മുട്ടുവിന്‍ തുറക്കപ്പെടും, പക്ഷേ ക്രഡിറ്റ് സ്‌കോര്‍ കുറഞ്ഞുകൊണ്ടേയിരിക്കും
Mail This Article
ക്രഡിറ്റ് സ്‌കോര്‍ മോശമായാല്‍ ഉറപ്പാണ് വായ്പ നിഷേധിക്കപ്പെടുമെന്നത്. ഒരു ബാങ്ക് വായ്പ നിഷേധിച്ചാല്‍ നമ്മള്‍ ഉടനെ എന്താണ് ചെയ്യുന്നത്. അടുത്ത ബാങ്കിനെ സമീപിക്കും. അവിടെ നിന്നും വായ്പ കിട്ടിയില്ല എങ്കില്‍ അടുത്ത ബാങ്ക്. ഇതിനേക്കാള്‍ വലിയ ആത്മാഹത്യാപരമായ സമീപനം വേറെയില്ല. കാരണം ഓരോ തവണ ഇങ്ങനെ വായ്പ അന്വേഷിക്കുമ്പോഴും നിങ്ങളുടെ ക്രഡിറ്റ് സ്‌കോറില്‍ കുറവ് വരും എന്നത് മറക്കരുത്. ഓരോ തവണ നിങ്ങള്‍ വായ്പയ്ക്ക് ബാങ്കുകളില്‍ അപേക്ഷ നല്‍കുമ്പോഴും ബാങ്ക് ക്രഡിറ്റ് ബ്യൂറോയോട് റിപ്പോര്‍ട്ട് തേടും. അപ്പോഴും നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ കുറയും. അത്തരം അന്വേഷണങ്ങള്‍ക്ക് നിങ്ങളുടെ സ്‌കോറില്‍ ബ്യൂറോകള്‍ 10 ശതമാനത്തോളം വെയിറ്റേജാണ് ചുമുത്തുക എന്നത് മറക്കരുത്. ഒരേ സമയം ഒന്നിലേറെ ബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷിച്ചാലും ഇത്തരത്തില്‍ കൂടുതല്‍ അന്വേഷണം ക്രഡിറ്റ് ഏജന്‍സികളിലേക്ക് നിങ്ങളെ സംബന്ധിച്ച് ചെല്ലും. അപ്പോള്‍ വീണ്ടും വീണ്ടും നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ കുറഞ്ഞുകൊണ്ടിരിക്കും.
വായ്പയ്ക്കുള്ള അർഹത സ്വയം വിലയിരുത്താം
ഒരിക്കല്‍ ക്രഡിറ്റ് സ്‌കോര്‍ മോശമായതുകൊണ്ട് വായ്പ നിഷേധിക്കപ്പെട്ടാല്‍ സ്‌കോര്‍ മെച്ചപ്പെടാതെ പുതിയ വായ്പാ അപേക്ഷ ബാങ്കുകളില്‍ നല്‍കരുത്. ബാങ്കില്‍ അപേക്ഷ നല്‍കി അവര്‍ അത് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തശേഷമാണ് നിങ്ങള്‍ അറിയുന്നത് പലിശ കൂടുതലാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച തുക കിട്ടില്ല എന്ന്. വായ്പാ അപേക്ഷ കൊടുക്കും മുമ്പ് തന്നെ പലിശ നിരക്ക്, എത്ര തുക വായ്പ കിട്ടും തുടങ്ങിയ കാര്യങ്ങള്‍ അനൗപചാരികമായി സംസാരിച്ച് ഉറപ്പാക്കണം. എല്ലാ കാര്യങ്ങളും തീര്‍ച്ചപ്പെടുത്തിയ ശേഷം മാത്രമേ അപേക്ഷ നല്‍കാവൂ. വായ്പകളുടെ വിശദാംശങ്ങൾ ബാങ്ക് സൈറ്റുകളിൽ പോയി മനസിലാക്കാം. വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഉണ്ട്. അവ പരിശോധിച്ച് വായ്പകളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടാക്കാം. ലോണ്‍ കാല്‍ക്കുലേറ്ററുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് വായ്പ ലഭിക്കാനുള്ള നിങ്ങളുടെ അര്‍ഹത സ്വയം വിലയിരുത്താം.
(ഇ മെയ്ല്‍ jayakumarkk8@gmail.com)
English Summary :Never Ask Keep these Things in Mind Before Approching for Loan in Banks