കാൻസർ മരുന്നുകൾക്ക് വിലകുറയുന്നത് ആശ്വാസം, ഇൻഷുറൻസ് പ്രീമിയം ജിഎസ് ടി തീരുമാനം പിന്നീട്
Mail This Article
ന്യൂഡൽഹി∙ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി 5% ആക്കിക്കുറച്ച കാൻസർ മരുന്നുകളിൽ ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ പൊതുവേ സ്താനാർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന ഇൻജക്‌ഷനാണ്. ആന്റിബോഡി സംയുക്ത മരുന്നായ ഇത് പൊതുവേ മികച്ച ഫലം നൽകുന്നതായാണു കരുതപ്പെടുന്നത്.
ഉദരാശയകാൻസറിലും ഇതുപയോഗിക്കുന്നു. അസ്ട്രാസെനക്കയുടെ ഇൻജക്‌ഷൻ വയലിന് (100 മില്ലിഗ്രാം) 3 ലക്ഷം രൂപ വരെ വിലയുണ്ട്.
പലതരം കാൻസറുകളുടെ ചികിത്സയിൽ ഉപയോഗിക്കുമെങ്കിലും ശ്വാസകോശ കാൻസറിലാണ് ഓസിമെർറ്റിനിബ് ഗുളിക പ്രധാനമായും ഉപയോഗിക്കുന്നത്.
10 എണ്ണമുള്ള സ്ട്രിപ്പിന് (80 മില്ലിഗ്രാം) ഒരു ലക്ഷത്തിനു മുകളിലാണ് വില. ഡുർവാലുമാബ് എന്ന ഇമ്യൂണോതെറപ്പി മരുന്ന് പലതരം കാൻസർ രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരിൽ ഉപയോഗിക്കാറുണ്ട്. 120 മില്ലിഗ്രാം വയലിന് രണ്ടു ലക്ഷം രൂപ വരെയാണ് വില.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പഠിക്കാൻ മന്ത്രിതല സമിതി
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള 18% ജിഎസ്ടി കുറയ്ക്കുന്നത് പഠിക്കാനായി ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല സമിതിയെ നിയോഗിച്ചു. കേരള ധനമന്ത്രി കെ.എൻ ബാലഗോപാലിനു പുറമേ ബിഹാർ, യുപി, ബംഗാൾ, കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മേഘാലയ, ഗോവ, തെലങ്കാന, തമിഴ്നാട്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും അംഗങ്ങളാണ്. ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കും. നികുതി കുറയ്ക്കണമെന്ന കാര്യത്തിൽ യോഗത്തിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നുവെന്നാണ് വിവരം. യോഗത്തിൽ മികച്ച ചർച്ചയുണ്ടായെങ്കിലും കുറച്ച് കാര്യങ്ങളിൽ കൂടി വ്യക്തത ലഭിക്കാനാണ് സമിതിയെ വച്ചതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ബിടുസി ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് വരുന്നു
വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് പുറമേ ബിസിനസ് ടു കസ്റ്റമർ (ബിടുസി) ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. നിലവിൽ ഇത് പൈലറ്റ് പദ്ധതി മാത്രമാണ്, നിർബന്ധമല്ല.
കേരളം ഇതിനെ സ്വാഗതം ചെയ്തു. പൈലറ്റ് പദ്ധതിയിൽ ഭാഗമാകുന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ താൽപര്യം പ്രകടിപ്പിച്ചു.
നിലവിൽ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്കാണ് ഇ–ഇൻവോയ്സ് നിർബന്ധം.
5 കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.
വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പു തടയാനാണ് നീക്കം. ഇതിനായി പ്രത്യേക പോർട്ടൽ തുടങ്ങും.
നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാൻ സമിതി
ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി മന്ത്രിതലസമിതി രൂപീകരിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം 2022ൽ അവസാനിച്ചെങ്കിലും വായ്പാതിരിച്ചടവിനായി നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരുന്നുണ്ട്. കാലാവധിക്ക് ശേഷം സെസ് പിരിവ് തുടരണമെങ്കിൽ ഏത് തരത്തിലായിരിക്കണം എന്നതടക്കം സമിതി പരിഗണിക്കും.
ഐജിഎസ്ടി കമ്മി പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങളിൽ നിന്നുള്ള റിക്കവറിക്കായി സെക്രട്ടറി തല സമിതിയും രൂപീകരിച്ചു. കമ്മി എങ്ങനെയുണ്ടാകുന്നുവെന്ന് പരിശോധിച്ച ശേഷമേ റിക്കവറി നടത്താവൂ എന്ന് കേരളം ആവശ്യപ്പെട്ടു.
ഹെലികോപ്റ്റർ യാത്ര: ജിഎസ്ടി കുറയും
സീറ്റ് ഷെയറിങ് അടിസ്ഥാനത്തിൽ തീർഥാടനത്തിനും ടൂറിസത്തിനുമടക്കം ഉപയോഗിക്കുന്ന ഹെലികോപ്റ്റർ സേവനത്തിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. കേദാർനാഥ് അടക്കമുള്ള തീർഥാടനകേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സേവനം ഉപയോഗിക്കുന്നവർക്ക് ഇത് ഗുണകരമാകും.
ഓൺലൈൻ പേയ്മെന്റ്; ഫിറ്റ്മെന്റ് കമ്മിറ്റിക്ക്
2,000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കുമേൽ ഓൺലൈൻ പേയ്മെന്റ് അഗ്രിഗേറ്ററുകൾ (ഉദാ: റേസർപേ) ചുമത്തുന്ന ചാർജുകൾക്ക് ബാധകമാകുന്ന നികുതി സംബന്ധിച്ച തീരുമാനം ജിഎസ്ടി ഫിറ്റ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിനു വിട്ടു. നിലവിൽ കമ്പനികൾക്ക് നൽകിയ നോട്ടിസുകളിന്മേൽ ഇതിനു ശേഷമേ നടപടിയുണ്ടാവൂ.
ഗെയിമിങ് നികുതിയിൽ 412% വർധന
ഓൺലൈൻ ഗെയിമിങ്ങിന് ഉയർന്ന ജിഎസ്ടി (28%) ഏർപ്പെടുത്തിയ ശേഷം 6 മാസത്തിനുള്ളിൽ നികുതിവരുമാനത്തിൽ 412% വർധനയുണ്ടായെന്ന് നിർമല സീതാരാമൻ പറഞ്ഞു. 6 മാസം കൊണ്ട് ലഭിച്ചത് 6,909 കോടി രൂപയാണ്.\