ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ
Mail This Article
എൺപതിന്റെ മധ്യത്തിലൊരിക്കൽ കേരളത്തിലെ ഒരു മന്ത്രി പത്രക്കാരെ പട്ടികൾ എന്നു വിളിച്ചതായൊരു കോലാഹലമുണ്ടായിരുന്നു. വന്നു കൊണ്ടിരുന്ന വാർത്തകളിലേതോ മന്ത്രിക്കും വകുപ്പിനും എതിരായിരുന്നതിന്റെ പ്രതികരണമാണത്രേ മന്ത്രിയിൽനിന്ന് അങ്ങനെ വന്നത്. സംഭവം പ്രതിപക്ഷമടക്കം ഏറ്റെടുത്തു കത്തിച്ചപ്പോൾ മന്ത്രി പറഞ്ഞു– ജനാധിപത്യത്തിന്റെ കാവൽപട്ടികൾ എന്നാണു ഞാനുദ്ദേശിച്ചത്. മാധ്യമങ്ങളോടുള്ള തന്റെ ബഹുമാനം എത്ര വലുതാണെന്നു കൂടി മന്ത്രി പറഞ്ഞതോടെ എല്ലാവരും അതു വിട്ടു. ജനാധിപത്യം വിട്ടുവീഴ്ചകളുടേതുകൂടിയാണല്ലോ.
അന്നൊരു ജേണലിസം വിദ്യാർഥിയായിരുന്ന ഞാൻ പിന്നെ ഈ ‘പട്ടി’ യെ കൂടുതലായി ശ്രദ്ധിച്ചു. Watch dog of Democracy എന്ന പ്രയോഗത്തിന്റെ മാനങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ശ്രീ. കെ.പി. നായർ അത്യാവശ്യം കാര്യമായിത്തന്നെ അന്നു വിശദീകരിച്ചു. നാലാം തൂണ് എന്നതിനു പുറമേ കാവൽനായ് എന്നൊരു ബഹുമതി കൂടി കൈവരുന്നല്ലോ എന്ന ചിന്ത പുളകോദ്ഗമകാരിയായിരുന്നു. ജനാധിപത്യത്തിന്റെ സംരക്ഷകർ എന്നു വച്ചാൽ ചെറിയ കാര്യമല്ലല്ലോ.
ജനാധിപത്യത്തിന്റെ ശരിയായ വഴിക്കുള്ള പോക്കിനു കാവലാകുക എന്നതാണു മാധ്യമങ്ങളുടെ ധർമം എന്നതാണാ പ്രയോഗത്തിന്റെ മർമം. അപഭ്രംശങ്ങൾ ജനാധിപത്യത്തിൽ സംഭവിക്കുമ്പോൾ മാധ്യമങ്ങളുടെ ഒച്ച ഉയരണം. ജനാധിപത്യം എന്ന രാഷ്ട്രീയപ്രക്രിയ നിരന്തരം നടന്നുകൊണ്ടിരിക്കെ അടിഞ്ഞുകൂടുന്നതും പതഞ്ഞുപൊങ്ങുന്നതുമായ അഴുക്കും ചെളിയും പൊതു സമൂഹത്തിനു കാട്ടിക്കൊടുക്കണം മാധ്യമങ്ങൾ. ജനാധിപത്യത്തിന് ഒരു സ്വയം ശുദ്ധീകരണ ശക്തിയുണ്ട്. അതുണർത്തുക എന്ന കർമം മാധ്യമങ്ങളാണു തുടങ്ങേണ്ടത്. ജനാധിപത്യത്തിന്റെ യഥാർഥ ഉടമസ്ഥരായ ജനങ്ങളെ ഉണർത്തിക്കൊണ്ടാണതു സാധിക്കേണ്ടത്. അല്ലെങ്കിൽ അവരുടെ ശ്രദ്ധയാണ് ഇത്തരം അപകടാവസ്ഥകളിലേക്ക് മാധ്യമങ്ങൾ തിരിക്കേണ്ടത്. ശേഷം അവരുടെ ഉത്തരവാദിത്തമാണ് ജനാധിപത്യത്തിന്റെ സംരക്ഷണം. അക്കാര്യത്തിൽ ജനങ്ങൾ തന്നെയാണ് മാധ്യമങ്ങൾക്കും മേലേ.
ജനാധിപത്യം വീഴ്ചകളില്ലാതെ പുലരുന്നുവോ എന്ന് എപ്പോഴും ശ്രദ്ധിച്ചിരിക്കാനുള്ള അവസ്ഥയല്ല ജനങ്ങൾക്കുള്ളത്. അവർക്ക് അവരുടേതായ ജോലികളും വേലകളും വേണ്ടത്രയുണ്ട്. അതുകൊണ്ടാണ് ജനാധിപത്യത്തിൽ ഒരു കാവൽനായ് ഉണ്ടാകേണ്ടത്. എന്തൊക്കെയാണ് ഈ കാവൽ നായ് ചെയ്യേണ്ടത്? അഥവാ എന്താണ് ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ കാവൽനായ് ധർമം?
ജനാധിപത്യത്തിൽ ഭരണം എന്നതിന്റെ സ്വഭാവം കുറച്ചൊന്നു സങ്കീർണമാണ്. ഭരിക്കുന്നത് ആരാണ് – ജനങ്ങൾ. ഭരിക്കപ്പെടുന്നത് ആരാണ് – അതും ജനങ്ങൾ. ഈ സങ്കീർണ ദ്വന്ദ്വത്തിൽ ഒരു ബലതന്ത്രം (Dynamics) അടങ്ങിയിട്ടുണ്ട്. സങ്കീർണം തന്നെയായ അതിന്റെ സന്തുലനം വളരെ പ്രധാനമാണ്. ഇരുപക്ഷത്തും ഉത്തരവാദിത്തങ്ങളുണ്ട്. ഇരുപക്ഷത്തും പരിധികളുമുണ്ട്. (ജനങ്ങളുടെ പ്രതിനിധികളായി) ഭരിക്കുന്നവർ കണക്കു ബോധിപ്പിക്കലിനുള്ള ബാധ്യത (Accountability) വഹിക്കുന്നുണ്ട്. അഞ്ചുവർഷക്കാലം ഭരണ നിർവഹണം നടത്തുവാനുള്ള സമ്മതി (Mandate) ഉണ്ടെന്നത് ഈ ബാധ്യത ഒഴിവാക്കുന്നില്ല. ഭരിക്കുന്നവർക്ക് കൈമാറ്റം ചെയ്തു നൽകിയിട്ടുള്ള അധികാരം ഉത്തരവാദിത്തനിർവഹണത്തിനുള്ള അനുമതിയാണ്. ഈ ഉത്തരവാദിത്തനിർവഹണത്തിൽ വീഴ്ച വന്നാൽ അതു ചോദ്യം ചെയ്യാനുള്ള അവകാശം ഭരിക്കപ്പെടുന്ന ജനങ്ങൾക്കുണ്ട്. അവകാശം മാത്രമല്ല അത് ഉത്തരവാദിത്തവുമാണ്. അങ്ങനെയാണ് സങ്കൽപിക്കപ്പെട്ടിരിക്കുന്നത്.
അത്തരമൊരു ഉത്തരവാദിത്തം നിർവഹിക്കാൻ പ്രാപ്തമാകുന്ന തലത്തിലേക്ക് എല്ലാ ജനങ്ങളെയും ശാക്തീകരിക്കുന്ന പ്രക്രിയ ഏതൊരു ജനാധിപത്യത്തിലും തുടർച്ചയായി നടക്കേണ്ടതാണ്. അതില്ലാത്തിടത്ത് അവർ തെളിച്ചുകൊണ്ടുപോകപ്പെടുന്ന ആട്ടിൻപറ്റമായിപ്പോകും. “നേരായ ജനാധിപത്യം അതിലെ ഓരോ ആളെയും സ്വയം ചിന്തിക്കാൻ പഠിപ്പിക്കുന്നതാണ്” (മഹാത്മാ ഗാന്ധി – ഹരിജൻ 14–7–1946). ഈ പഠിപ്പിക്കൽ നമ്മുടെ ജനാധിപത്യത്തിൽ എവിടെയാണ് നടക്കുന്നത്? ‘ജനാധിപത്യമെന്ന സൗധത്തിന്റെ അടിസ്ഥാനം തന്നെ ആയ സാധാരണക്കാരൻ’ ഭരണമെന്ന പ്രക്രിയയിൽ എത്രത്തോളം പരിഗണിക്കപ്പെടുന്നു? നിയമത്തിനും ഭരണത്തിനും ഒക്കെ മുന്നിലുള്ള സമത്വം അവർക്ക് എത്രത്തോളം കിട്ടുന്നു? അവർക്കുവേണ്ടി അവർതന്നെ നടത്തുന്ന അവരുടെ ഭരണത്തിൽ അവർക്ക് ആത്യന്തികമായി എന്തു നന്മ കിട്ടുന്നുണ്ട്? ചോദ്യങ്ങൾ ഇങ്ങനെ ചോദിച്ചുപോകാം. എല്ലാം ശരിയായിത്തന്നെ നടക്കുമ്പോഴും മനുഷ്യൻ നടത്തുന്ന ഏതു സംഗതിയും കുഴപ്പത്തിലേക്കു വഴുതാം. ഏതു പ്രസ്ഥാനവും ദുരുപയോഗം ചെയ്യപ്പെടാം. “പ്രസ്ഥാനം എത്ര വലുതാകുന്നുവോ ദുരുപയോഗ സാധ്യതയും അതിനൊത്തു കൂടും” എന്ന് പറയും മുന്‍പ് മഹാത്മാ ഗാന്ധി പറഞ്ഞത് ‘ജനാധിപത്യം ഒരു വലിയ പ്രസ്ഥാനമാണ്’ എന്നാണ്.
ഈ ദുരുപയോഗം (misuse) സംഭവിക്കുന്നയിടത്താണ് കാവൽ നായ്ക്കൾക്ക് ഏറെ പ്രസക്തി. ദുരുപയോഗം മാത്രമല്ല അപോപയോഗം (abuse) കൂടി സംഭവിക്കാം. അധികാരത്തിന്റെ രീതി ദുഷിപ്പിക്കുക എന്നതാണ്. അക്കാര്യം അറിയുന്നവരുടെ കൈകളിലാണ് അധികാരമെങ്കിൽ ഈ കാവൽനായ അവർക്കൊരു ബലമാണ്. ദുഷിക്കാതിരിക്കാനുള്ള ബലം. അല്ലാത്തവർ കാവൽ നായയെ ബലഹീനമാക്കാൻ വേണ്ടതെല്ലാം ചെയ്യും. ദുഷിക്കൽ സംഭവിക്കുന്നതോ, സംഭവിക്കുന്നത് ദുഷിക്കലാണെന്നോ അവർ അറിയുക തന്നെയില്ല. ആദ്യകൂട്ടർ മാധ്യമ വിമർശനങ്ങളെ പോസിറ്റീവ് ആയി എടുക്കും. മറ്റേകൂട്ടർ അസ്വസ്ഥതയിലേക്കും അസഹിഷ്ണുതയിലേക്കും പോകും. ‘പത്രങ്ങൾ ഇല്ലാതെ ഗവൺമെന്റ് ഉണ്ടായിരിക്കുന്നതോ ഗവൺമെന്റില്ലാതെ പത്രങ്ങൾ ഉണ്ടായിരിക്കുന്നതോ വേണ്ടത് എന്നു തീരുമാനിക്കേണ്ടിവന്നാൽ ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുക്കും’ എന്നു പറഞ്ഞ തോമസ് ജെഫേഴ്സന്റെ വാക്കുകളുടെ അർഥം ജനാഭിപ്രായത്തിന്റ അടിസ്ഥാനത്തിലല്ലാതെ സർക്കാരുകളില്ല എന്നാണ്. 18–ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഗവൺമെന്റുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു: ‘ആടുകളെപ്പോലെ കഴിയുന്ന ജനങ്ങളുടെ ധനം വെട്ടിവിഴുങ്ങുന്ന ചെന്നായ്ക്കളാണവ’– ജനസേവനത്തിനായെന്നു സങ്കൽപിക്കപ്പെട്ട ഭരണകൂടങ്ങൾ എത്ര അപകടകരമാംവിധം ദുഷിക്കാം എന്നതിലേക്കു ചൂണ്ടുപലകയാകുന്ന വാക്കുകൾ.
ഇന്നും ആ തോന്നൽ ജനങ്ങളിൽ നിലനിൽക്കുന്നില്ലേ?. ആ വെട്ടിവിഴുങ്ങൽ ഒരു തരം കൊള്ളയാണ്. സർക്കാരിലൂടെ ചെയ്യുമ്പോൾ പക്ഷേ അതിനു നിയമാനുസൃതഭാവം കൈവരും. കൊള്ളയാണെന്നു തോന്നപ്പെടാത്ത ഭാവം. പക്ഷേ അത് സംഘടിതമായ കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട കവർച്ചയും (Organized loot and legalized plunder) തന്നെയാണ്. ഇതിനെതിരായി ചാടി വീഴുന്നതാണ് മാധ്യമങ്ങളുടെ കാവൽ നായ് ധർമം. അറിവു പകരുക എന്ന ഒന്നാം ധർമം കഴിഞ്ഞാൽ തൊട്ടടുത്ത പ്രാധാന്യം ഈ ജാഗ്രതാ ധർമത്തിനാണെന്നതാണ് അംഗീകരിക്കപ്പെട്ട കാഴ്ചപ്പാട്. ജേണലിസത്തെ മറ്റു കമ്യൂണിക്കേഷൻ ധാരകളിൽനിന്നു വ്യത്യസ്തമാക്കുന്ന രണ്ടാമത്തെ സംഗതി. മറ്റുള്ള കമ്യൂണിക്കേഷൻ ധാരകൾക്കു കാവൽനായ് ധർമം നിർബന്ധമല്ല. മാധ്യമങ്ങൾക്ക് ആണ്.
മാധ്യമങ്ങളുടെ ആദിപൂർവ ചരിത്രത്തിലേക്കു പോകാതെ ആധുനികകാല തുടക്കങ്ങളിലേക്ക് നോക്കുമ്പോൾത്തന്നെ ഈ ജാഗ്രതയും പൊളിച്ചു പറയലും അടിസ്ഥാന ധർമമായി അവ കൈക്കൊണ്ടിരുന്നുവെന്നു കാണാം. 17–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യ അച്ചടി ആനുകാലികങ്ങൾ യൂറോപ്പിൽ പുറത്തുവരുമ്പോൾ തന്നെ ‘‘അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്ത് കാര്യങ്ങൾ വായനക്കാരെ അറിയിക്കും’’ എന്ന് അവർ ഉറപ്പു പറയുന്നുണ്ട്. അങ്ങനെയല്ലാത്തൊരു കാലം മുൻപ് ഉണ്ടായിരുന്നു എന്നുകൂടി നമുക്കവിടെ വായിച്ചെടുക്കാം. ഇംഗ്ലിഷ് ആഭ്യന്തരയുദ്ധത്തിനോടു (English civil war) ചേർന്നുള്ള കാലത്ത്, പത്രസ്വാതന്ത്ര്യം എന്നത് പൊട്ടും പൊടിയുമായി സമൂഹത്തിലേക്ക് വന്നുവീണുതുടങ്ങിയ ആ വേളയിൽത്തന്നെ അനഭിലഷണീയ സംഗതികളെ തുറന്നുകാട്ടുന്നതിലേക്ക് പത്രങ്ങൾ ചുവടുവച്ചു. ആഭ്യന്തര യുദ്ധകാലത്ത് രാജപക്ഷത്തും പാർലമെന്റ് പക്ഷത്തും പത്രങ്ങൾ നിലകൊണ്ടു. രാജപക്ഷത്തെ ഒന്നായ ‘മെർക്യൂറിയസ് ഇലക്ടിക്കസ്’ (Mercurius Electicus) നയം വ്യക്തമാക്കുന്നതിങ്ങനെ:
‘‘വെസ്റ്റ്മിന്‍സ്റ്ററിലെയും മറ്റിടങ്ങളിലെയും തമാശകളുടെ സമാനതകളില്ലാത്ത നാൾവഴികൾ അറിയിക്കൽ, അവരുടെ ഗൂഢപദ്ധതി കണ്ടുപിടിക്കൽ, അവരുടെ കുറ്റകൃത്യങ്ങളെ തൊലിയുരിക്കൽ.......’’ ( “ Communicating the Unparallelled Proceedings of the Revels at Westminister, The Head quarters and other places, Discovering their Designs, Reproving their Crimes, and Advising the Kingdome" ) അതേ, ഒടുവിൽ രാജാവിന് ഉപദേശം നൽകലും ഉണ്ട്.
പാർലമെന്റ് പക്ഷത്തെ ദ് പാർലമെന്റ് സ്കൗട്ട് ( The Parliament Scout ) വാർത്തകളെ തിരഞ്ഞു പോവുകയും കണ്ടെത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് (... The necessity of making an effort to search out and discover the news ) പറഞ്ഞു. ദ് സ്പൈ (The Spie) വായനക്കാരോട് പറഞ്ഞത് ‘‘രാജഭരണം എന്ന വൻ കളിയിലെ പതിവു തട്ടിപ്പുകാരെ കണ്ടുപിടിക്കാൻ ഞങ്ങൾക്കു പദ്ധതിയുണ്ട്’’ എന്നാണ് (discovering the usual cheats in the great game of the Kingdome. For that we would have to go undercover ) ഉവ്വ്, അതിനായി അവർക്കു രഹസ്യ നീക്കങ്ങളുമുണ്ടായിരിക്കും. ഒളിക്യാമറ ഓപ്പറേഷനുകൾ മാധ്യമപ്രവർത്തനത്തിൽ പുതിയ സങ്കൽപമല്ല തന്നെ.
തുടക്കക്കാരുടെ ഇത്തരം നയസ്വീകരണങ്ങൾ അവയുടെ സ്വാഭാവിക വഴിയേ തന്നെ മുന്നോട്ടുപോയി. പത്രമെന്നാലെന്ത് എന്ന ആ ക്ലാസിക് കണ്ടെത്തലിൽ ചെന്നെത്താനുതകുന്ന പോക്ക് – ഫോർത്ത് എസ്റ്റേറ്റ്. ജനാധിപത്യത്തിലെ നാലാം സ്തംഭം. ഭരണപ്രക്രിയയിലെ ഏർപ്പാടുകൾ സകല ജനങ്ങൾക്കുമായി വെളിപ്പെടുത്തുക എന്ന ധർമം അതേറ്റെടുത്തുകഴിഞ്ഞിരുന്നു അതിനകം. പത്രങ്ങൾ വരും വരെ ഭരണനടത്തിപ്പിലെ ഉള്ളുകള്ളികൾ അതു നടത്തുന്നവരും ആ നടത്തിപ്പിന്റെ ഗുണം ആസ്വദിക്കുന്നവരും അടങ്ങുന്ന ചെറിയൊരു വരേണ്യ വിഭാഗം മാത്രമാണ് അറിഞ്ഞിരുന്നത്. ചിലത് സർക്കാരിനു ജനങ്ങളെ അറിയിക്കാനുണ്ടാകും. അത് ‘ചെണ്ടകൊട്ടി’ അറിയിക്കും. അതു മിക്കവാറും ജനത്തിനു ഗുണം വരുത്തുന്നതൊന്നും ആകുകയുമില്ല. ജനങ്ങൾ അതിനപ്പുറം അറിയുന്നത് കേട്ടുകേൾവികൾ മാത്രം.
അന്വേഷിക്കുക, കണ്ടെത്തുക, അറിയിക്കുക – പത്രങ്ങൾ വഹിക്കുന്ന ഈ കാവൽനായ് ധർമത്തെ എടുത്തുകാട്ടുന്ന മറ്റൊരു പ്രയോഗം കൂടി മാധ്യമ മണ്ഡലത്തിലുണ്ട്. Nose for News അഥവ വാർത്ത മണത്തറിയൽ. മണംപിടിച്ചു പിന്നാലെ പോയി സംഗതി കണ്ടെത്തുന്നതു നായയുടെ രീതിയാണ്. അത് അന്വേഷണമാണ്. ഫലമുണ്ടാകും വരെയുള്ള നിരന്തര അന്വേഷണം. അങ്ങനെയൊന്നാണ് മാധ്യമ പ്രവർത്തകനെയും നയിക്കേണ്ടത്. അതു മാധ്യമ പ്രവർത്തകർക്കും അറിയാം. ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ റോൾ സംബന്ധമായി 2011–ൽ ലണ്ടനിലെ ഫ്രണ്ട‌്‌ലൈൻ ക്ലബ് ജേണലിസ്റ്റുകൾക്കിടയിൽ നടത്തിയ ഒരു അഭിപ്രായ സർവേ ഉണ്ട്. സമൂഹത്തിൽ അന്വേഷണാത്മക മാധ്യമ പ്രവർത്തനം എന്തു ചെയ്യണം എന്നതു സംബന്ധിച്ച അതിലെ പ്രതിരണനങ്ങൾ (Feed back) ചിലത്:
∙ നിരീക്ഷണക്കാരെ നിരീക്ഷിക്കുക. തെറ്റായ പ്രവൃത്തികളും കാപട്യങ്ങളും വെളിച്ചത്താക്കുക.
∙ സത്യം പുറത്തു കൊണ്ടുവരിക. പലരും മറച്ചുവയ്ക്കാനാഗ്രഹിക്കുന്ന വസ്തുതകളെ മാന്തിയെടുക്കുക – സാമൂഹിക പ്രധാന്യമുള്ളവ.
∙ അഴിമതി വെളിച്ചത്തു കൊണ്ടുവരിക. അധികാര ശക്തിയുള്ളവരെക്കൊണ്ടു കണക്കു പറയിക്കുക (Call the powerful to account)
ഇതുതന്നെയാണ് ജേണലിസം എപ്പോഴും ചെയ്യേണ്ടതായി മുൻപും പറഞ്ഞിരുന്നത്. 21–ാം നൂറ്റാണ്ടിലും അതങ്ങനെ തന്നെ. വിട്ടുവീഴ്ചയില്ലാത്ത കാവൽ നായ് ധർമം. സമൂഹം അത് അംഗീകരിച്ചിട്ടുണ്ട്. പക്ഷേ അതിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. പാർലമെന്റ് നടപടികളുടെ നോട്ട് കുറിക്കാൻ പോലും പത്രക്കാരെ ഒരുകാലത്ത് ബ്രിട്ടിഷ് ഗവൺമെന്റ് അനുവദിച്ചിരുന്നില്ല. വേണമെങ്കിൽ എല്ലാം ഓർത്തു വച്ചോണം. വാർത്തക്കാർ (News mongers– വാർത്തപരത്തികൾ എന്നു വിവർത്തിച്ചാലാണാ പുച്ഛം വെളിവാകുക) എന്ന് അവർ കളിയാക്കപ്പെട്ടു. War Monger, Scandal Monger എന്നതിന്റെയൊക്കെ ഒരു തുടർച്ചയായിരുന്നു ആ വിളി. ‘‘....... സർവോപരി പത്രക്കാരനുമാണ്’’ എന്നൊരു തമാശ മലയാളത്തിലുമുണ്ടായിരുന്നു.
സർക്കാരുകളെ മാത്രം സൂക്ഷ്മനിരീക്ഷണം ചെയ്യുക എന്നതിൽ കാവൽനായ് ധർമം ഒതുങ്ങുന്നില്ല. അധികാരശക്തി പങ്കിടുന്നതോ കൈവരിക്കുന്നതോ ആയ എല്ലാ സംവിധാനങ്ങളെയും (Institutions) മാധ്യമങ്ങൾ നിരീക്ഷിക്കണം. അതു മാത്രമല്ല സമൂഹത്തിലെ കാണാത്ത കോണുകളിലേക്കും അവയുടെ കണ്ണെത്തണം.
ഇതും ആദ്യകാലത്തേ പത്രപ്രവർത്തകർ ചെയ്തു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ ബ്രിട്ടിഷ് വരേണ്യതയ്ക്കു പുറത്തുള്ളവരുടെ ജീവിതം എത്ര ശോചനീയമാണെന്ന് വെളിവാക്കിയ ഹെൻറി മെയ്ഹ്യുവിന്റെ റിപ്പോർട്ടുകൾ എന്നും ജേണലിസത്തിൽ പാഠപുസ്തകമാക്കാവുന്നവയാണ്. തൊഴിലാളികളും പാവപ്പെട്ടവരും പാർക്കുന്നയിടങ്ങളിൽ അദ്ദേഹം നേരിട്ടുചെന്ന് ദാരിദ്ര്യത്തിലും ദീനതയിലും ആഴ്ന്ന അവരുടെ യഥാർഥ ജീവിതം മോണിങ് ക്രോണിക്കിളിൽ (Morning Chronicle) വരച്ചിട്ടു. അതിനായി ഹെൻറി പലപ്പോഴും തെരുവിൽത്തന്നെ ജീവിച്ചു. 1849ന്റെ വേനലിൽ കോളറ ലണ്ടനിൽ മൂന്നു മാസത്തിനിടെ 13,000 പേരുടെ ജീവനെടുത്തു. തൊഴിലാളി മേഖലയായ ബെർമണ്ട്സേയിൽ അതിന്റെ തിക്തത എത്ര എന്ന് ഹെൻറിയുടെ കുറിപ്പുകൾ വെളിവാക്കി. എഡിറ്റർ ഡഗ്ളസ് കുക്കിനോട് അദ്ദേഹം പറഞ്ഞു: ഇതന്വേഷിക്കാൻ നമുക്കൊരു ടീം വേണം. ആംഗസ് റീച്ച് (Angus Reach), ചാൾസ് മാക്കേ (Charles Mackay), ഷെർലേ ബ്രൂക്ക്സ് (Shirley Brooks) എന്നിവരും ആ അന്വേഷണത്തിൽ ഹെൻറിക്കൊപ്പം ചേർന്നു. രാഷ്ട്രീയ, സാമൂഹിക, മത മണ്ഡലങ്ങളിലൊക്കെ റിപ്പോർട്ടുകൾ ഇളക്കം സൃഷ്ടിച്ചു.
അതേ– അധികാരമണ്ഡലങ്ങളെ മാത്രം നോക്കിയിരിക്കലല്ല കാവൽനായ് ധർമത്തിലുള്ളത്. അഗണ്യകോടിയിൽ പെട്ടവരെ പരിഗണിക്കുക കൂടിയാണ്. അങ്ങനെ ചെയ്യുന്നതും നോവിക്കുക അധികാരസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും തന്നെയാകും. (ദരിദ്രരുടെ ജീവിതം സംബന്ധിച്ച് ഹെൻറി എഴുതിയ കുറിപ്പുകളെല്ലാം ചേർത്തതാണ് ‘ലണ്ടനിലെ തൊഴിലാളികളും പാവപ്പെട്ടവരും’ – London Labour and London Poor - എന്ന പുസ്തകം). ചാൾസ് ഡിക്കൻസ് തന്റെ പല കഥാപാത്രങ്ങളെയും രൂപപ്പെടുത്താൻ ഹെൻറിയുടെ കുറിപ്പുകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടത്രേ.
ലോകം എത്ര മാറിയിട്ടും ‘ഇല്ലാത്തവരുടെ’ ഒരു ലോകം എപ്പോഴുമുണ്ടാകും എന്ന് കോവിഡിന്റെ (2020) കാലത്തെ അമേരിക്ക പോലും നമ്മോടു പറയുന്നു. നമ്മുടെ രാജ്യത്ത് അങ്ങനെ എത്രയെത്ര കോടി മനുഷ്യർ. അവർക്കായി കുരയ്ക്കുന്നതാവണം കാവൽ നായ് ധർമം. അതിന്റെ കാതൽ ‘നോവുന്നവരെ സാന്ത്വനിപ്പിക്കുക, മദിക്കുന്നവരെ നോവിക്കുക’ (Comfort the afflicted and afflict the comfortable) എന്ന ആ പ്രയോഗത്തിലുണ്ട്. ഷിക്കാഗോയിൽ നിന്നുള്ള ജേണലിസ്റ്റും നർമകാരനുമായ ഫിൻലേ പീറ്റർ ഡൺ (Finley Peter Dunne 1867– 1936) ആണ് അങ്ങനെയൊരു പ്രയോഗം നടത്തിയത്. തമാശക്കൂട്ടത്തിൽ പറഞ്ഞതാണെങ്കിലും അതു ക്ലിക്കായി. വോച്ച് ഡോഗ് ഫങ്‌ക്‌ഷനെപ്പറ്റി പറയുമ്പോൾ ഇന്ന് ഇതിലെത്തിയേ ആർക്കും മുന്നോട്ടു പോകാനാകൂ എന്നായിട്ടുണ്ട്. നോവിക്കുന്നതോ നോവിക്കാതിരിക്കുന്നതോ എന്നതിനപ്പുറം അധികാരസ്ഥാനങ്ങൾ ആസുരമായി സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കുന്ന അവസ്ഥയ്ക്കെതിരായ നിലകൊള്ളൽ ആണ് അതിലെ സത്ത.
ജനങ്ങളുടെ അവകാശങ്ങളെ നുള്ളിയെടുക്കാനും നിഷേധിക്കാനും ഉള്ള വാസനയാണ് അധികാരം ദുഷിക്കലിന്റെ ആദ്യലക്ഷണം. ജനങ്ങളെ കണക്കാക്കാതിരിക്കുന്നതിൽ നിന്നാണത് തുടങ്ങുക. ഒരു തരം അപ്രസക്തമാക്കൽ. ഉണ്ടായിരിക്കുന്നതിന് ഒരു അർഥവും ഇല്ലാതിരിക്കൽ അല്ലെങ്കിൽ നൽകാതിരിക്കൽ. അതു ഭീകരമാണ്. അധികാരശ്രേണിയിലെ ഏറ്റവും താഴേ അറ്റത്തുള്ള ഒരു സർക്കാർ ഓഫിസിലെ ഗുമസ്തനോ ശിപായിയോ വരെ ജനത്തോട് ഔദ്ധത്യം കാട്ടും. അവരുടെ ന്യായമായ അവകാശത്തിനായി അവരെ പലവട്ടം നടത്തിക്കും. കൈക്കൂലി ചോദിക്കും. അവിടം മുതൽ അധികാര ദുഷിപ്പാണ്.
ശരിയല്ല ഇത് എന്ന് മാധ്യമങ്ങൾ അവിടം മുതൽ തന്നെ പറഞ്ഞു തുടങ്ങുന്നുമുണ്ട്. അഴിമതിയും കുംഭകോണവും വ്യാപങ്ങളും (scams) ഒന്നാം പേജുകളിലോ ഹെഡ്‌ലൈനുകളിലോ നിരക്കുന്നതു മാത്രമല്ല കാവൽനായ് ധർമത്തിൽ പെടുന്നത്. ഒരു ആദിവാസിക്കോളനിയിൽ കുടിവെള്ളം കിട്ടാത്തതു ലോക്കൽ പേജിലോ ചുറ്റുവട്ടത്തിലോ വാർത്തയാകുന്നതും അതിൽ പെടും. അതിനെ കൊച്ചായി കാണാൻ മാധ്യമങ്ങൾക്കോ മാധ്യമപ്രവർത്തകർക്കോ അവകാശമില്ല.
ജനാധിപത്യം പൗരന്റെ ഓരോ അവകാശവും പവിത്രമായിട്ടാണ് കാണുന്നത്. സ്വാതന്ത്ര്യം, സമത്വം, ന്യായനീതി, അന്തസ്സ് ഇത്രയും കാര്യങ്ങളിൽ എല്ലാ അവകാശങ്ങളും ഉൾക്കൊള്ളിക്കാം. ഇവ ഓരോ പൗരനും ഉറപ്പാക്കാൻ രാഷ്ട്രത്തിന് കടമയുണ്ട്. അതു നടപ്പാക്കലാണ് അധികാരത്തിലുള്ളവരുടെ ഉത്തരവാദിത്തം. അതിലെ വീഴ്ച അഥവാ അവകാശ നിഷേധം മനഃപൂർവമായോ അല്ലാതെയോ ഉണ്ടാകുന്നു എന്നുവരുന്നിടത്താണ് മാധ്യമങ്ങളുടെ റോൾ.
നമ്മുടെ രാജ്യത്തെ പൗരജീവിതത്തിൽ നിഷേധങ്ങൾ ശേഷിക്കുന്നുവെങ്കിൽ ഭരണകൂടത്തിന്റെ വീഴ്ച അവിടെയുണ്ട്.
കാവൽനായ്ക്കളുടെ വീഴ്ചയും ഉണ്ടോ ?
മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഇതിൽ പരിശോധനയും വിശകലനവും ആവശ്യമുണ്ട്. മാധ്യമപ്രവർത്തകർക്കു തല്ലു കിട്ടി എന്നു കേൾക്കുമ്പോഴോ അവരെ ഇറക്കി വിട്ടു എന്നു കേൾക്കുമ്പോഴോ ‘അതാവശ്യമായിരുന്നു, രണ്ടു കിട്ടേണ്ടതു തന്നെയാണ്’ എന്നു ജനം പ്രതികരിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ അതെന്തുകൊണ്ട് എന്നു മാധ്യമങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.
അത് ഒരു വശം. അതിനപ്പുറം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതിലൊക്കെ അധികാരികൾ വീഴ്ചതിരുത്തൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ? അതുണ്ടായിട്ടില്ലെങ്കിൽ ജനങ്ങൾ അതിൽ വേണ്ട തരത്തിൽ പ്രതികരിച്ചുവോ? ജനപ്രതിനിധികൾ അതു പരിഗണിച്ചു ശബ്ദമുയർത്തിയോ? എന്നൊക്കെയുള്ള ചോദ്യങ്ങളും സമൂഹത്തിൽ ഉയരേണ്ടതുണ്ട്. ഇതൊന്നും ഉണ്ടാകുന്നില്ലെങ്കിൽ കാവൽനായ് എന്ന ഘടകത്തെ നമ്മുടെ ജനാധിപത്യം അതിന്റെ ഭാഗമായി കാണുന്നില്ല എന്നു വേണം കരുതാൻ. ചൂണ്ടിക്കാണിക്കാനൊന്ന് എന്നതിനപ്പുറം അധികാരികൾക്ക് മാധ്യമങ്ങളും മാധ്യമജാഗ്രതയും ഗണനീയമല്ലെങ്കിൽ കാവൽനായ്ക്കൾക്ക് ചങ്ങലകൾ ഒന്നിലധികം അവർ തീർത്തുകൊണ്ടേയിരിക്കും. അതല്ലെങ്കിൽ അവയെ കൂട്ടിലാക്കി ഓടാമ്പലിടും. കുരച്ചാൽ മതി അതിനപ്പുറം ഒന്നു വേണ്ട എന്നമട്ട്. പൊതുസമൂഹം കൂടി അതു കണ്ടില്ലെന്നു നടിക്കുകയോ കാണാതെപോകുകയോ ചെയ്യുമ്പോൾ ‘നാലാം തൂണ്’ പ്രസക്തമാകാതെയാകും. കാവൽനായ് കൂട്ടിലെ തത്തയും ആകും.
കാവൽനായ് എന്നു പറയണോ? കാവലാൾ എന്നു പോരേ എന്നൊരു തോന്നലുണ്ടായിരുന്നു എനിക്കു പണ്ട്. പട്ടി പാശ്ചാത്യർക്ക് സ്വീകാര്യമാകുന്നത്ര നമുക്കു സ്വീകാര്യമല്ലാത്ത ഒരു പ്രശ്നം കൊണ്ടാകാം ആ തോന്നലുണ്ടായത്. അവമതിക്കാൻ നമ്മൾ ഒരാളെ പട്ടി, നായ് എന്നൊക്കെയാണല്ലോ വിളിക്കുക.
ഇന്ന് ആ ചിന്ത എനിക്കില്ല. ആളെക്കാൾ ഉറച്ച കാവലിനു നല്ലത് നായ് തന്നെയാണ്. ചൈനക്കാർ വൻമതിൽ പണിതത് ശത്രുക്കൾ രാജ്യത്തു കടക്കുന്നത് തടയാനായിരുന്നു. എന്നിട്ടും മൂന്നു തവണ ശത്രുക്കൾ മതിൽ ഭേദിച്ച് ഉള്ളിൽ കടന്നു. മൂന്നുതവണയും കാവൽ നിന്നവർ തുറന്നു കൊടുക്കുകയായിരുന്നു– ദ്രവ്യം വാങ്ങിയിട്ട്. ടിപ്പുവിന്റെ ശ്രീരംഗപട്ടണം കോട്ട പിടിക്കാൻ ബ്രിട്ടിഷുകാർ മിന്നലാക്രമണം നടത്തിയത് ഉച്ച കഴിഞ്ഞയുടനെ ആയിരുന്നു. ആ നേരം കാവൽക്കാർ ഉണ്ടുകഴിഞ്ഞൊന്നുറങ്ങുന്ന പതിവുണ്ടായിരുന്നു!
ഉവ്വ്, കാവൽനായ്ക്കൾ തന്നെയാണ് നന്ന്.
English Summary : Web Column - Vicharam, Madhyamaparam - Media : Watch dog of Democracy