3% പലിശ ഇളവിൽ കിട്ടും രണ്ടു കോടി വരെ വായ്പ!
Mail This Article
കർഷകർക്കും കൃഷി അടിസ്ഥാനമാക്കി സംരംഭം നടത്തുന്നവർക്കും പ്രതിവര്‍ഷം 3% പലിശ ഇളവോടെ രണ്ടു കോടി രൂപ വരെ വായ്പ!. ആദ്യത്തെ രണ്ടു വർഷം വരെ തിരിച്ചടവു നീട്ടിവയ്ക്കുകയും ചെയ്യാം. പരമാവധി ഏഴു വര്‍ഷം വരെ 3% പലിശയിളവും ലഭിക്കും. നാഷനല്‍ അഗ്രിക്കൾച്ചറൽ ഇന്‍ഫ്രാ ഫിനാന്‍സിങ് ഫെസിലിറ്റി എന്ന ഈ പദ്ധതിയിൽ ഉയർന്ന തുകയ്ക്കുള്ള വായ്പകളിൽ രണ്ടു കോടി രൂപ എന്ന പരിധിയിൽ പലിശയിളവ് നേടാവുന്നതാണ്.
ഏതെല്ലാം പദ്ധതികള്‍ക്ക്?
സപ്ലൈ ചെയിനുകള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍, റീപിങ് ചേമ്പറുകള്‍, കമ്യൂണിറ്റി ഫാമിങ് ആസ്തി വികസന പദ്ധതികള്‍, സ്മാര്‍ട് അഗ്രിക്കള്‍ച്ചര്‍ സംവിധാനങ്ങള്‍ എന്നിവ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ പദ്ധതിയിന്‍ കീഴിൽ പിന്തുണ ലഭ്യമാകുക. ഇ-മാര്‍ക്കറ്റിങ് സംവിധാനം, വെയര്‍ഹൗസ്, പാക്കിങ് യൂണിറ്റ്, കോൾഡ് ചെയിൻ, സംസ്‌കരണ യൂണിറ്റ് എന്നിവ അടക്കമുള്ളവയ്ക്കും അപേക്ഷിക്കാം.
25 പദ്ധതികള്‍ക്ക് അപേക്ഷിക്കാം
പരമാവധി രണ്ടു കോടി രൂപ വായ്പ ലഭിക്കുന്ന 25 പദ്ധതികള്‍ വരെ വിവിധ പ്രദേശങ്ങളിലായി ഒരു അപേക്ഷകനു സമര്‍പ്പിക്കാം. എന്നാൽ, 25 എന്ന പരിധി സംസ്ഥാന ഏജന്‍സി, കോർപറേറ്റീവുകളുടെ ദേശീയ, സംസ്ഥാന ഫെഡറേഷനുകൾ, കാര്‍ഷികോല്‍പാദന-സ്വാശ്രയ സ്ഥാപന ഫെഡറേഷനുകൾ എന്നിവയ്ക്കു ബാധകമല്ല. ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, നിര്‍മിത ബുദ്ധി തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം.
ബാങ്കുകള്‍ക്കു പിന്തുണ
വായ്പ ഗാരന്റി, വായ്പ സ്ഥാപനങ്ങള്‍ക്കായി പലിശയിളവു നല്‍കല്‍ തുടങ്ങിയവ കുറഞ്ഞ നഷ്ടസാധ്യതയോടെ മുന്നോട്ടു പോകാന്‍ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കും. റീഫിനാന്‍സ് സൗകര്യമുള്ള ആര്‍ആര്‍ബികള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇവിടെ വിപുലമായ പങ്കുവഹിക്കാനാകും
എങ്ങനെ അപേക്ഷിക്കാം?
∙www.agriinfra.dac.gov.in പോര്‍ട്ടലില്‍ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.
∙പദ്ധതി റിപ്പോര്‍ട്ടിന്റെ കോപ്പി, ബന്ധപ്പെട്ട രേഖകള്‍ എന്നിവയും പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.
∙ഇത് മന്ത്രാലയത്തിലെ സെന്‍ട്രല്‍ പിഎംയു പരിശോധിച്ച ശേഷം അപേക്ഷകന്‍ തിരഞ്ഞെടുത്ത ധനകാര്യസ്ഥാപനത്തിന് അയച്ചു കൊടുക്കും.
∙സ്ഥാപനം സാധ്യത വിലയിരുത്തി വായ്പ നല്‍കുകയോ നിരസിക്കുകയോ ചെയ്യും.
∙വായ്പ അനുവദിച്ചാൽ ധനകാര്യ സ്ഥാപനം സമര്‍പ്പിക്കുന്ന ക്ലെയിമിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പലിശ ഇളവിനായുള്ള തുകയും വായ്പ ഗാരന്റി ഫീസും നൽകും.
∙അപേക്ഷ സമര്‍പ്പിച്ച് 60 ദിവസത്തിനകം തീരുമാനം അറിയാം.
∙തിരിച്ചടവ് മുടങ്ങി വായ്പ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആയാല്‍ പലിശയിളവു കിട്ടില്ല.
English Summary : National Agriculture Infra Financing Facility Loans with Interest Subsidy