കൂടുതൽ ലാഭത്തിന് അളവ് കുറച്ചു വാങ്ങാം
Mail This Article
ഒരു മാസത്തേക്കുള്ള ഒറ്റ ഷോപ്പിങ് കുടുംബ ബജറ്റ് ആസൂത്രണത്തിനു നല്ല മാർഗമായി കാണാം. പക്ഷേ, അപ്പോൾ, ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്ന ‘സമ്പ്രദായം’ മലയാളികൾക്കിടയിലുണ്ട്. അതിലെ നഷ്ടസാധ്യത കൂടി കണക്കിലെടുത്തുവേണം ബജറ്റ് ആസൂത്രണം.
ഒരു കിലോഗ്രാം പാക്കറ്റിന് 50 രൂപ വിലയുള്ള ഉൽപന്നം 2 കിലോഗ്രാം പാക്കറ്റിന് 99 രൂപ ആണെന്നു കണ്ടാൽ അതു വാങ്ങും. പക്ഷേ, ഒരു രൂപ ലാഭത്തിനുപകരം കാര്യമായ നഷ്ടത്തിനാണു സാധ്യത (ഭക്ഷ്യോത്പന്നങ്ങളിൽ പ്രത്യേകിച്ചും). കടല, പരിപ്പ്, പയർ പോലെയുള്ളവ അധികം വാങ്ങിയാലും ഏറെ നാൾ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാനാവില്ല. പൂപ്പലോ സൂക്ഷ്മകീടങ്ങളോ ആക്രമിക്കും. വലിയ പാക്കറ്റുകളിലെ ആട്ട, മൈദ തുടങ്ങിയ പൊടിയിനങ്ങളും പാക്കറ്റ് പൊട്ടിച്ചാൽ കുറച്ചുദിവസത്തേക്കു മാത്രമേ ഉപയോഗിക്കാനാവൂ.
ഒരു മാസം എത്രമാത്രം സാധനങ്ങൾ ആവശ്യം വരുന്നു എന്ന കണക്കെടുത്ത് അടുത്ത മാസം മുതൽ അതിനനുസരിച്ച് പർച്ചേസ് ചെയ്യുക. അത് കടയിൽത്തന്നെ തൂക്കി വാങ്ങുകയാണെങ്കിൽ (ലൂസായി) അത്രയും ലാഭം. ‘ഒന്നെടുത്താൽ ഒന്ന് സൗജന്യം’ എന്ന ബോർഡ് കണ്ട് അവിടേക്ക് ഓടുമ്പോൾ അവയുടെ ‘എക്സ്പയറി ഡേറ്റ്’ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും. ബ്രെഡൊക്കെ രണ്ട് പാക്കറ്റ് വാങ്ങിയാൽ ഒരു പാക്കറ്റ് തീരുന്നതിനു മുൻപേ തീയതി കഴിയും.
പഴവർഗങ്ങൾ കൂടുതൽ അളവിൽ വാങ്ങുന്നത് പലപ്പോഴും അപകടമാണ്. സൂപ്പർ മാർക്കറ്റുകളിൽ അവ കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത്. അതു വാങ്ങി വീട്ടിലെത്തിയാൽ 2–3 ദിവസത്തിനുള്ളിൽ തന്നെ കേടാകാൻ തുടങ്ങും. ഫ്രിജിൽ സൂക്ഷിച്ചാലും അധിക ദിവസം ഉപയോഗിക്കാനാകില്ല.
തയാറാക്കിയത്: അഞ്ജന ഷാജി