ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള പലിശ കൊണ്ടാണോ നിങ്ങൾ കഴിയുന്നത്?

Mail This Article
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വീണ്ടും കുറച്ചുകൊണ്ടുള്ള ആര് ബി ഐ നടപടി സാമ്പത്തിക പ്രതിസന്ധികാലത്ത് വായ്പാ പലിശയില്‍ വലിയ ആശ്വാസം നല്‍കും. കൊറോണ വ്യാപനത്തെ തുടര്‍ത്തുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഇതിനകം പല തവണ പലിശ നിരക്കില്‍ കേന്ദ്രബാങ്ക് കുറവ് വരുത്തിയിട്ടുണ്ട്. വെളളിയാഴ്ചത്തെ പ്രഖ്യാപനമനുസരിച്ച് ആര് ബി ഐ വാണിജ്യബാങ്കുകള്‍ക്ക് നല്കുന്ന പലിശ നിരക്കായ റിപ്പോ .4 ശതമാനം കുറച്ച് 4.4 ല്‍ നിന്ന് നാല് ശതമാനമാക്കി. ഒപ്പം ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോയിലും .4ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇത് 3.75 ല്‍ നിന്ന് 3.35 ശതമാനമാക്കിയാണ് കുറച്ചത്.
കുറഞ്ഞ ചെലവില്‍ വായ്പ നല്കി പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആര് ബി ഐ നടപടികളില്‍ അവസാനത്തേതാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇൗ രണ്ട് നടപടികളും വായ്പ ചെലവ് കുറയ്ക്കും. ഒപ്പം നിക്ഷേപ പലിശയും കുറയും എന്നൊരു ദോഷവുമുണ്ട്. കോവിഡ് 19 വ്യാപന പ്രതിസന്ധിയും അനിശ്ചിതത്വവും തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നിരക്കുകുറയ്ക്കൽ ആവശ്യമായി വന്നത്.
30 ലക്ഷത്തിന്റെ ഭവന വായ്പയില്‍ കുറവ് ഇങ്ങനെ
ആര് ബി ഐയുടെ അപ്രതീക്ഷിതമായ നടപടി ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ ഇ എം ഐ യില്‍ കുറവ്് വരുത്തും.
നിലവില്‍ 7.4 ശതമാനത്തിന് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പ എടുത്തിട്ടുള്ള കസ്റ്റമര്‍ക്ക് പുതിയ നടപടി പലിശ നിരക്ക് 7 ശതമാനമായി കുറയുന്നതിന് ഇടയാക്കും. ഇത് ഇ എം ഐ യില്‍ കാര്യമായ വ്യത്യാസം വരുത്തും.
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പ
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയ്ക്ക്് നേരിട്ട് ഇളവ്് ലഭിക്കും. 30 ലക്ഷം രൂപയുടെ വായ്പ കാലാവധി 20 വര്ഷമാണെങ്കില് പുതിയ നടപടിയിലൂടെ ഇ എം ഐ യില്‍ 726 രൂപ ലാഭിക്കാമെന്നാണ് കണക്ക്.
എക്സ്റ്റേണല്‍ ബഞ്ച് മാര്‍ക്ക്
അതേസമയം എക്സേറ്റണല്‍ ബഞ്ച് മാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുുളള വായ്പകള്‍ക്ക് ഈ ആനുകൂല്യത്തിന് അടുത്ത റീസെറ്റ് പീരിയഡ് വരെ കാത്തിരിക്കേണ്ടി വരും. ഒരോ മൂന്ന് മാസം കൂടുമ്പോഴും നിരക്കുകള്‍ റീസെറ്റ് ചെയ്യണമെന്നാണ് ആര് ബി ഐ ബാങ്കുകള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം. അതുകൊണ്ട് അടുത്ത മൂന്ന് മാസം കാത്തിരിക്കേണ്ടി വരും ഈ ആനുകൂല്യം ലഭിക്കാന്‍.
എം സി എല്‍ ആര്
മാര്‍ജിനല്‍ ലെന്റിങ് റേറ്റ് മാനദണ്ഡമനുസരിച്ചാണ് നിങ്ങളുടെ വായ്പയെങ്കില്‍ നിരക്ക് ബാങ്ക് കുറച്ചാല്‍ മാത്രമെ അതിന്റെ പ്രയോജനം ലഭിക്കു. കാരണം ആര്‍ബി ഐ റേറ്റ് കട്ട് അടക്കമുള്ള നടപടികള്‍ മാത്രമല്ല അതത് ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളും കുടി പരിഗണിച്ചുള്ളതാണ് എം സി എല്‍ ആര് റേറ്റ്. അതുകൊണ്ട് അടുത്ത റീസെറ്റ് തീയതിയിലേ ഈ ആനുകൂല്യം നിങ്ങളിലേക്ക് ബാങ്ക് കൈമാറൂ. നേരത്തെ ഇതിന് ബാങ്കുകള്‍ നേരിയ ഫീസ് ഈടാക്കിയിരുന്നു. സാധാരണ ആറ് മാസമോ ഒരു വര്‍ഷമോ ആണ് റീസെറ്റ് പീരിയഡ്. നിലവില്‍ എസ് ബി ഐയുടെ ഒരു വര്‍ഷത്തെ എം സി എല്‍ ആര് നിരക്ക്് 7.25 ശതമാനമാണ്. ആറു മാസത്തേത് 7.20 വും.
നിക്ഷേപ പലിശ കുറയും
അതേസമയം നിക്ഷേപ പലിശയില്‍ കുറവ് വരാനും ആര് ബി ഐ നടപടി ഇട വരുത്തും. ഇപ്പോള്‍ തന്നെ നിക്ഷേപ പലിശ നിരക്ക് വളരെ കുറഞ്ഞ തോതിലായതിനാല്‍ മുതിര്‍ന്ന പൗരന്മാര്ക്കടക്കം പ്രത്യേക നിരക്കുകള്‍ ബാങ്കുകള്‍ പ്രഖ്യാപിച്ചു വരവെയാണ് ആര് ബി ഐ യുടെ അപ്രതീക്ഷിത നടപടി. റിവേഴ്സ് റിപ്പോ 3.75 ശതമാനത്തില്‍ നിന്ന് 3.35 ശതമാനത്തിലേക്ക് കുറച്ചതും നിക്ഷേപ പലിശ കുറയാന്‍ ഇടായക്കും.
ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തി അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്കാണ് ഇത് പ്രതിസന്ധിയുണ്ടാക്കുന്നത്. മാര്‍ച്ചിലെ റേറ്റ് കട്ടിന് ശേഷം രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അര ശതമാനം വരെ പലിശ നിരക്ക് കുറച്ചിരുന്നു. മേയില്‍ വീണ്ടും നിരക്ക് പുനപരിശോധന നടത്തുകയും ചെയ്തു. നിലവില്‍ എസ് ബി ഐ യുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാരാണെങ്കില് അര ശതമാനം അധികം ലഭിക്കും.