സ്റ്റാൻഫഡ് ചെക്കൻ വരുന്നേ, രക്ഷിക്കോ
Mail This Article
ബയോടെക് രംഗത്ത് നൂറുകണക്കിനു കോടി വരുമാനമുള്ള കമ്പനിയുടെ സ്ഥാപക ചെയർമാനോട് ഒരു ചോദ്യം– എന്താണ് പുതിയ വെല്ലുവിളി?
മറുപടി: മകൻ അമേരിക്കയിൽ കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിത്തം കഴിഞ്ഞു വരുന്നുണ്ട്. കമ്പനിയിൽ ചേരും. അതാണ് വെല്ലുവിളി!
അച്ഛനമ്മമാർ നടത്തുന്ന കമ്പനിയിൽ മകൻ ചേരുന്നത് നാട്ടുനടപ്പ്. പക്ഷേ അതൊരു വെല്ലുവിളിയാണ് കമ്പനിക്ക്. ചെറുക്കൻ (തെക്കൻ ഭാഷ) ഇനി എന്തൊക്കെ ഐഡിയകളുമായിട്ടാണോ വരുന്നത്! 28 കൊല്ലം മുമ്പ് ചെറിയ തോതിൽ തുടങ്ങിയ കമ്പനിയാണ്. ആയിരത്തിലേറെ ജീവനക്കാരുണ്ട്. ചെക്കൻ (വടക്കൻ ഭാഷ) വന്നിട്ട് ഇവിടൊന്നും ശരിയല്ലെന്നു പറയുമോ, എല്ലാം ‘ഉടച്ചുവാർക്കാൻ’ ഇറങ്ങുമോ? ടെൻഷനാണ്. ഈ പ്രശ്നം സകുടുംബ ബിസിനസുകളിലെല്ലാമുണ്ട്. ന്യൂജെൻ പേടി! ഇവൻ ശരിയാവില്ലെന്ന് അച്ഛൻ വിചാരിക്കുന്നു, അച്ഛന്റെ ‘തല കണ്ട അന്നു മുതൽ’ കഷ്ടകാലമാണെന്ന് മകനും വിചാരിക്കുന്നു!
കമ്പനികളിൽ ട്രാൻസിഷൻ കാലം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ കുളമാകും. ബംഗാളിൽ ദീദി കൊണ്ടുവന്ന ‘പൊരിബൊർത്തൻ’ അഥവാ മലയാളത്തിലെ പരിവർത്തനം മ്മിണി കട്ടിയാണ്. ഫീസ് കൊടുത്താൽ അത് സ്മൂത്ത് ആക്കി കൊടുക്കാൻ മാനേജ്മെന്റ് വിദഗ്ധരുണ്ട്.
പലയിടത്തും അപ്പൂപ്പൻ ഉൾപ്പെടെ 3 തലമുറ കാണും. തമിഴ്നാട്ടിൽ അങ്ങനെയൊരു വൻകിട കമ്പനിയിൽ അപ്പൂപ്പൻ അഞ്ചാറാൺമക്കൾക്കെല്ലാം കൂടി കമ്പനി ഭരണം കൊടുത്തു. മൂത്തയാളിനാണ് ചാർജ്. ബാക്കിയുള്ളവർക്ക് ഓരോ പോസ്റ്റുകൾ. മാസം 15 ലക്ഷം ഓരോരുത്തർക്കും ശമ്പളം കൊടുക്കും. അപ്പൂപ്പൻ ചെയർമാന് വയസ്സായപ്പോൾ കമ്പനി എംഡിക്ക് വിരമിക്കൽ പ്രായം നിശ്ചയിച്ചു. 65 വയസ്സ്. മൂത്തമകൻ ഏതാനും മാസങ്ങൾക്കകം വയസ്സറിയിക്കും. രണ്ടാമൻ ചാർജെടുക്കും. മൂത്തമകന് അതോടെ ഡിപ്രഷനായത്രെ. കുടുംബ കൺസൽറ്റന്റ് ചോദിച്ചു–എന്തരണ്ണാ പ്രച്ചനം? പണി പോയാൽ മാസം 15 ലക്ഷം ശമ്പളം പോക്കല്ലേടേയ്? പിന്നെ ഞാനെങ്ങനെ ജീവിക്കുമെടേയ്...? അപ്പൊ അതാണു കാരണം! വിരമിച്ച എംഡിക്ക് പെൻഷനും എല്ലാവർക്കും ഡിവിഡന്റും ഏർപ്പെടുത്തി പ്രശ്നം പരിഹരിച്ചു.
ഏത് കുട്ടിക്കൊമ്പൻ വന്നാലും ചില കാര്യങ്ങൾ ഓർക്കണമെന്ന് കുടുംബ വിദഗ്ധർ പറയുന്നു. ഇതൊക്കെ നാട്ടിൽ കുരുത്തു വളർന്ന കമ്പനികളാണ്. ഹോം ഗ്രോൺ! നട്ടാൽ കുരുക്കാത്ത ഐഡിയകളുമായി വിദേശത്തു നിന്നു വന്നങ്ങിറങ്ങി അതെല്ലാം നടപ്പാക്കാൻ നോക്കരുത്. കമ്പനിയിൽ നിലവിലുള്ള സംസ്കാരവും രീതികളും അനുസരിച്ചേ മുന്നോട്ടു പോകാവൂ. മാറ്റങ്ങൾ പതുക്കെ ആയിക്കോട്ട്, എടുപിടീന്ന് വേണ്ട.
ഒടുവിലാൻ∙ ബാപ്പയുടെ നാടൻ പറോട്ട–മട്ടൻ ചായക്കടയിൽ നല്ല തിരക്കായിരുന്നു. മകൻ ഏറ്റെടുത്ത് പോഷ് ആക്കി. രുചിയും പോയി തിരക്കും പോയി.