400 രൂപയോ! ഇൗ മാഗി ന്യൂഡിൽസിന് എന്താണ് ഇത്ര പ്രത്യേകത?
Mail This Article
ന്യൂഡിൽസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ചെറുപ്പക്കാർ മുതൽ കൊച്ചു കുട്ടികൾ വരെ ന്യൂഡിൽസിന്റെ ആരാധകരാണ്. വലിയ സമയമെടുക്കാതെ ഉണ്ടാക്കാൻ കഴിയുമെന്നുള്ളത് മാത്രമല്ല, രുചികരവുമാണ് എന്നതാണ് ന്യൂഡിൽസിന്റെ എടുത്തു പറയേണ്ട സവിശേഷത. തട്ടുകടകളിൽ നിന്നും ലഭിക്കുന്ന മാഗിയുടെ രുചി ഒരിക്കലൊന്നു അറിഞ്ഞവർ പിന്നെയും കഴിക്കാൻ ചെല്ലുമെന്നാണ് അനുഭവസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്. വലിയ തുകയൊന്നും ഈടാക്കാതെ രുചികരമായി കഴിക്കാൻ കിട്ടുന്നതാണ് നമ്മുടെ തട്ടുകടകളിൽ നിന്നുമുള്ള മാഗി ന്യൂഡിൽസ്. എന്നാൽ കഴിഞ്ഞ നാളുകളിൽ സോഷ്യൽ ലോകത്തു തരംഗമായ മാഗി ന്യൂഡിൽസിന് വിലയെത്രെയാണന്നല്ലേ? 400 രൂപ. ഒരു തെരുവ് കച്ചവടക്കാരനാണ് ന്യൂഡിൽസ് ഉണ്ടാക്കുന്നതും ഇത്രയും കൂടിയ വിലയിൽ വിൽക്കുന്നതും. ഡൽഹിയിലെ പശ്‌ചിം വിഹാറിൽ നിന്നുമുള്ള ബണ്ടി മീറ്റ് വാല എന്ന കൊച്ചുകടയിൽ നിന്നുമുള്ള മാഗിയുടെ വിഡിയോ കണ്ടവർ ചോദിക്കുന്നത് ഇതിനൊപ്പം സ്വർണം കൂടി ചേർക്കുന്നുണ്ടോ എന്നാണ്.
എന്തായിരിക്കും 400 രൂപയുടെ മാഗി ന്യൂഡിൽസിനെ സ്പെഷ്യൽ ആക്കുന്നത്? വിഡിയോ കണ്ടവർ അതിനു താഴെ ചോദിക്കുന്നത് ഇതാണ്. ആ കൂട്ട് വേറൊന്നുമല്ല. മാഗിക്കൊപ്പം മട്ടൺ ചേർത്ത് വിളമ്പുന്നതു കൊണ്ടാണ് അതിനു ഇത്രയും വിലയേറുന്നത്. ''ബക്രെ കെ നക്രെ'' എന്നാണ് സ്പെഷ്യൽ വിഭവത്തിന്റെ പേര്. രുചി വർധിക്കാൻ ഒരു പ്രത്യേക മസാലയും മട്ടൺ വെന്ത ഗ്രേവിയുമൊക്കെയാണ് ന്യൂഡിൽസിൽ ചേർക്കുന്നത്. എരിവ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ രുചിക്കൂട്ട് ഇഷ്ടപ്പെടുമെന്നത് തീർച്ചയാണ്. നല്ല ചുവന്ന നിറത്തിലുള്ള ഗ്രേവിയിൽ ഒരു മട്ടൺ കഷ്ണം കൂടി ചേർത്താണ് ന്യൂഡിൽസ് പാകം ചെയ്തു കയ്യിലേക്ക് തരുന്നത്. എങ്ങനെയാണു തയാറാക്കുന്നത് എന്നതിന്റെ വിശദമായ വിഡിയോയുമുണ്ട്.
400 അല്ല വെറും 40 രൂപ മാത്രം വരുന്ന വിഭവമാണിതെന്നും വില ഒരുപാടു കൂടുതലാണെന്നും നിരവധി പേർ വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ''ഒരു മാസത്തിനുള്ള മാഗി ഈ ഒരു തുകയിൽ കിട്ടുമല്ലോ'' എന്നാണ് മറ്റൊരാളുടെ കമെന്റ്. സോഷ്യൽ ലോകത്തു വൈറലായ വിഡിയോ ചുരുങ്ങി ദിവസങ്ങൾ കൊണ്ട് കണ്ടത് 2 .8 മില്യൺ ആളുകളാണ്. ധാരാളം പേർ പുതിയ വിഭവത്തിനെ ലൈക് നൽകി സ്വാഗതം ചെയ്തിട്ടുമുണ്ട്.
English Summary: this expensive maggi priced at rs 400