ആട്ടവും പാട്ടും മറന്നു; കൈ നനയാതെ മീൻ പിടിക്കുമോ കോൺഗ്രസ്...?
Mail This Article
അടുത്ത കാലത്ത് കോൺഗ്രസുകാർക്ക് നിനച്ചിരിക്കാതെ ഒരു ആയുധം കിട്ടിയത് ജ്ഞാനപീഠം കയറിയ കേരളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻ നായരിൽനിന്നുമായിരുന്നു. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി പറഞ്ഞ വാക്കുകളുടെ ശക്തി ഏകാധിപത്യ പ്രവണതയെ ചൊല്ലിയും അത്തരം അധികാര കേന്ദ്രങ്ങൾക്കു നേരെ വിരൽ ചൂണ്ടിയുമായിരുന്നു. നിനച്ചിരിക്കാതെ ലഭിച്ച ആ വജ്രായുധം എടുത്ത് പ്രയോഗിക്കാൻ കോൺഗ്രസിനു കഴിയേണ്ടതുമായിരുന്നു. ആദ്യ കുറച്ച് ദിവസങ്ങൾ കോൺഗ്രസുകാർ അത് പാടി നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എംടിയുടെ പ്രസംഗത്തിലെ വരികൾ പോലും മറന്നുപോയി. ടി.പത്മനാഭൻ, എം.മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോൺഗ്രസുകാർക്ക് അതിന്റെ അർഥവും വ്യാപ്തിയും അത്രയ്ക്കങ്ങ് പിടികിട്ടിയില്ലെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എംഎൽഎ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. കലയും സർഗാത്മകതയും ആയിട്ടുള്ള കൊടുക്കൽ വാങ്ങലുകളിൽനിന്ന് പിറകോട്ടു പോയതിനെ കുറിച്ച് വിമർശന ബുദ്ധിയോടെ കോൺഗ്രസ് ആത്മവിമർശനം നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ വാക്കുകൾ. കേരളം മുഴുവൻ കോൺഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന നടൻ പ്രേംനസീറിന് ഉചിതമായ സ്മാരകം ഒരുക്കാൻ പോലും കോൺഗ്രസിനായില്ലെന്നതും ഒട്ടേറെ ഉദാഹരണങ്ങളിൽ ഒന്നായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.