ADVERTISEMENT

മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ, മാധ്യമപ്രവർത്തകരെ മിണ്ടാതാക്കാൻ ചുറ്റും നടക്കുന്ന പ്രവർത്തനങ്ങൾ എവിടെയുമുണ്ടെന്നുറപ്പ്; അതു കൂടിവരുന്നെന്നുമുറപ്പ്. ഇനി തിരിച്ചും ചിലതാലോചിക്കാം. മാധ്യമപ്രവർത്തനത്തിന്റെ വീഴ്ചയ്ക്ക് മാധ്യമ മണ്ഡലത്തിൽ നിന്നുതന്നെ എന്തെങ്കിലും ‘സംഭാവന’ ഉണ്ടാകുന്നുണ്ടോ? മുൻപേ സൂചിപ്പിച്ച പോലെ എവിടെയെങ്കിലും മാധ്യമപ്രവർത്തകർക്ക് തല്ലു കിട്ടിയാൽ അത് ആവശ്യമായിരുന്നു എന്നു പൊതുജനം പറയാൻ ഇടയാക്കുന്ന ഒരവസ്ഥ മാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ? അടിസ്ഥാനപ്രമാണങ്ങൾ പാലിക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വീഴ്ച, വാർത്തകളെ അന്തിമമായി അവതരിപ്പിക്കുന്നതിലേക്കെത്തുന്നതിനുള്ള  രീതികളെ (methods) മാനിക്കുന്നതിലെ അലംഭാവം തുടങ്ങി ധാർമികതയിലെ ഭ്രംശങ്ങൾ വരെ ജനങ്ങളെ അലോസരപ്പെടുത്തുംവിധം മാധ്യമമണ്ഡലത്തിൽ സംഭവിക്കുന്നുണ്ടോ?

ഒരു പ്രശ്നം, ഏതു മേഖലയിലും നുഴഞ്ഞുകയറുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ വരവ് മാധ്യമമേഖലയിലും ഉണ്ടാകുന്നുണ്ടാകാം എന്നതാണ്. മാധ്യമപ്രവർത്തനമോ മാധ്യമ വ്യവഹാരമോ പ്രാഥമിക താല്പര്യമായി ആലോചനകളിലെങ്ങും ഇല്ലാത്തവർ മാധ്യമ സംരംഭങ്ങളുമായി രംഗത്തിറങ്ങുമ്പോൾ മാധ്യമപ്രവർത്തനത്തിലെ അടിസ്ഥാന പ്രമാണങ്ങളോ ധാർമിക മൂല്യങ്ങളോ ഒന്നും അവർ ആദരിക്കുന്ന ഘടകങ്ങളാവില്ല. അത്തരം താൽപര്യങ്ങളെയോ അവരുടെ നുഴഞ്ഞുകയറ്റത്തെയോ ആർക്കും തടയാനാകില്ല. ഒരുപക്ഷേ, പൊതുസമൂഹത്തിനല്ലാതെ. എന്നാൽ ഇത്തരം പ്രച്ഛന്നവേഷങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. സാധാരണജനം ഇതെല്ലാറ്റിനെയും മാധ്യമങ്ങളായി കാണുന്നു. ഇതര ബിസിനസ് മേഖലകളിൽ മുഖ്യതാൽപര്യമുള്ളവർക്ക് മാധ്യമ മേഖലയിൽ താൽപര്യമുണ്ടാകുന്നതിന്റെ ചോദന വരുമാനം, ലാഭം ഇതൊന്നുമല്ല. ഒരിക്കലും മുതൽമുടക്കിനെ വല്ലാതെ ലാഭമായി പെരുപ്പിക്കുന്ന ഒന്നല്ല മാധ്യമ ബിസിനസ്. സോപ്പു കമ്പനിയുടെയോ പലഹാരക്കമ്പനിയുടെയോ പിണ്ണാക്കു കമ്പനിയുടെ പോലുമോ ലാഭം മാധ്യമക്കമ്പനികൾക്ക് ഉണ്ടാവില്ല. അപ്പോൾ അതിനപ്പുറമുള്ള താൽപര്യങ്ങളാണ് നിക്ഷിപ്ത താൽപര്യക്കാർ മാധ്യമമേഖലയിൽ എത്തുന്നതിനു പിന്നിൽ. 

വിവര വിനിമയത്തിന്റെ മണ്ഡലത്തിൽ വെറും കോലാഹലം സൃഷ്ടിക്കുക പോലും അതിലെ ഒരു താൽപര്യമാണ്. ആ കോലാഹലങ്ങൾ കൊണ്ട് തങ്ങളുടെ ഇതര താൽപര്യങ്ങൾക്കെല്ലാം പരിചയൊരുക്കാൻ അവർക്കു കഴിയും. തങ്ങളുടെ താൽപര്യക്കാരുടെ താൽപര്യങ്ങൾക്കും പരിചയൊരുക്കാൻ കഴിയും. ജനാധിപത്യത്തിനു പരിചയൊരുക്കൽ അവരുടെ ആകുലങ്ങളിൽ പെടുന്നില്ല. ഒട്ടൊന്നു ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്താൽത്തന്നെ ഇത്തരം മാധ്യമങ്ങൾ ‘മുഴങ്ങുന്ന ചെമ്പുകലം’ മാത്രമാണെന്ന് തിരിച്ചറിയാനാകും. എന്നാൽ അവയുടെ മൂലപ്രകൃതി അറിയാത്തതു മൂലം ജനങ്ങൾക്ക് മുഴുവൻ മാധ്യമങ്ങളെക്കുറിച്ചും ഇത്തരക്കാർ വഴി അവമതിപ്പ് ഉണ്ടാകും. ഒരുപക്ഷേ പൊതുവായ ആ അവമതിപ്പുണ്ടാക്കലും അത്തരം മാധ്യമങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ടാകാം. അവർ വഴി മറ്റു ചിലരും ലക്ഷ്യം വയ്ക്കുന്നുണ്ടാകാം.

vicharam-madhyamaparam-us-politician-hillary-clinton
Hillary Clinton. Photo Credit: Seth Wenig / AP Photo

അതു നിൽക്കട്ടെ. അതിനപ്പുറം മാധ്യമപ്രവർത്തകർ ലോകത്തിന്റെ മുഴുവൻ കണ്ണാടിയാകുന്നതിൽ വിമുഖത കാട്ടുന്ന ഒരു അവസ്ഥയിലേക്കു വീഴുന്നുണ്ടോ? പക്ഷം എന്നതു സംബന്ധിച്ച് ഉയരുന്ന കാഴ്ചപ്പാടുകൾ നിഷ്പക്ഷമായ നോട്ടങ്ങൾക്കുള്ള പ്രാപ്തി അവർക്കു നഷ്ടമാക്കുന്നുണ്ടോ? നോട്ടങ്ങളിൽ നിഷ്പക്ഷത ഇല്ല എങ്കിൽ ഗ്രഹിക്കല്‍ പൂർണവും വസ്തുനിഷ്ഠവുമാകുമോ?

ഒരു പ്രശ്നം, ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും ലോകം എങ്ങനെയൊക്കെ തിരിയുന്നു, എങ്ങനെയൊക്കെ മറിയുന്നു എന്നത് സാമാന്യ ജനത്തെ അറിയിക്കാൻ മാധ്യമപ്രവർത്തകർക്കു കഴിയണം എന്നതാണ്. മാധ്യമപ്രവർത്തകന്റെ പക്ഷമോ നിലപാടോ ഒന്നും അതിൽ ഇടപെട്ടുകൂടാ. തെസ്യുഡിഡീസിന്റെ രണ്ടായിരത്തിലേറെ കൊല്ലം മുന്‍പത്തെ നിഷ്ഠയ്ക്ക് (‘‘ആദ്യം കേൾക്കുന്നത് അപ്പടി എഴുതുകയില്ലെന്നത് ഒരു നിലപാടായിത്തന്നെ ഞാൻ തീരുമാനിച്ചു. എനിക്കുള്ള പൊതുധാരണകളാൽ നയിക്കപ്പെടില്ല എന്നും. ഞാൻ വിവരിക്കുന്ന സംഭവങ്ങൾക്ക് ഒന്നുകിൽ ഞാൻ തന്നെ സാക്ഷിയാകണം.. അതല്ലെങ്കിൽ അവ ദൃക്സാക്ഷികളിൽനിന്നു കേട്ടിട്ട് നിഷ്കൃഷ്ടമായി മറുപരിശോധനയിലൂടെ (Cross Checking) ഉറപ്പാക്കിയതാകണം ഇതൊക്കെ ആയാലും സത്യം കണ്ടെത്തുക എളുപ്പമല്ല. ഒരേ സംഭവത്തെക്കുറിച്ച് പല ദൃക്സാക്ഷികൾ പല തരത്തിലാകും പറയുക. അത് അവരുടെ പക്ഷപാതം കൊണ്ടാവാം. ഓർമയുടെ ന്യൂനത കൊണ്ടുമാകാം.’’) ഇന്നു പ്രസക്തിയില്ലേ? 

സ്വതന്ത്ര മാധ്യമപ്രവർത്തകർ പക്ഷം പറയുമ്പോൾ തങ്ങൾ മാനവികതയുടെ പക്ഷത്താണ് എന്നു പറയും. അതിൽ കുഴപ്പമൊന്നുമില്ല. നല്ല കാര്യമാണ്. പക്ഷേ ഈ മാനവികത തന്നെയും വസ്തുതകളെ കാണുന്നതിനോ തിരിച്ചറിയുന്നതിനോ തടസ്സമാകുമോ? പ്രഫ. ഹരാരിയുടെ (പ്രഫ. യുവാൽ നോഹ ഹരാരി– സേപ്പിയൻസ്) ഒരു നിരീക്ഷണമുണ്ട് : മാനവികത ഒരു മതമായി മാറിയിരിക്കുന്നു. അപ്പോൾ മറ്റു മതങ്ങൾക്കുള്ള എല്ലാ കുഴപ്പങ്ങളും മാനവികതയിലേക്കു കടന്നുവരും. ഒന്നാമത്തെ കുഴപ്പം മറ്റൊന്നിലും ശരിയില്ല എന്ന തീർപ്പാണ്. അതിനാൽത്തന്നെ മറ്റൊന്നിനെയും അംഗീകരിക്കേണ്ടതുമില്ല. മാനവികതക്കാരും ഈ തലത്തിലെത്തുമ്പോൾ ലോകത്തിന്റെ ഗതിവിഗതികളെ തിരിച്ചറിയാന്‍ കഴിയാത്ത ഒരവസ്ഥയിലും കൂടിയാണ് എത്തുക.

യുഎസ് പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളെ ഇകഴ്ത്തുമ്പോൾ അതിലേക്കു മാധ്യമങ്ങളുടെയും ഒരു സംഭാവനയില്ലേ? 2016 ൽ ട്രംപിനൊരു വിജയസാധ്യതയുണ്ടെന്ന് അമേരിക്കയിലെ ഒരു വ്യവസ്ഥാപിത മാധ്യമത്തിനും കാണാൻ കഴിഞ്ഞില്ലല്ലോ. ട്രംപ് തോറ്റു തൊപ്പിയിടുമെന്നേ എല്ലാ മാധ്യമങ്ങളും നിരീക്ഷകരും പംക്തികാരൻമാരും അവരവരുടെ സൂക്ഷ്മ അവലോകനങ്ങൾക്കൊടുവിൽ നിഗമനം പറഞ്ഞുള്ളു. 85 വരെ സാധ്യത പറഞ്ഞവരുണ്ട് ഹിലരിക്ക്. സർവേകളൊക്കെയും ഹിലരിയെ വിജയിയായി അവതരിപ്പിച്ചു. (ഒരു കയ്യിലെ വിരലിലെണ്ണാൻ മാത്രം പുതുമാധ്യമങ്ങളോ സർവേ സംരംഭകരോ മാത്രമേ ട്രംപിനു സാധ്യത പറഞ്ഞുള്ളു. അതു തന്നെ പൊതുരീതിക്കൊരു എതിർരീതി എന്ന മട്ടിൽ ആയിരുന്നിരിക്കാനും സാധ്യതയുണ്ട്. തോൽക്കും എന്നുറപ്പിച്ചു പറഞ്ഞ ഇത്തരം നിഗമനക്കാരെ ജയിച്ച ട്രംപിനു വില വയ്ക്കാൻ തോന്നാതിരിക്കുന്നതിൽ എന്താണു തെറ്റ്? ആൾ ട്രംപ് ആണ്.

ആ തിരഞ്ഞെടുപ്പുകാലത്ത് ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്ത് അമേരിക്കയിൽ ആയിരുന്നു. തന്റെ ചിത്രപ്രദർശനങ്ങളുടെ വിശേഷങ്ങളൊക്കെ അദ്ദേഹം ഇടയ്ക്കിടെ വാട്സാപ്പിലൂടെ എന്നെ അറിയിക്കുമായിരുന്നു. സൗഹൃദം കൊണ്ട്. ഒരു ദിവസം ഞാനദ്ദേഹത്തെ വിളിച്ചു. വാട്സാപ്പിലൂടെ വിളിക്കാൻ ചെലവില്ലല്ലോ. വിശേഷങ്ങളുടെ കൂട്ടത്തിൽ ഞാൻ തിരഞ്ഞെടുപ്പു വിശേഷങ്ങളും ചോദിച്ചു. അദ്ദേഹം പറഞ്ഞു: പൊതുവിൽ ഹിലരിക്ക് അനുകൂലമായാണ് കാണുന്നത്. ഞാൻ ചോദിച്ചു: ഇത്തവണ ട്രംപല്ലേ വരിക? (ആ ചോദിക്കലിന് എന്നെ തോന്നിപ്പിച്ചത് ബ്രെക്സിറ്റിന്റെ ഗതി ആയിരുന്നു. ബ്രിട്ടനിൽ നിന്നുള്ള ഒരു നിരീക്ഷകൻ അക്കൊല്ലമാദ്യം കേരളത്തിൽ വന്നപ്പോൾ ബ്രെക്സിറ്റിന് ജനത്തിന്റെ അംഗീകാരം ലഭിക്കില്ലെന്നും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടില്ലെന്നും ഉറപ്പിച്ചുപറഞ്ഞിരുന്നു. ഹിലരിയുടെ ജയത്തിലും അദ്ദേഹത്തിനു സംശയമില്ലായിരുന്നു. അതു പാളിയതിന്റെ കാരണങ്ങൾ മാധ്യമങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞിരുന്നുമില്ല, അമേരിക്കൻ തിരഞ്ഞെടുപ്പുവേളയിലും).

‘‘ഇവിടെ ആരും അങ്ങനെയൊന്നു പറയുന്നില്ല. ഞാൻ ഒന്നുകൂടി നോക്കിയിട്ട് രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം.’’

രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. ‘‘ഇല്ല കേട്ടോ. ഞാനിവിടെ പറ്റാവുന്ന എല്ലാ സുഹൃത്തുക്കളോടും, സായിപ്പൻമാരടക്കം ചോദിച്ചു. ഒരാളും ഒരു സാധ്യതയും പറയുന്നില്ല. ഒരു മാധ്യമവും അങ്ങനെ ഒരു സൂചനയും പറയുന്നില്ല.’’

പിന്നെ, ഈ പത്രങ്ങൾ ബാക്കി പറയുന്ന കാര്യങ്ങളിൽ ശരിയുണ്ടെന്ന് ട്രംപിന് എങ്ങനെ തോന്നാൻ! 

എഴുതിയവർക്കും പറഞ്ഞവർക്കുമൊക്കെ ട്രംപ് വിജയിക്കരുതെന്ന് ഉണ്ടായിരുന്നിരിക്കണം; ട്രംപിനെ അറിഞ്ഞതു കൊണ്ട്. പക്ഷേ ട്രംപിന്റെ പക്ഷത്ത് ഒരു മുന്നേറ്റമുണ്ടെന്ന് അവർക്കു കാണാൻ കഴിയണമായിരുന്നു. അതു പറയാനും കഴിയണമായിരുന്നു. അതു പറയുന്നതു വഴിയായിരുന്നു അവർ ജനങ്ങൾക്കു വഴികാട്ടികളാകേണ്ടിയിരുന്നത്. കണ്ടിട്ടും അവർ പറയാതിരുന്നതാണോ? തെസ്യുഡിഡീസ് സൂചിപ്പിച്ച പോലെ സ്വന്തം മുൻവിധികളാൽ അവർ നയിക്കപ്പെട്ടോ? എങ്കിൽ അവർ ഉള്ളതു പറയാതിരുന്നതുവഴി ഹിലരി അമിത ആത്മവിശ്വാസത്തിന്റെ ഇരയായിത്തീർന്നു എന്നും പറയേണ്ടിവരുന്നു. 

കോടങ്കണ്ടത്ത് പിന്നീടൊരിക്കൽ പറഞ്ഞു: ‘‘നാട്ടിൻപുറങ്ങളിലൊക്കെ പോകുമ്പോൾ, പള്ളികളിലൊക്കെ ചെല്ലുമ്പോൾ അവിടെ കണ്ടുമുട്ടുന്ന പണക്കാരായ കർഷകരുടെയും മറ്റും ഇടയിൽ ട്രംപിന്റെ പ്രചാരണങ്ങൾക്കു നല്ല സ്വാധീനം ഉണ്ടല്ലോ എന്ന നമുക്കു തോന്നുമായിരുന്നു. കുടിയേറ്റവിഷയം ഉയർത്തി അവരിലൊക്കെ അരക്ഷിതത്വം സൃഷ്ടിച്ചതു വഴിയാണതു സാധിച്ചതെന്നതു പിന്നെ നമുക്കു മനസ്സിലായി. പക്ഷേ നമ്മൾ മീഡിയയുടെ വിലയിരുത്തലാണല്ലോ കൂടുതൽ കണക്കിലെടുക്കുക.’’ 

ഒബ്ജെക്ടിവിറ്റിക്കും നിഷ്പക്ഷതയ്ക്കുമൊക്കെ നാം പുതിയ അർഥതലങ്ങളും നിർവചനങ്ങളുമൊക്കെ കണ്ടുപിടിച്ചു സങ്കീർണതകൾ സൃഷ്ടിച്ചാലും യാഥാർഥ്യങ്ങൾ തെളിച്ചത്തോടെ കൺമുന്നിൽത്തന്നെ ഉണ്ടാകും. അവയെ അത്തരത്തിൽത്തന്നെ കാണണമെന്നത് മാധ്യമപ്രവർത്തനത്തിലെ അടിസ്ഥാന തത്വമാണ്. അതിൽനിന്ന് മാധ്യമപ്രവർത്തകർ വ്യതിചലിച്ചാൽ അതും മാധ്യമങ്ങളെ കൊന്നുകളയുന്നതിനു വഴിയൊരുക്കലാകും. കൊന്നുകളയൽ തന്നെ ആകും. മാധ്യമങ്ങളുടെ നിലനിൽപിനുള്ള വലിയൊരു ഭീഷണി തന്നെയാകും അത്. എപ്പോഴും ഓർക്കാവുന്നതായി ഒന്നുണ്ട്. മാധ്യമങ്ങളുടെ നിലനിൽപിന് ഒന്നാമതായി വഴികളന്വേഷിക്കേണ്ടത് മാധ്യമ മേഖലയിൽ ഉള്ളവർ തന്നെയാണ്.

‌ടെക്നോളജിയും ഡേറ്റാ അനലിറ്റിക്സുമൊക്കെ ശക്തമായ ടൂളുകളായി സാധാരണ മനുഷ്യരുടെയും കൈകളിലൊക്കെ എത്തുന്ന ഇക്കാലത്ത് നിരീക്ഷണങ്ങളിൽ, കണ്ടെത്തലുകളിൽ മാധ്യമങ്ങൾക്ക് എങ്ങനെ പാളിച്ച പറ്റുന്നു? അതോ ടെക്നോളജിയുടെ വലയിൽ കുരുങ്ങി സാധാരണ മനുഷ്യരുടെ മനസ്സ് അറിയാനുള്ള ശ്രമങ്ങളിലേക്കിറങ്ങാൻ മാധ്യമങ്ങൾക്കു കഴിയാതെ പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതിൽ തിരിച്ചെത്താൻ വഴികളന്വേഷിക്കുന്നുണ്ടോ? ഒരുപക്ഷേ ടെക്നോളജിയുടെ മണ്ഡലം കൂടുതൽ കൂടുതൽ ചെലവേറിയതായി മാറുകയും മാധ്യമങ്ങൾക്കുള്ള സാമ്പത്തികവരവ് മുൻപേ പറഞ്ഞപോലെ കുറഞ്ഞുവരികയും ചെയ്യുന്ന ഒരു കാലത്തിന്റെ പ്രശ്നം അതിലുണ്ടാകാം. അവിടെ വീണ്ടും ജനത്തിന്റെ റോൾ പ്രസക്തമാകുന്നു. സ്വതന്ത്ര മാധ്യമങ്ങൾ നിലനിൽക്കണോ അവയെ നിലനിർത്തണോ എന്നതിലെ തീരുമാനം അവരവരുടേതായി മാറും. 

അധികാരത്തോടു ജനങ്ങൾ കലഹിക്കണമെന്ന, ഭിന്നാഭിപ്രായങ്ങളിലൂടെ, അവയെ മൂർത്തമായി ആവിഷ്ക്കരിക്കുന്നതിലൂടെ ജനങ്ങൾ തങ്ങളുടെ അസ്തിത്വം ജനാധിപത്യത്തിൽ പ്രസക്തമായി നിർത്തണമെന്ന ആശയത്തെ നിലനിർത്തുകയാണ് അതിലേക്കുള്ള മുഖ്യമായ വഴി.

പുതിയൊരു കാലത്ത് അധികാരത്തോട് അങ്ങനെ കലഹിക്കാൻ ജനത്തിന് എത്ര കഴിയും? സത്യാനന്തരകാലം (Post truth) എന്നതിലൂടെ കോവിഡനന്തരകാലം (Post Covid) കാലം എന്നതിലെത്തുമ്പോൾ ലോകമാകെ അധികാരത്തിന്റെ അമർത്തൽ കടുക്കുകയാണ്. ടെക്നോളജി അതിന് അവർക്കുപകരണമാണ്. അധികാരിയുടെ കയ്യിലാകുന്നു ടെക്നോളജി എന്നു വരുമ്പോൾ അത് ദുഷിപ്പിനുള്ള മറ്റൊരു ഉപാധിയും കൂടിയാകും. ടെക്നോളജി മനുഷ്യനെ മിണ്ടാൻ വയ്യാത്ത അവസ്ഥയിലെത്തിക്കുന്നു.

കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഒരു സ്റ്റേഷൻ ഹൗസ് ഓഫിസർ ഒരിക്കൽ ജി ഡി റജിസ്റ്ററിൽ ഒരു കുറിപ്പെഴുതിയത്രേ. അരുതാത്ത നിർദേശം ഉന്നത മേലധികാരിയിൽനിന്നു വന്നെന്നും ബുദ്ധിമുട്ട് സൂചിപ്പിച്ചപ്പോൾ പുലഭ്യം പറഞ്ഞെന്നും. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതൊരു മാധ്യമപ്രവർത്തകന് സൂചനയായി കിട്ടി. എങ്ങനെ ഉറപ്പിക്കും. ജിഡി റജിസ്റ്റർ ഒന്നു കാണാൻ പറ്റുമോ? പറ്റില്ല, അതു ക്യാമറയുടെ നേരേ ചുവട്ടിലാണ് വച്ചിരിക്കുന്നത്. അതിന്റെ ഒരു പടം മൊബൈലിലെടുത്തു കിട്ടുമോ? പറ്റില്ല, അതു ക്യാമറയുടെ നേരേ ചുവട്ടിലാണ്. ഏതു പൊലീസുകാരന്റെയും പണി തെറിക്കും. അതു നിത്യനിരീക്ഷണത്തിൽ തുറന്നിരിക്കുകയാണ്. അതിനു പുറത്തു വെളിപ്പെടാനാകില്ല.

അധികാരത്തിനെതിരെ എന്തു മിണ്ടിയാലും കുറിച്ചാലും സെന്‍ഡ് ചെയ്താലും ഫോർവേഡ് ചെയ്താലും അത് അധികാരി അറിയും എന്നു വരുന്നിടത്ത് അഭിപ്രായ സ്വാതന്ത്ര്യം ഏതു വഴിയേ ആകും പോകുക? ജനങ്ങളുടെ ക്ഷേമമേ എനിക്കറിയേണ്ടു, അതവരുടെ വാക്കുകളിലൂടെ അറിയണം എന്നു നിലപാടെടുക്കുന്ന ഒരു പ്രജാപതി സ്വപ്നങ്ങളിലേ ഉണ്ടാവുകയുള്ളല്ലോ. ക്ഷേമം ഞാൻ ഒരുക്കാം. മിണ്ടാതിരുന്നാൽ മതി, ഞാൻ ക്ഷേമം തന്നു കൊണ്ടേയിരിക്കാം എന്നാകുന്ന അധികാരിയുടെ നിലപാടിൽ അഭിപ്രായത്തിനു പ്രസക്തിയില്ല. അപ്പം കൊണ്ടു ജീവിക്കുക. അതാകുന്നു ക്ഷേമം. അതിനപ്പുറം അറിയുന്നതും പറയുന്നതും കുറ്റകൃത്യമാക്കി നിയമപ്പെടുത്താൻ അധികാരിക്കു കഴിയും. അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയുമാകുന്നു! കൂടുതൽ ജനങ്ങളുടെ പ്രതിനിധികൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.

vicharam-madhyamaparam-us-president-donald-trump
US President Donald Trump. Photo Credit : Mandel Ngam / AFP Photo

ടെക്നോളജി നമ്മെ പൂർണമായും വെളിപ്പെട്ടവരാക്കുന്ന അവസ്ഥയ്ക്കു മുന്നിൽ എന്താണു പോംവഴി? വീണ്ടും നാം കല്ലച്ചിലേക്കു പോകേണ്ടിവരുമോ? കല്ലച്ചിനു സാമഗ്രികൾ വാങ്ങിയവനെ കണ്ടെത്താൻ ടെക്നോളജിക്ക് അപ്പോൾ ഒരു വഴിയുണ്ടാകും.

കാലം മുന്നോട്ടു ചെല്ലുമ്പോൾ ഒരു പക്ഷേ പൗരജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന ഒരു ‘ചിപ്പ്’ അവരുടെ ദേഹത്തു പ്രതിഷ്ഠിക്കപ്പെടാം. ജീവിക്കാൻ അതു വേണ്ടിവരാം. അപ്പോൾ കടലാസും പേനയും വാങ്ങുന്നതു പോലും നിരീക്ഷണത്തിലായേക്കാം.

പിന്നെ കാളിദാസന്റെ നായിക ചെയ്തപോലെയാകും ചെയ്യാനാകുക. താമരയിതളിൽ നഖമുനകൊണ്ടെഴുതുക.

കഴിയില്ല. ഉള്ളിലെ ചിപ്പ് നമ്മുടെ ചിന്തകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ഘടിപ്പിച്ചിട്ടുണ്ടാകും!

ചിന്തകള്‍ ഇല്ലാതാകുകയാകും സുഖകരം.

ചിന്തകൾ ഇല്ലാതാകുമ്പോൾ മാധ്യമങ്ങൾ ഇല്ലാതാകുമല്ലോ.

ജനാധിപത്യവും..

English Summary : Vicharam Madhyamaparam : The future of the media industry post COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com