‘കാലം’ ഒഴുകുന്നു, ഒപ്പം ഞാനും!- നവതി വേളയിൽ മനസ്സു തുറന്ന് എംടി വാസുദേവൻ നായർ
Mail This Article
പറയാനുള്ളതെല്ലാം എംടി പറഞ്ഞുകഴിഞ്ഞതാണ്. ചോദ്യങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പലപ്പോഴും ഉത്തരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിനും മറുപടി പറയാൻ താനുണ്ട് എന്ന വിചാരം അദ്ദേഹത്തിനില്ല. തന്റെ വാക്കുകളിൽ എല്ലാറ്റിനും തീർപ്പുണ്ട് എന്നും വാക്കുകളുടെ ഈ പെരുന്തച്ചൻ വിചാരിക്കുന്നില്ല. അല്ലെങ്കിലും എന്തിനൊക്കെയാണ് തീർപ്പുള്ളത്! ഈ കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ എംടിക്ക് 90 വയസ്സു തികയും. അതങ്ങനെയേ പറയാനാകൂ. ഔദ്യോഗിക രേഖകളിൽ ജൂലൈ 15 എന്നൊരു ജന്മദിനം ഉണ്ട്. ജനിച്ച വർഷത്തെ ഉത്തൃട്ടാതി വച്ചു ഗണിച്ചു ചെയ്യുമ്പോൾ അതു ജൂലൈ 15 അല്ല. ഓഗസ്റ്റ് 9 ആണ്. ‘‘അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അക്കാലത്ത് അതൊന്നും പ്രധാനമല്ലല്ലോ.’’ നവതിയിൽ അദ്ദേഹം വിചാരിക്കുന്നത് കാലം തന്നോട് കുറേ കരുതൽ കാട്ടി എന്നാണ്. ഉള്ളിൽ ആരോടൊക്കെയോ അതിനു നന്ദി പറയാനുണ്ട്. പിറക്കാൻ അവസരം കൊടുക്കേണ്ടതില്ല എന്ന് വൈദ്യൻമാർ നിശ്ചയിച്ച ഒരു ഗർഭം. പക്ഷേ ഗർഭത്തിലെ ആ ശിശു മരിക്കാൻ തയാറായില്ല. ഒരുപാടു പരാധീനതകളോടെ പിറന്ന ആ കുഞ്ഞിനോട് ആരോഗ്യം അകന്നുനിന്നു. ഏകാകിത കനപ്പെടുത്തിയത് അവന്റെ ഉള്ളിനെയാണ്. അക്ഷരങ്ങളായി അവനു കൂട്ട്. പുസ്തകങ്ങൾ തേടി അവൻ നാഴികകളേറെ നടന്നു; കടം കൊണ്ടു വായിക്കാൻ. താൻ വായിച്ചവരായിരുന്നു അവനു വലിയ ആളുകൾ. അവരെപ്പോലെയാകാൻ അവൻ മോഹിച്ചു. എഴുതാതെ അവനു കഴിയില്ലായിരുന്നു. എഴുത്ത് അവന്റെയുള്ളിൽ ഒരു പീഠമിട്ടിരുന്നു. ജ്ഞാനപീഠത്തോളം എത്താനുള്ള ഒരിരുപ്പ്. കാലമൊഴുകുന്നു, ഒപ്പം ഞാനുമൊഴുകുന്നു എന്ന വിചാരം ഉള്ളിലൊഴുകുന്നതിന്റെ നേർത്ത ധ്വനികളായി അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തേക്കു വരുന്നു. നവതിയുടെ പൂമുഖത്തിരുന്ന് എംടി സംസാരിക്കുന്നു: