പലിശ നിരക്കിലെ കുറവ് നിങ്ങളുടെ ഭവന വായ്പയ്ക്കും കിട്ടിയോ?
Mail This Article
പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനത്തിലേക്ക് താഴ്ത്തിയതോടെ വായ്പ പലിശയില്‍ നല്ല കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഈ കുറവ് ഇടപാടുകാര്‍ക്ക് അതേ പടി ബാങ്കുകള്‍ കൈമാറുന്നുണ്ടോ? നിലവില്‍ വിവിധ ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്ക് 6.75 ശതമാനത്തില്‍ തുടങ്ങുന്നു. ഭവന വായ്പ പലിശ നിരക്കിലെ ശരാശരി എടുത്താല്‍ 7.25 ശതമാനം വന്നേയ്ക്കും. എന്നാല്‍ ഈ കുറവ് ഭവന വായ്പ എടുക്കുന്നവരിലേക്ക് അതേ പടി ബാങ്കുകള്‍ കൈമാറുന്നില്ല. പലപ്പോഴും ഇതിന് ബാങ്കുകള്‍ പല സൂത്രങ്ങള്‍ കണ്ടുപിടിക്കും. 2019 ഒക്ടോബറിന് ശേഷം ആര്‍ ബി ഐ യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച നിരക്കേ വായ്പകള്‍ക്ക് ഈടാക്കാവു എന്ന നിബന്ധനയുണ്ട്. ആര്‍ ബി ഐ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയാലും ബാങ്കുകള്‍ വായ്പകളിലേക്ക് ഇത് കൈമാറാന്‍ മടിക്കുന്നു എന്ന ആക്ഷേപമാണ് റിപോ അധിഷ്ഠിത വായ്പ നിരക്ക് നിഷ്‌കര്‍ഷിക്കാന്‍ കാരണം. എന്നാല്‍ ഈ ചട്ടം കര്‍ശനമാക്കിയതോടെ 'ക്രെഡിറ്റ് സ്‌കോറി' ല്‍ തൂങ്ങിയാണ് ബാങ്കുകള്‍ പലിശ ആനുകൂല്യം ഇടപാടുകാര്‍ക്ക് കൈമാറാതിരിക്കുന്നത്.
എന്താണ് ക്രെഡിറ്റ് സ്‌കോര്‍
ഒരാളുടെ വായ്പക്ഷമത വിലയിരുത്താനുള്ള ബാങ്കുകളുടെ മാനദണ്ഡമാണ് ക്രെഡിറ്റ് സ്‌കോര്‍. ട്രാന്‍സ് യൂണിയന്‍ സിബില്‍ എന്ന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ് കമ്പനികളുടെയും വ്യക്തികളുടെയും വായ്പ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ റെക്കോഡ് സൂക്ഷിക്കുന്നത്. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോറിനെ സിബില്‍ സ്‌കോര്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. 300 മുതല്‍ 900 വരെയാണ് ഇത്തരത്തില്‍ വായ്പ ശേഷിയെ വിലയിരുത്തി വ്യക്തികള്‍ക്ക് സ്‌കോര്‍ അനുവദിക്കുന്നത്. 700 മുതലുള്ള സ്‌കോര്‍ എന്നാല്‍ മികച്ച ക്ഷമത എന്നാണര്‍ഥം.
സ്‌കോര്‍ ഉയര്‍ത്തി
പലിശ നിരക്ക് കുറഞ്ഞതോടെ ഇത് ഇടപാടുകാരിലേക്ക് മാറ്റേണ്ടി വന്ന ബാങ്കുകള്‍ കണ്ടെത്തിയ മാര്‍ഗം ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുക എന്നുള്ളതാണ്. റിസ്‌ക് കൂടുന്നു എന്നതാണ് ഇതിന് പറയുന്ന ന്യായം. അതായത് മുമ്പ് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കാന്‍ പരിഗണിച്ചിരുന്ന സ്‌കോറുകള്‍ ഉയര്‍ത്തി ഉപഭോക്താവിന്റെ യോഗ്യത കുറച്ചു. മാത്രമല്ല ക്രെഡിറ്റ് സ്‌കോറിന് ഇടയില്‍ പല തട്ടുകളിലായി സ്ലാബുകള്‍ ഓരോ ബാങ്കും നിശ്ചയിച്ചു.
യോഗ്യത കുറച്ചു
ഉദാഹരണത്തിന് മുമ്പ് 700 ന് മുകളില്‍ മികച്ച ക്രെഡിറ്റ് സ്‌കോറായിട്ടാണ് പരിഗണിച്ചിരുന്നത്. അതായത് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കാന്‍ യോഗ്യനായ വ്യക്തി. തിരിച്ചടവ് ശേഷിയിലും വായ്പാ ചരിത്രത്തിലും മികവ് പുലര്‍ത്തുന്ന ആള്‍. ഉദാഹരണത്തിന് 700 ന്് മുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ളയാള്‍ക്ക്് കാനറാ ബാങ്കില്‍ നിന്നുള്ള ഭവനവായ്പ 6.9 ശതമാനത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ സ്‌കോറുമായി നിലവിലുള്ള ഭവനവായ്പ എം സി എല്‍ ആറില്‍ നിന്ന് ആര്‍ എല്‍ എല്‍ ആറിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയ ഉപഭോക്താവിന് പുതിയ പലിശ നിരക്ക് അനുവദിച്ച് വന്നത് 7.4 ശതമാനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ 750 ന് മുകളില്‍ സ്‌കോറുള്ളവര്‍ക്കാണ് ചുരുങ്ങിയ പലിശ നിരക്കെന്നും 750 വരെ 7.4 ശതമാനമാണ് നിരക്കെന്നുമായിരുന്നു ന്യായം. അതായത് പലിശ നിരക്കില്‍ ആര്‍ ബി ഐ വരുത്തുന്ന കുറവ് അപ്പപ്പോള്‍ ഇടപാടുകാരിലേക്ക് കൈമാറാന്‍ ബാങ്കുകള്‍ ഇപ്പോഴും വിസമ്മതിക്കുകയും പുതിയ തന്ത്രങ്ങളൊരുക്കുകയും ചെയ്യുന്നു.
English Summary : Credits Score and Home Loan