണകളാൽ നയിക്കപ്പെടില്ല എന്നും. ഞാൻ വിവരിക്കുന്ന സംഭവങ്ങൾക്ക് ഒന്നുകിൽ ഞാൻ തന്നെ സാക്ഷിയാകണം. അതല്ലെങ്കിൽ അവ ദൃക്സാക്ഷികളിൽ നിന്നു കേട്ടിട്ട് നിഷ്കൃഷ്ടമായി മറുപരിശോധനയിലൂടെ (Cross Checking) ഉറപ്പാക്കിയതാകണം. ഇതൊക്കെ ആയാലും സത്യം കണ്ടെത്തുക എളുപ്പമല്ല. ഒരേ സംഭവത്തെക്കുറിച്ച് പല ദൃക്സാക്ഷികൾ പല തരത്തിലാകും പറയുക. അത് അവരുടെ പക്ഷപാതം കൊണ്ടാവാം. ഓർമയുടെ ന്യൂനത കൊണ്ടുമാകാം.’’

 

സ്വന്തം പക്ഷപാതം കൊണ്ടോ മറ്റുള്ളവരുടെ പക്ഷപാതം കൊണ്ടോ സ്വന്തം മുൻവിധി കൊണ്ടോ മറ്റുള്ളവരുടെ പാളിച്ചകൾ കൊണ്ടോ ഒന്നും ക്ഷതം തട്ടാത്ത പൂർണവസ്തുതകളേ കൽപിതമല്ലാതാകൂ. അകൽപിതം (Non fiction) അവതരിപ്പിക്കുന്നത് അയത്നസാധ്യമല്ല.. ഒരു ചോദ്യം വന്നാൽ അതിന് കൃത്യമായ സമാധാനം പറഞ്ഞേ മതിയാകൂ.

 

വാർത്തകളെ സംബന്ധിച്ചു കേസ് ഉണ്ടായിട്ട് അതിനു കോടതിയിൽ സമർപ്പിക്കേണ്ട വിശദീകരണം എഴുതിയിട്ടുള്ള മാധ്യമപ്രവർത്തകർക്ക് ഇതു വേഗം മനസ്സിലാകും. 

 

ത്യൂസിഡിഡീസിന്റെ പ്രസ്താവം വിരൽ ചൂണ്ടുന്നത് വസ്തുനിഷ്ഠത (Objectivity) യിലേക്കും അതുറപ്പാക്കൻ വേണ്ടിവരുന്ന ശ്രമങ്ങളിലേക്കുമാണ്. ഏതു മനുഷ്യനാണ് പൂർണമായും വസ്തുനിഷ്ഠത പുലർത്താനാകുക.? ആത്മനിഷ്ഠത (Subjectivity) യെ മറികടന്ന് എങ്ങനെയാണ് വസ്തുനിഷ്ഠതയിൽ എത്താനും അതിൽ ഉറച്ചു നില്‍ക്കാനും പറ്റുക? ആത്മനിഷ്ഠത ഒരാൾക്ക് സ്വന്തം മുൻവിധികളും പരിശീലനങ്ങളും ധാരണകളും കൊണ്ടു രൂപപ്പെടുന്നതാണ്. അതിനെ മറികടക്കുക എളുപ്പമല്ല. അതു സാധിക്കുന്നതിനൊപ്പം തന്നെ വസ്തു നിഷ്ഠതയിലെത്താൻ സാമൂഹിക ബഹളങ്ങളിൽ (Social Noise) നിന്ന് വസ്തുതകളെ കണ്ടെത്തി ബോധ്യപ്പെടുകയും ചെയ്യണം. വാർത്ത വാർത്തയാകാൻ. അങ്ങനെ കൈവരിക്കുന്നതെന്നു കരുതുന്ന വസ്തുനിഷ്ഠത സമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. അതും എളുപ്പമല്ല. കാരണം മുൻപേ പറഞ്ഞ ‘സാമൂഹിക ബഹളം’ ഒരുപാട് ആത്മനിഷ്ഠതകളുടെ ഒച്ചയുയർത്തലിൽ നിന്നുണ്ടാകുന്നതാണ്. ആ ഓരോ ആത്മനിഷ്ഠതയെയും വാർത്തയുടെ വസ്തുനിഷ്ഠത മറികടക്കണം. (അതായത് അവർക്കെല്ലാം അതു ബോധ്യപ്പെടണം..) മറികടന്നിട്ടല്ലാതെ മാധ്യമത്തിന് വിശ്വാസ്യത (Credibility) യിൽ എത്താനാകില്ല. വിശ്വാസ്യതയില്ലെങ്കിൽ മാധ്യമം വാർത്താ മാധ്യമമല്ല.

 

ഓരോ വ്യക്തിക്കും ആത്മനിഷ്ഠത ഉണ്ടെന്നിരിക്കെ അയാൾക്ക് എങ്ങനെ പരുക്കില്ലാത്ത വസ്തുനിഷ്ഠത അവകാശപ്പെടാനാകും? അതു വേണമെന്നില്ല. ഒരാളുടെ വസ്തുനിഷ്ഠത പൂർണമായും തർക്കത്തിനതീതം ആകണമെന്നില്ല. മാധ്യമപ്രവർത്തകന്റേതും അങ്ങനെ തന്നെ. ആ അപൂർണമായ വസ്തുനിഷ്ഠതയിൽ അയാൾ ആയിരിക്കുമ്പോഴും അയാൾ കൈകാര്യം ചെയ്യുന്ന വാർത്തയെ വസ്തുനിഷ്ഠമാക്കുന്നതു സാധ്യമാണ്. വസ്തുനിഷ്ഠതയിലേക്കെത്താനുള്ള മാർഗങ്ങളെ (methods) സുതാര്യവും തർക്കങ്ങൾക്ക് അതീതവുമാക്കുന്നതിലൂടെയാണ് അതു സാധിക്കുക. മാർഗത്തിൽ ഏറ്റവും പ്രധാനം പ്രതിശോധനം (Verification) തന്നെയാണ്. അതിനു മാർഗങ്ങൾ പലതാണ്. അല്ലെങ്കിൽ അതിൽ ചെയ്യേണ്ട കാര്യങ്ങൾ പലതാണ്. ഒരു സംഭവം വാർത്തയാക്കുമ്പോൾ അതിൽ ഉൾപ്പെട്ട വ്യക്തിയോട് കാര്യങ്ങൾ ചോദിക്കുക. പലർ പലതരത്തിൽ അതു പറഞ്ഞാൽ കൂടുതൽ അന്വേഷിക്കുക. പറഞ്ഞവരുടെ വിശ്വാസ്യത അന്വേഷിക്കുക, ഉറപ്പാക്കുക. ഔദ്യോഗിക ഭാഷ്യം അന്വേഷിക്കുക. അതിലെ പൊരുത്തക്കേട് ചോദ്യം ചെയ്യുക. ഇങ്ങനെയൊക്കെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു ഔദ്യോഗിക സംഗതിയാണ് വാർത്തയാക്കുന്നതെങ്കിൽ ഇങ്ങനെയുള്ള ചോദിക്കലുകൾക്കും അന്വേഷണങ്ങൾക്കുമപ്പുറം രേഖകൾ സംഘടിപ്പിക്കുന്നതും അവ പരിശോധിച്ചുറപ്പാക്കുന്നതും പ്രധാനം. അതു ചെയ്തില്ലെങ്കിൽ കാര്യങ്ങൾ പാളിപ്പോകാൻ എല്ലാ സാധ്യതയുമുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് ഒരു ചികിൽസയ്ക്ക് കൈക്കൊള്ളുന്ന പ്രോട്ടക്കോൾ പോലെ തന്നെയാണ് ജേണലിസത്തിൽ വസ്തുനിഷ്ഠത ഉറപ്പാക്കാനുള്ള വഴികളും. ഒന്നും വിട്ടുപോകാൻ പാടില്ല. 

 

പ്രതിശോധനത്തിന്റെ ഈ വഴിയേ ഓരോ ചുവടു മുന്നോട്ടു പോകുമ്പോഴും മാധ്യമ പ്രവർത്തകന്റെ ഉള്ളിൽ നിന്ന് ‘മതിയല്ലോ. ഇനി കൂടുതൽ എന്തിന്?’ എന്നൊരു തോന്നൽ ഉണ്ടാകാം. അതിനു വഴങ്ങാൻ പാടില്ല. ഒരു സംഗതിക്ക് പല മറുപരിശോധനകളും (Cross Checking) നടത്തിക്കഴിഞ്ഞാലും ഒരു സംശയം ഉണർന്നാൽ അതിന്റെ നിവൃത്തിക്ക് വഴി കണ്ടുപിടിക്കണം. ഇനി എല്ലാ സംശയങ്ങളും തീർന്നാലും ചോദിക്കാനുണ്ടാക്കിയ പട്ടികയിൽ ഒരാൾ ശേഷിക്കുന്നുവെങ്കിൽ അയാളോടും ചോദിക്കണം. ചിലപ്പോൾ അവസാനം ചോദിക്കാനുള്ളയാൾ നമുക്ക് അത്ര മമതയില്ലാത്ത ചങ്ങാതിയാകും. ‘എല്ലാം ഉറപ്പിച്ചല്ലോ ഇനി എന്തിന് അയാളോടു ചോദിക്കണം’ എന്ന തോന്നൽ മനസ്സിൽ ഉയരാം. അതിനെയും മറികടക്കണം. ഔദ്യോഗിക സ്ഥാനങ്ങളിൽ ഉള്ള ആളുകൾ പലതരക്കാരാകും. അങ്ങനെയേ ആകൂ. ചിലർ മാധ്യമ പ്രവർത്തകരോട് തികഞ്ഞ സൗഹാർദക്കാരാകും. വാർത്തകൾ ‘ചോർത്തി നൽകും’. വിവരങ്ങൾക്ക് മണിമണിയായി ഉത്തരം നൽകും. എന്നും വിളിക്കും. മറ്റു ഉദ്യോഗസ്ഥരെക്കുറിച്ച് ധാരണ നൽകും. പക്ഷേ ഇവരിൽ നല്ല പങ്കും സ്വന്തം നിലയിൽ തട്ടിപ്പുകാരാകും, എന്നല്ല സ്വന്തം പ്രവർത്തനമേഖലയിൽ ‘സകല മീഡിയയും എന്റെ സ്വന്തക്കാരാണ്’ എന്നൊരു പ്രതീതിയും ഇവർ സൃഷ്ടിച്ചെടുക്കും. 

 

കാര്യങ്ങളുടെ നിഷ്കൃഷ്ടമായ അവസ്ഥ മുന്നിലെത്തുമ്പോൾ ഇവർ വിശ്വസിക്കാവുന്നവരല്ലാതായി മാറും എന്നതാണ് മിക്കപ്പോഴും സംഭവിക്കുക. ഇനി വേറൊരു കൂട്ടരുണ്ട്. കടുത്ത കർക്കശക്കാരാകും മാധ്യമ പ്രവർത്തകരോട്.. ‘എന്തൊരു മൊരടൻ’ എന്നാകും നമുക്കു തോന്നുക. പക്ഷേ അവർ ഒരു കാര്യം ‘കൺഫേം’ ചെയ്താൽ ചെയ്തതാണ്.. മറ്റൊരുറപ്പ് നമ്മൾ വേറെ തേടേണ്ടതില്ല.

 

കാര്യങ്ങൾ നേരിട്ടന്വേഷിക്കുന്നു എന്നുറപ്പാക്കുമ്പോഴും ആരോട് അന്വേഷിക്കുന്നു എന്നത് പ്രധാനമാണ്. അതിന് ഒരു രാജ്യാന്തര തല ഉദാഹരണം പറയാം. 

 

1961 സെപ്റ്റംബർ 18ന് കോംഗോ സമാധാന ദൗത്യവുമായി യു.എൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡ് (Dag Hammarskjold) ആഫ്രിക്കയിലേക്കു പുറപ്പെട്ടു. രാത്രി അദ്ദേഹം എൻഡോല വിമാനത്താവളത്തിൽ ഇറങ്ങുമെന്നറിയാവുന്ന പത്രപ്രവർത്തകർ എയർപോർട്ടിനു പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞു. ഇടയ്ക്കൊരു വിമാനമിറങ്ങി. യൂറോപ്പുകാരൻ എന്ന് ഒറ്റനോട്ടത്തിൽത്തന്നെ ഉറപ്പിക്കാവുന്ന ഒരാൾ വിമാനത്തിൽ നിന്നിറങ്ങി ലോബിയിലേക്ക് പോയി. പുറത്തേക്കു വന്ന ഒരു സെക്യൂരിറ്റി ഓഫിസറോട് പത്രക്കാർ ചോദിച്ചു. 

‘‘സെക്രട്ടറി ജനറൽ ആണോ ഇറങ്ങിയത്?’’

‘‘യേസ് .....’’ മറുപടി നൽകി സെക്യൂരിറ്റിക്കാരൻ അയാളുടെ വഴിക്കു പോയി.

രക്ഷാദൗത്യവുമായി സെക്രട്ടറി ജനറൽ കോംഗോയിൽ എത്തി എന്ന കമ്പിവാർത്ത കടൽ കടന്നു. ന്യൂയോർക്ക് ടൈംസിന്റെ ലേഖകൻ മാത്രം എയർപോർട്ടിൽ എത്താൻ വൈകിപ്പോയിരുന്നു. ആൾ അവിടെയെത്തിയപ്പോൾ വിമാനത്താവളം ശോകമൂകം. സെക്രട്ടറി ജനറലിന്റെ വിമാനം റൊഡേഷ്യൻ കാടുകളിൽ തകർന്നു വീണ കാര്യം അപ്പോഴേക്കും അവിടെ എത്തിയിരുന്നു. പിറ്റേന്ന് എല്ലാ പത്രങ്ങളും സെക്രട്ടറി ജനറൽ എത്തിയ കാര്യം പറഞ്ഞപ്പോൾ ന്യൂയോർക്ക് ടൈംസിൽ മാത്രം വിമാനം തകർന്നെന്നു വാർത്ത.

 

വൈകി എത്തുന്നതിന്റെ ഗുണം പറയുന്ന തമാശകളിൽ ഈ സംഭവം ഉൾപ്പെടാറുണ്ട്. നേരത്തേ എത്തിയതല്ല ആദ്യ കൂട്ടരുടെ പിഴവ്. അവർ സെക്രട്ടറി ജനറലിന്റെ വരവ് ഉറപ്പിക്കേണ്ടിയിരുന്നത് ഒരു സെക്യൂരിറ്റിക്കാരനിൽനിന്ന് അല്ലായിരുന്നു. രീതികൾ പ്രധാനമാകുന്നത് ഇങ്ങനെയൊക്കെയാണ്.. ഇല്ലെങ്കിൽ അസമിൽ ആളുകൾ മുതലയെ പിടിക്കുന്നത് ബാലുശ്ശേരിയിലെ തോട്ടിൽനിന്ന് എന്ന് വിഷ്വൽ അടക്കം വാർത്ത വരും. 

 

ഇത്തരം രീതികൾ നടപ്പാക്കാൻ ഓരോ റിപ്പോർട്ടർക്കും അവരവരുടെതായ വഴികൾ ഉണ്ടാകും. പക്ഷേ ഈ നടപടിക്രമങ്ങൾ അനുവർത്തിക്കപ്പെടണം എന്നതാണു പ്രധാനം. അങ്ങനെ ഉണ്ടാകുന്നുണ്ട് എന്നാണ് വായനക്കാർ, കാഴ്ചക്കാർ, കേൾവിക്കാർ വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ നാം മാധ്യമപ്രവർത്തകർ കബളിപ്പിക്കാൻ പാടില്ല. 

 

വസ്തുത, വസ്തുനിഷ്ഠത, വിശ്വാസം, വിശ്വാസ്യത ഇതിൽ നിന്നൊക്കെ സത്യം എന്നതിലേക്കുവരാം. ‘വസ്തുതകൾ വിശുദ്ധമാണ്’ എന്നതാണ് ജേണലിസത്തിലെ ഒരു ആപ്ത വാക്യം, (Comment is free but facts are sacred - C.P. Scott ). വസ്തുതകളിലൂടെയല്ലാതെ വിശ്വാസ്യതയിലേക്കും സത്യത്തിലേക്കും എത്താനാകില്ല. വസ്തുതയാണോ സത്യം? സത്യം സ്ഥിരമായ ഒന്നല്ല എന്ന കാഴ്ചപ്പാട് പ്രബലപ്പെടുന്ന കാലമാണിത്. അറിയുന്ന ഒരു തീർപ്പിനെ വിശ്വസിക്കുന്നതു സംബന്ധിച്ചു നമുക്കുള്ളിലെ ഒരു വിധിനിശ്ചയം മാത്രമാണു സത്യം (Truth isn't a stable "thing", it's a judgement about what persuades us to believe a particular assertion- Clay Shirky- The New Ethics of Journalism: Principles for the 21st Century) എന്ന കാഴ്ചപ്പാട് ഏറെ ആലോചനകൾക്കു നമ്മെ നിർബന്ധിക്കുന്നതാണ്. 

 

എന്തായാലും, സത്യങ്ങളെല്ലാം വസ്തുതയാണ്. എന്നാൽ വസ്തുതകളെല്ലാം സത്യം ആണെന്നു പറയാനാകില്ല. ഇതു മാധ്യമപ്രവർത്തനത്തിൽ മാത്രമല്ല എല്ലാ ജീവിത മണ്ഡലങ്ങളിലും അങ്ങനെയാണ്. വസ്തുതകളെ സത്യം എന്നു വിശ്വസിപ്പിച്ചാണ് ലോകം മുന്നോട്ടു പോകുന്നത്. സത്യത്തിനു മേൽ തർക്കമില്ല. പക്ഷേ എല്ലാം തർക്കങ്ങളിലും വസ്തുതകളുണ്ട്്. വസ്തുതകളെ ആധാരമാക്കിയാണ് തർക്കങ്ങളും വാദങ്ങളും മുന്നോട്ടുപോകുന്നതും. അവയുടെ തീർപ്പുകളിൽ ഊന്നി മുന്നോട്ടു പോവുകയാണ് മനുഷ്യർ. സത്യത്തിലൂന്നിയല്ല. വസ്തുതകൾ നിരത്തിയുള്ള തർക്കങ്ങളും വാദങ്ങളും സത്യത്തെ തേടലാണ്. അവ സത്യത്തിലെത്തുമോ? ഉറപ്പിച്ചു പറയാൻ വയ്യ. എത്തിയാൽതന്നെ എപ്പോഴെത്തും എന്നു പറയാൻ വയ്യ.

 

ലോകമെങ്ങും തെറ്റായി നടപ്പാക്കിയിട്ടുള്ള വധശിക്ഷകൾ മാത്രം നോക്കിയാൽ മതി ഇതു വ്യക്തമാകാൻ. ചിലതു കാണുക

 

∙ ബ്രിട്ടനിലെ ഗ്ലൗസ്റ്റർഷറിൽ 1660 ൽ വില്യം ഹാരിസൻ എന്നയാളെ കാണാതായി. അയാളുടെ വേലക്കാരൻ ജോൺപെറി പണം കൈക്കലാക്കാൻ താനും സഹോദരനും അമ്മയും ചേർന്ന് ഹാരിസനെ കൊന്നു എന്നു കുറ്റമേറ്റു. മൂവരെയും തൂക്കിക്കൊന്നു. മൂന്നു വർഷം കഴിഞ്ഞ് ഹാരിസൻ മടങ്ങിയെത്തി.!

 

∙ ഭാര്യയെയും കുഞ്ഞിനെയും കൊന്നതിന് തിമോത്തി ഇവാൻസിനെ 1950 ൽ തൂക്കിക്കൊന്നു. 16 വർഷം കഴിഞ്ഞ് കണ്ടെത്തി ജോൺ റെജിനാൾഡ് ക്രിസ്റ്റി എന്നയാളാണ് കൊലപാതകിയെന്ന്.

 

∙ അമേരിക്കയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജോർജ് സ്റ്റിന്നി. ആഫ്രിക്കൻ അമേരിക്കൻ വംശജൻ. വെള്ളക്കാരായ രണ്ടു പെൺകുട്ടികളെ കൊന്നെന്നു കണ്ടെത്തി വൈദ്യുതിക്കസേരയിലിരുത്തി 1944 ൽ അവന്റെ വധശിക്ഷ നടപ്പാക്കി– 14–ാം വയസ്സിൽ. എന്നും അതു വിവാദമായി നിന്നു. 70 വർഷത്തിനു ശേഷം ആ ശിക്ഷ റദ്ദാക്കി.

 

∙ 1992 ൽ ടെക്സ‌സ് സ്വദേശി ജോണി ഗാരെറ്റിന്റെ വധശിക്ഷ നടപ്പാക്കി. ഒരു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു കൊന്നു എന്നതായിരുന്നു കുറ്റം. DNA പരിശോധനയിലൂടെ 2004 ൽ കണ്ടെത്തി ലിയോൺസിയോ റ്യൂഡ എന്നയാളാണ് കുറ്റവാളി എന്ന്.

 

റഷ്യ, ചൈന, തായ്‌വാൻ, ഓസ്ട്രേലിയ, അയർലൻഡ് ഇവിടങ്ങളിൽ നിന്നൊക്കെ ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഒന്നും കേട്ടിട്ടില‌്ല. ഒരു പക്ഷേ, അങ്ങനെ നമ്മൾ അതൊന്നും അന്വേഷിച്ചു പോകാത്തതു കൊണ്ടാണോ അത്? ഇന്ദിരാഗാന്ധി വധത്തിൽ കെഹാർ സിങ്ങിനെ തൂക്കിക്കൊന്നതിന്റെ ന്യായങ്ങൾ സംബന്ധിച്ചു മാത്രം കുറെ നീണ്ട ചർച്ചകൾ നടന്നതറിയാം. ഇലസ്ട്രേറ്റഡ് വീക്കിലിയിലൊക്കെ.

 

കോടതികളിൽ നിരത്തപ്പെടുകയും പലതവണ പരിശോധിക്കപ്പെടുകയും ചെയ്ത വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ വധശിക്ഷകൾ ഒക്കെയും നടപ്പായിട്ടുള്ളത്. വധിക്കപ്പെട്ടവർ കുറ്റം ചെയ്തു എന്നു തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ. പക്ഷേ സത്യം വേറെയായിരുന്നു. വസ്തുതകളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സത്യത്തെ മറച്ചുപിടിക്കാം എന്നത് ജുഡീഷ്യറിയിൽ നിന്നു തന്നെ നാം കണ്ണിനു മുന്നിൽ കാണുന്നു. വസ്തുതകളെ ആധാരമാക്കി അവയ്ക്കായുള്ള അന്വേഷണങ്ങളെ ആധാരമാക്കി തയാറാക്കപ്പെടുന്ന ഒരു വാർത്തയിൽ ആത്യന്തികമായി പൂർണ സത്യം ഇല്ലാതെ പോയേക്കാം.. പക്ഷേ പൂർണ സത്യത്തിനായുള്ള പരിശ്രമം അതിലുണ്ട്. അതേ– സത്യത്തെ തേടലാണ് മാധ്യമ പ്രവർത്തനം.

 

സത്യം അറിയുമ്പോഴും അതു പലപ്പോഴും മാധ്യമപ്രവർത്തകർക്കു പറയാൻ പറ്റാത്ത സാഹചര്യവും വന്നുപോകാം. സത്യത്തെ ഉയർത്തി നിർത്താൻ ഉതകുന്ന വസ്തുതകൾ കൈവശമില്ലാത്തതാകും കാരണം. തെളിവെവിടെ എന്ന ചോദ്യം കോടതികളിലെന്ന പോലെ മാധ്യമപ്രവർത്തകനു മുന്നിലും തലപൊക്കി നിൽക്കും. തെളിവുകളെ വേഗം സ്വന്തം പക്ഷത്താക്കാൻ ജാഗ്രത വേണം. ഒരു പക്ഷേ, ഒരു സംഭവം ഉണ്ടാകുന്നതിനും മുൻപേ അതു റിപ്പോർട്ടു ചെയ്യാൻ ആവശ്യമായ വസ്തുതകളെ മാധ്യമപ്രവർത്തകൻ കാത്തുവയ്ക്കേണ്ടതുണ്ടാകും. ചിലതിന്റെ പോക്കു കാണുമ്പോൾ അത് എവിടെച്ചെന്നു നിൽക്കുമെന്ന് ഊഹിക്കാനാകുമല്ലോ. അത്തരത്തിലുള്ളവയ്ക്കായി മുന്നൊരുക്കം വേണം. തെറ്റായ തെളിവുകൾ സൃഷ്ടിക്കപ്പെടാമെന്നതിലേക്കു പോലും ശ്രദ്ധ പോകണം. അതില്ലെങ്കിൽ കൂഫായിലെ ഗവർണർക്കു പറ്റിയതു പത്രപ്രവർത്തകർക്കും പറ്റാം. ഖലീഫ ഉസ്മാൻ കൂഫായിലേക്കു നിയോഗിച്ച ഗവർണർ വലീദ് മിടുക്കനും വിശ്വസ്തനുമായിരുന്നു. നിക്ഷിപ്ത താൽപര്യങ്ങൾക്കു വഴങ്ങാനും കൂട്ടാക്കിയില്ല. അതിനാൽത്തന്നെ അദ്ദേഹത്തിനെതിരായി നീങ്ങുന്ന ശക്തമായൊരു വിഭാഗവുമുണ്ടായി. അരുതാത്ത കൂട്ടരുമായി കൂട്ടുകൂടുകയും കള്ളുകുടിക്കുകയും ചെയ്യുന്നയാളാണ് എന്നു പലതിനൊടുവിൽ ഗവർണർക്കെതിരെ അവർ ഖലീഫയ്ക്കു പരാതി നൽകി. തെളിവായി ഗവർണറുടെ സ്ഥാനചിഹ്നമുള്ള മോതിരം ഹാജരാക്കി. മദ്യപിച്ചു ബോധം കെടുന്നതിന്റെ തെളിവായിട്ട്. അവർ ഗവർണറുടെ വേലക്കാരനെ സ്വാധീനിച്ച്് ഉറക്കത്തിൽ അഴിച്ചെടുത്തതായിരുന്നു മോതിരം. പക്ഷേ മോതിര നഷ്ടം ഗൗരവമായെടുത്തു നീങ്ങാനോ അല്ലെങ്കിൽ അതു സംഭവിക്കാത്ത വിധം കരുതലെടുക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. നിക്ഷിപ്ത താൽപര്യക്കാർ തനിക്കെതിരായി നീങ്ങുന്നതിന്റെ തെളിവുകൾ മുൻകൂട്ടി ഉറപ്പാക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. സ്വന്തം പക്ഷം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞില്ല. ഖലീഫയ്ക്ക് തെളിവിന്റെ – വസ്തുതകളുടെ– അടിസ്ഥാനത്തിലേ നടപടി കഴിയുമായിരുന്നുള്ളു. നമുക്കുള്ള തെളിവുകളെ വിട്ടുകളയാതിരിക്കുക. ജനങ്ങൾക്കു വേണ്ടി.

 

സത്യത്തെ തേടൽ കോടതികളെയും മറികടക്കുമെന്നതിന് ഉദാഹരണങ്ങളുണ്ട്.. ചിക്കാഗോ ഇന്നസൻസ് പ്രോജക്ട് എന്ന അന്വേഷണാത്മക റിപ്പോർട്ടിങ് ഗ്രൂപ്പിലെ ഡേവിഡ് പ്രോട്ടെസ് എന്ന ജേണലിസ്റ്റ് ആന്തണി പോർട്ടർ എന്നയാൾക്കു ജീവൻ തിരിച്ചുപിടിച്ചുകൊടുത്തതാണു സംഭവം. കൊലക്കുറ്റം സ്ഥീരികരിച്ച് വധശിക്ഷയെ അഭിമുഖീകരിക്കുകയായിരുന്നു ആന്തണി പോർട്ടർ. അയാളുടെ അപ്പീൽ പഠന വിധേയമാക്കി പ്രോട്ടെസും ഒരു പറ്റം ജേണലിസം വിദ്യാർഥികളും. യൂണിവേഴ്സിറ്റി ജേണലിസം വിദ്യാർഥികൾക്കു പഠന പദ്ധതിയായി എടുത്തതാണ് ആ അപ്പീൽ. കേസിന്റെ തുടക്കം മുതൽ വിചാരണ നടപടികളടക്കം ‘ക്രോസ് ചെക്ക്’ ചെയ്തു പോകുമ്പോൾ സംശയിക്കുന്നയാളായി ആദ്യം കേസിൽ വരികയും പൊലീസ് വിട്ടുകളയുകയും ചെയ്ത ആൽസ്റ്ററി സൈമൺ എന്നയാൾ ശ്രദ്ധയിൽ പെട്ടു. ആളുകളും രേഖകളും പിന്നെയും പിന്നെയും ക്രോസ്ചെക്കിങ്ങിനു വിധേയമാക്കി.. സൈമന്റെ തന്നെ ഒരു ബന്ധു അയാൾ കൊലപാതകം സമ്മതിച്ചിട്ടുണ്ടെന്ന് സൂചന നൽകി. കേസ് വഴി തിരിഞ്ഞു. പോർട്ടറെ കോടതി കുറ്റവിമുക്തനാക്കുകയും സൈമനെ കുറ്റവാളിയായി കണ്ടെത്തുകയും ചെയ്തു; 1999 മാർച്ച് 19ന്. (The Elements of Journalism - Bill Kovach, Tom Rosensteil ) മാധ്യമ പ്രവർത്തനത്തിലെ സൂക്ഷ്മമായ ക്രോസ് ചെക്കിങ് രീതികളിലൂടെ (Methods) എങ്ങനെ സത്യത്തിലെത്താം എന്നതിന്റെ മികച്ച ഉദാഹരണം.. 

 

ഔദ്യോഗിക ഭാഷ്യങ്ങളെയും രേഖകളെയും പോലും അവിശ്വസിച്ചാകണം മാധ്യമ പ്രവർത്തകന്റെ അന്വേഷണം. സംശയാലുത്തം (Skepticism) ഉള്ളിൽ എപ്പോഴും സൂക്ഷിക്കാതെ ഒരു മാധ്യമ പ്രവർത്തകന് സത്യത്തിലേക്ക് എത്താനാകില്ല. സത്യമാണെന്ന് ബോധ്യപ്പെടുത്താൻ ഒരുപാട് വസ്തുതകൾ അവന്റെ മുന്നിൽ നിരയായി നിൽക്കുന്നുണ്ടാവും. അവയെ പരസ്പരം ബന്ധിപ്പിച്ചും തട്ടി ഒഴിവാക്കിയും ഒക്കെയുള്ള വസ്തു നിഷ്ഠമായ പ്രവർത്തന രീതി മാധ്യമ പ്രവർത്തകന് ഉണ്ടാകണം. ആളിന്റെ വസ്തുനിഷ്ഠതയ്ക്ക് ന്യൂനത ഉണ്ടാകാം. രീതികളുടേതിന് ഉണ്ടാകില്ല. അവയിലൂടെ സത്യത്തിലേക്ക് വഴിതുറന്നെടുക്കുകയും ചെയ്യാം.

English Summary: Web Column Vicharam Madhyamaparam - What is news credibility?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com