എംടിയുടെ പ്രസംഗം
Mail This Article
എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കേരളത്തിൽ ലഭിക്കുന്ന ശ്രദ്ധപോലെയൊന്ന് മറ്റ് ഇന്ത്യൻ സമൂഹങ്ങളിൽ സാധാരണമല്ല; കർണാടകയിലും ബംഗാളിലുമൊഴികെ. ചരിത്രപരമായി വായനക്കാരുടെ സമൂഹമാണ് നാം എന്നതായിരിക്കാം ഒരു കാരണം; അച്ചടിവിദ്യ കൊണ്ടുവന്ന വെള്ളക്കാർക്കു നന്ദി. എല്ലാ വായനക്കാരും സാഹിത്യവായനക്കാരല്ല. പക്ഷേ, മാധ്യമ സാന്നിധ്യത്തിലൂടെയും മറ്റു വേദികളിലൂടെയും എഴുത്തുകാർ പൊതുസമൂഹത്തിനു മുന്നിലുണ്ട്. എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കിട്ടുന്ന ശ്രദ്ധയുടെ മറ്റൊരു കാരണം സാഹിത്യം എന്ന കലയുടെ വിശ്വാസ്യതയായിരിക്കാം. പ്രശസ്തങ്ങളായ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ ജീവൻ കൈക്കൊള്ളുന്നു. ബഷീറിന്റെ പാത്തുമ്മയും ഉറൂബിന്റെ ഉമ്മാച്ചുവും വിജയന്റെ രവിയും എംടിയുടെ ഭീമനും ബെന്യാമിന്റെ നജീബുമെല്ലാം അങ്ങനെയുള്ളവരാണ്. ഇതിനെല്ലാമുപരി, ചരിത്രപരമായി കേരളത്തിലെ എഴുത്തുകാർ പൊതുവിൽ പുരോഗമനപരമായ രാഷ്ട്രീയ – സാമൂഹിക നിലപാടുകളുള്ളവരായിരുന്നു.