പലിശയിൽ യുഎസ് കടുംവെട്ട്; ഗൾഫ് രാജ്യങ്ങൾ ഒപ്പം ചേർന്നത് എന്തിന്? ഇന്ത്യയിലേക്ക് വിദേശനാണ്യമൊഴുകും
Mail This Article
പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീറ്റെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30-വർഷ ഭവന വായ്പയുടെ പലിശനിരക്ക് ഇന്ന് 6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും.