‘കുത്തുപാളയെടുത്ത്’ കോടീശ്വരി; ‘റിയൽ’ ആയി ചൈനീസ് മാന്ദ്യം? ഭീമൻ കടത്തിൽ തകർന്ന് വമ്പൻ കമ്പനികൾ
Mail This Article
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ ‘സ്ഥാനമാറ്റം’ ആയിരുന്നു. ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ. സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.