ADVERTISEMENT

മീനങ്ങാടി പോളിടെക്നിക്കിൽ നിന്നു അധ്യാപകനായി വിരമിച്ചശേഷം കൃഷിയും വീട്ടുകാര്യങ്ങളുമായി കഴിയുന്നതിനിടെയാണ് വയനാട് കൽപ്പറ്റ സ്വദേശി സദാശിവന്റെ ജീവിതത്തിലേക്ക് 2020ൽ കോവിഡ് പ്രതിസന്ധി എത്തിയത്. ആ സമയത്ത് ആരോഗ്യസംരക്ഷണത്തിനായിരുന്നു പ്രഥമ പരിഗണന. യോഗയും മെഡിറ്റേഷനും ശീലിച്ചു. ഭക്ഷണനിയന്ത്രണം നടപ്പിലാക്കി. ലോക്ഡൗൺ നീണ്ടതോടെ വിരസത ഒഴിവാക്കാൻ കൃഷിയിലേക്ക് ശ്രദ്ധതിരിച്ചു.

സന്തോഷം മനസിന്റെ വരുമാനം

‘‘പെൻഷനായശേഷം സ്വന്തം പുരയിടത്തിൽ കൃഷികാര്യങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നുവെങ്കിലും കോവിഡും ലോക്ഡൗണും തുടർന്നപ്പോൾ മുന്നിൽ ഒരു അനിശ്ചിതത്വമായിരുന്നു. സാമ്പത്തിക വരുമാനമെന്നതിനൊപ്പം ശരീരത്തിനും മനസിനും സന്തോഷം പകരുന്നവിധം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം.’’സദാശിവൻ പറയുന്നു. 

പഠിച്ചതും പഠിപ്പിച്ചതും മെക്കാനിക്കൽ എഞ്ചിനീയറിങ്ങായിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ മനസ് ഒരു നാട്ടിൻപുറത്തുകാരന്റേതായിരുന്നു. വിഷമയമായ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പകരം ജൈവ ഉൽപന്നങ്ങളെ സ്നേഹിച്ചിരുന്നതിനാൽ ഈ രംഗത്ത് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു.

ജൈവഉൽപന്നങ്ങൾക്കായി കൃഷിയിറക്കാൻ നാട്ടിൽ പലരും തയാറായിരുന്നുവെങ്കിലും അവർക്കു വേണ്ട വിത്തും വളവും അത്ര സുലഭമല്ലെന്ന് സദാശിവൻ മനസിലാക്കി. ഇനി അഥവാ വാങ്ങാൻ കിട്ടിയാൽ തന്നെ കൈപൊള്ളുന്ന വില. അതു വാങ്ങി ഉപയോഗിക്കുന്ന ഒരു കർഷകനും കൃഷിയെ ലാഭത്തിലാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ജൈവവളങ്ങളും വിത്തും സ്വന്തമായി തയാറാക്കി നൽകിയാൽ വാങ്ങാൻ ആളുണ്ടാകുമെന്നു സദാശിവൻ കണക്കുകൂട്ടി. വരുമാനത്തിനൊപ്പം മനസിനു കൂടി സന്തോഷം പകരുന്ന നല്ലൊരു കാര്യമെന്ന നിലയിലായിരുന്നു തുടക്കം.

ജൈവകൃഷിക്കു വേണ്ടി

agri-jeevamrutham

‘‘മുന്നോട്ടു പോകാൻ തന്നെയായിരുന്നു തീരുമാനം. വിൽപ്പനയിലൂടെ വലിയ വരുമാനമൊന്നും നേടാൻ ആഗ്രഹിച്ചിരുന്നില്ല. സ്വന്തം ആവശ്യത്തിനൊപ്പം കൃഷിയോട് താൽപര്യമുള്ള ഏതാനും സുഹൃത്തുക്കൾക്കും നൽകാമെന്നു കരുതി.’’ ഒരു സംരംഭകനെന്ന നിലയിൽ തന്റെ തുടക്കത്തെക്കുറിച്ച് സദാശിവൻ പറയുന്നു. 

2020 സെപ്റ്റംബറിലാണ് ജീവാമൃതം എന്ന പേരിൽ ജൈവവളം ഉൽപാദിപ്പിച്ചു കൊണ്ട് ഒരു മൈക്രോ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. കോവിഡ് വ്യാപനത്തിനിടെ എല്ലാവരും വീട്ടിൽ ലോക്കായതും ഇഷ്ടം പോലെ സമയമുള്ളതിനാൽ സൗകര്യമുള്ളവരെല്ലാം കൃഷിയിലേക്കു തിരിഞ്ഞതും സംരംഭത്തെ വിജയത്തിലേക്കു നയിച്ചു. മൂന്നു മാസം കൊണ്ട് തന്നെ ബ്രേക്ക് ഇവൻ ആയി. ‘‘കാര്യമായ അധ്വാനം ഇല്ലാതെ മാസംതോറും ഒരു വരുമാനം. കൂടാതെ കുറേയേറെ ആളുകളെ കൃഷിയിലേക്ക് എത്തിക്കാനായി.അവരോട് അടുത്തിടപഴകാനായി, വിവരങ്ങളും അറിവും പങ്കുവയ്ക്കാനും കഴിഞ്ഞു.’’ വരുമാനത്തേക്കാളേറെ സംരംഭം തരുന്ന സംതൃപ്തിയാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ. 

ആദ്യം കൊടുത്തത് സൗജന്യമായി

ജൈവവളത്തിനൊപ്പം വെർമിവാഷ്, വെർമി കംപോസ്റ്റ്, വിത്തുകൾ എന്നിവയുടെയെല്ലാം വിതരണമുണ്ട്. വീട്ടിൽ വളർത്തുന്ന കാസർകോടൻ കുള്ളൻ പശുവിന്റെ ചാണകവും മറ്റുമാണ് ജൈവഉൽപന്ന നിർമാണത്തിനായി ഉപയോഗിക്കുന്നത്.

വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം വിപുലപ്പെടുത്തി കൂടുതൽ വിപണികളിലേക്ക് ഉൽപന്നമെത്തിച്ചാൽ വളരെ മികച്ച വരുമാനം നേടാൻ കഴിയുന്നൊരു ബിസിനസാണിതെന്നു സദാശിവൻ പറയുമ്പോൾ കാർഷികമേഖലയിൽ പുതിയൊരു തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്കു മാതൃകയാക്കാം. ‘‘ഗ്രൂപ്പ് അംഗങ്ങൾ അവരുടെ ഉൽപന്നങ്ങൾ കൊണ്ടുവന്ന് പകരം ജൈവവളവും വെർമിവാഷുമെല്ലാം വാങ്ങിപോകുന്ന തരത്തിൽ ‘ഒരു ബാർട്ടർ’ സംവിധാനവും പ്രവർത്തിക്കുന്നു.’’ സദാശിവനിതു പറയുമ്പോൾ ആ മുഖത്തു വിരിയുന്ന ചിരിയും തെളിയുന്ന സന്തോഷവും ഒരു പ്രതിസന്ധിക്കും തളർത്തിക്കളയാനാവില്ല.

ബിസിനസിന് വാട്സാപ് ഗ്രൂപ്പും

സംരംഭത്തിനൊപ്പം ‘ജീവാമൃതം’ എന്ന പേരിൽ ഒരു വാട്സാപ് ഗ്രൂപ്പ് കൂടി ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്. സമാനമനസ്ക്കരായ ആളുകളാണ് ഇതിലുള്ളത്. ജൈവകൃഷി സംബന്ധമായ അറിവുകളും അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം പങ്കുവച്ച് വളരെ സജീവമായി പോകുന്ന ഈ ഗ്രൂപ്പ് ബിസിനസിന്റെ വളർച്ചയ്ക്കും സഹായകരമാണ്. 

വിപണി വിലയേക്കാൾ കുറഞ്ഞവിലയ്ക്കാണ് ജൈവ വളങ്ങൾ നൽകുന്നത്. ആദ്യഘട്ടത്തിൽ വിതരണം സൗജന്യമായിരുന്നു. ഉപയോഗിച്ചു നോക്കിയവർ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു വന്നു. അങ്ങനെ ബിസിനസും പച്ചപിടിച്ചു, അത്യാവശ്യം വരുമാനവുമായി. ചെലവെല്ലാം കഴിഞ്ഞ് ഇപ്പോൾ ശരാശരി 12,000 രൂപ ഒരുമാസം വരുമാനമായി ലഭിക്കുന്നുണ്ട്.

English Summary : Success Story of an Organic Manure Manufacturer During Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com