സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുതിക്കുന്നത് ശേഷാദ്രി വരുന്നതിന് മുന്നോടിയോ?
Mail This Article
തൃശൂർ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് ആറ് ശതമാനത്തിലേറെ ഉയർന്ന് 22.40 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈ ഓഹരികളിൽ ഇന്ന് ബ്ലോക്ക് ഡീൽ നടന്നിരുന്നു. 12 കോടിയിലധികം ഓഹരികളാണ് കൈമാറിയത്. ബാങ്കിന് പുതിയ മാനേജിങ് ഡയറക്ടർ സ്ഥാനമേൽക്കുന്നതിന്റെ മുന്നോടിയായാണ് ഓഹരികളുടെ ഈ കുതിപ്പ് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പിആർ ശേഷാദ്രി പുതിയ അമരക്കാരൻ
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായി പിആർ ശേഷാദ്രിയെ നിയമിക്കുന്നതിന് ആർബിഐ ഇന്നലെ അംഗീകാരം നൽകിയതിനു പുറകെയാണ് ഓഹരികളിലെ ഈ കുതിപ്പ്. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ശേഷാദ്രിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാൻ സാധിക്കും എന്ന് ഓഹരിരംഗത്തെ വിദഗ്ധർ വിശ്വസിക്കുന്നു. ഒക്ടോബർ ഒന്നുമുതൽ മൂന്ന് വർഷത്തേക്കാണ് ശേഷാദ്രിയുടെ സേവന കാലയളവെന്ന് ബാങ്ക് അറിയിച്ചു.
ഡിജിറ്റൽ മുന്നേറ്റം
നിലവിലെ എംഡിയും സിഇഓ യുമായ മുരളി രാമകൃഷ്ണൻ സെപ്റ്റംബർ 30 ന് സ്ഥാനമൊഴിയും. ഇന്ത്യൻ ബാങ്കിങ് മേഖല ഡിജിറ്റൽ രംഗത്തേക്കുള്ള ചുവട് വെപ്പിന്റെ പാതയിലാണ് ശേഷാദ്രി ചുമതലയേൽക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്വർണ വായ്പ ഉൾപ്പടെയുള്ള വായ്പകൾ ഡിജിറ്റലാക്കുന്നതിലും മറ്റും സൗത്ത് ഇന്ത്യൻ ബാങ്ക് മുരളി രാമകൃഷ്ണന്റെ നേതൃത്വത്തിൽ വളരെ മുന്നോട്ടു പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എസ് ഐബി വൺ കാർഡ് എന്ന് കോ ബ്രാൻഡ്ഡ് കാർഡും ബാങ്ക് അവതരിപ്പിച്ചിരുന്നു. സമഗ്ര ബാങ്കിങ് സേവനങ്ങള്‍ എസ് ഐബി മിറർ ആപ്പിലൂടെ സാധ്യമാകുന്ന വിധത്തിൽ ഇന്ന് ഇടപാടുകാർക്ക് ലഭ്യമാണെന്ന പ്രത്യേകതയുമുണ്ട്. നാളുകളായി തളർച്ചയിലായിരുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ ഉയർന്നത് നിക്ഷേപകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്.
English Summary : South Indian Bank Shares are up, Because of the News about New Leadership of P R Seshadri