ഇനി എപ്പോൾ വേണമെങ്കിലും വൻ തുക കൈമാറാം
Mail This Article
ഉയര്‍ന്ന മൂല്യമുള്ള തുകകള്‍ ഓണ്‍ലൈനിലൂടെ കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമായ ആര് ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഡിസംബര്‍ ഒന്നു മുതല്‍ ദിവസവും 24 മണിക്കൂറും ലഭ്യമാകും. നിലവില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതായത് നാളെ മുതല്‍ ഏത് ദിവസവും ഏത് സമയത്തും വലിയ തുകകള്‍ ഓണ്‍ലൈന്‍ ബാങ്കിങിലൂടെ അക്കൗണ്ടുടമയ്ക്ക് സ്വയം കൈമാറാം. നിലവില്‍ ബാങ്ക് അവധിയുള്ള രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഇത് പ്രവര്‍ത്തിക്കുകയില്ല. ഇതാണ് 365*7*24 എന്ന രീതിയിലേക്ക് ആര് ബി ഐ പരിഷ്കരിക്കുന്നത്.
താരതമ്യേന ചെറിയ മൂല്യമുള്ള തുകകള്‍ കൈമാറുന്ന എന്‍ ഇ എഫ് ടി ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട ്ട്രാന്‍സ്ഫര്‍) യും സമയ ക്ലിപ്തത മാറ്റി നേരത്തെ പരിഷ്കരിച്ചിരുന്നു. ആഗോള വിപണിയ്ക്കൊപ്പം രാജ്യത്തെ ധനവിപണിയും ചേര്‍ന്നു പോകുന്നതിന് വേണ്ടിയാണ് നടപടി.
പരിധിയില്ല
ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് കൂടിയ തുക ഓണ്‍ലൈനായി മാറ്റുന്നതിനാണ് ആര് ടി ജി എസ് സംവിധാനം ഉപയോഗിക്കുന്നത്. രണ്ട് ലക്ഷം രൂപ മുതല്‍ ഇങ്ങനെ അയയ്ക്കാം. ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ബാങ്കുകള്‍ സാധാരണയായി 10 ലക്ഷം വരെയാണ് ഇങ്ങനെ കൈമാറാന്‍ അനുവദിക്കുക.
ചാര്‍ജുണ്ട്
ആര് ടി ജി എസിന് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാറുണ്ട്. ഓരോ ബാങ്കും വ്യത്യസ്ത നിരക്കുകളായിരിക്കും ഈടാക്കുക. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള കൈമാറ്റത്തിന് ചാര്‍ജ് 24.50 രൂപയില്‍ കൂടാന്‍ പാടില്ല. അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കില്‍ പരമാവധി തുക 49.50 രൂപയാണ് ഈടാക്കാവുന്ന തുകയെന്ന് ആര് ബി ഐ വ്യക്തമാക്കുന്നു.
English Summary : RTGS will be available for 24 Hours from Tomorrow onwards