ADVERTISEMENT

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം തുടക്കകാലത്ത് മികച്ച ഫണ്ടിങ് പിന്തുണ ലഭിക്കുകയെന്നത് ലോട്ടറി അടിക്കുന്നതുപോലെയാണ്. രത്തന്‍ ടാറ്റയെപ്പോലൊരു വലിയ സംരംഭകന്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ വന്നാലോ. പിന്നെ തിരിഞ്ഞുനോക്കേണ്ടെന്ന് കേള്‍ക്കുന്നവര്‍ പറയും. എന്നാല്‍ രത്തന്‍ ടാറ്റ പിന്തുണച്ച, ഒരു കാലത്ത് 1800 കോടി രൂപ മൂല്യം കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു സംരംഭം ഒടുവില്‍ വില്‍ക്കേണ്ടി വന്നത് 90 കോടി രൂപയ്ക്കാണ്. 

പ്രോപ്പര്‍ട്ടി-ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവസംരംഭമായ നെസ്റ്റ് എവേ ടെക്‌നോളജീസിന്റേതാണ് ഈ കഥ. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോം റെന്റല്‍ സ്റ്റാര്‍ട്ടപ്പാണ് നെസ്റ്റ്എവേ. ഓറം പ്രോപ്‌ടെക് ലിമിറ്റഡാണ് പ്രതിസന്ധിയിലായ ഈ സംരംഭത്തെ 90 കോടി രൂപയ്ക്ക് വാങ്ങിയത്. 

2019ല്‍ വന്‍ മൂല്യം

2015ലാണ് അമരേന്ദ്ര സാഹു, ദീപക് ധര്‍, സ്മൃതി പരിദ എന്നിവര്‍ ചേര്‍ന്ന് നെസ്റ്റ് എവേക്ക് തുടക്കമിട്ടത്. വാടകയ്ക്ക് വീടുകള്‍ നല്‍കുന്ന പഴയ ശൈലി ടെക്‌നോളജിയുടെ സഹായത്തെ പുതിയ രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ സാധ്യതകളാണ് പലരും ഈ സ്റ്റാര്‍ട്ടപ്പില്‍ കണ്ടത്. 2019ല്‍ 1800 കോടി രൂപയായിരുന്നു നെസ്റ്റ് എവേയുടെ മൂല്യം. 225 മില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിച്ച് 110 മില്യണ്‍ ഡോളര്‍ സമാഹരിച്ചതാണ് കമ്പനിയുടെ ഏറ്റവും അവസാനത്തെ ഫണ്ടിങ് റൗണ്ട്, അതും 2019ല്‍ തന്നെയായിരുന്നു. 

ടൈഗര്‍ ഗ്ലോബല്‍, യുസി-ആര്‍എന്‍ടി ഫണ്ട് തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളില്‍ നിന്ന് 900 കോടി രൂപയോളം സമാഹരിക്കാന്‍ നല്ല സമയത്ത് നെസ്റ്റ് എവേക്ക് സാധിച്ചിരുന്നു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമറിറ്റസ് രത്തന്‍ ടാറ്റയുടെയും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയുടെയും സംയുക്ത നിക്ഷേപ ഫണ്ടാണ് യുസി-ആര്‍എന്‍ടി. 

house-for-rent-uk

കോവിഡ് തകര്‍ത്ത ബിസിനസ്

കോവിഡ് മഹാമാരി നിരവധി ബിസിനസുകളെയാണ് ഇല്ലാതാക്കിയത്. നെസ്റ്റ് എവേ സംരംഭത്തെയും അത് സാരമായി ബാധിച്ചു. ലോക്ക്ഡൗണും നഗരങ്ങളില്‍ നിന്ന് ആളുകള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതുമെല്ലാം ഇവരുടെ ബിസിനസ് മോഡലിന്റെ ലാഭക്ഷമതയെ ബാധിച്ചു. കോവിഡിന് മുമ്പ് 50,000 പ്രോപ്പര്‍ട്ടികള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യാന്‍ നെസ്റ്റ് എവേക്ക് സാധിച്ചിരുന്നു. 100 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 18,000 പ്രോപ്പര്‍ട്ടികള്‍ മാത്രമാണ് പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വാര്‍ഷിക വരുമാനം 30 കോടി രൂപയിലേക്ക് താഴ്ന്നു. 

നെസ്റ്റ് എവേയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി 30 കോടി രൂപ നിക്ഷേപിക്കാനാണ് ഓറം ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2022 ജൂണില്‍ നെസ്റ്റ് എവേയുടെ ഭാഗമായിരുന്ന കോ-ലിവിങ് സ്‌പേസായ ഹെലോവേള്‍ഡിനെ ഓറം ഏറ്റെടുത്തിരുന്നു. ഈ കമ്പനി ഇപ്പോള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ പുതിയ ഏറ്റെടുക്കലോടെ നെസ്റ്റ് എവേയുടെ പ്രശ്‌നങ്ങളും തീരുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കളും ജീവനക്കാരുമെല്ലാം.

English Summary: The Rise and Fall of a Startup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com