വളർച്ച മഹാശ്ചര്യം ! എല്ലാവർക്കും കിട്ടണം ഗുണം
Mail This Article
ഇന്ത്യയിലെ പലിശ നിരക്കു കുറയ്ക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ പണനയ സമിതി കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. പ്രധാനമായും, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്ക അകലാത്തതുകൊണ്ടാണ് നിരക്കിൽ അയവു വരുത്താത്തത്. തുടർന്നു നടന്ന പത്രസമ്മേളനത്തിൽ ആർബിഐ ഗവർണർ പറഞ്ഞതാകട്ടെ, നിലവിലെ പലിശ നിരക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചിട്ടില്ലെന്നും. അതുകൊണ്ടാണ്, അമേരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ മുതലായ 27 വികസിത രാജ്യങ്ങളും സൗത്ത് ആഫ്രിക്ക, ഇന്തൊനീഷ്യ എന്നിവയടക്കം 8 വികസ്വര രാജ്യങ്ങളും കഴിഞ്ഞ 2 മാസത്തിനുള്ളിൽ പലിശ നിരക്ക് കുറച്ചിട്ടും നമ്മുടെ കേന്ദ്ര ബാങ്ക് വേറിട്ടു നിന്നത്.
റിപ്പോ നിരക്ക് (വാണിജ്യ ബാങ്കുകൾക്ക് പണം ആവശ്യം വന്നാൽ സർക്കാർ കടപ്പത്രങ്ങളുടെ സെക്യൂരിറ്റിയിന്മേൽ റിസർവ് ബാങ്ക് ഒരു ദിവസത്തേക്ക് കൊടുക്കുന്ന വായ്പയുടെ വാർഷിക പലിശ) 6.5% എന്ന തോതിൽ ഒന്നര വർഷമായി തുടരുന്നു.
പാർലമെന്റ് അംഗീകരിച്ച റിസർവ് ബാങ്ക് ആക്ടിന്റെ 2016ലെ ഭേദഗതി പ്രകാരം വിലക്കയറ്റം 4 ശതമാനത്തിനു ചുറ്റും പിടിച്ചു നിർത്തുന്നതിനൊപ്പം സമ്പദ്ഘടനയുടെ വളർച്ച ഉറപ്പാക്കേണ്ട ബാധ്യത കൂടി പണനയ സമിതിക്കുണ്ട്. നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച 7.2% തന്നെയാവും എന്നാണ് റിസർവ് ബാങ്കിന്റെ നിർണയം. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പറയുന്നത് വളർച്ച 7% ആയിരിക്കും എന്നാണ്.
കഴിഞ്ഞ വർഷാവസാനം തന്നെ ഏകദേശം 300 ലക്ഷം കോടി രൂപയുടെ ദേശീയ ആഭ്യന്തര ഉൽപാദനം (ജിഡിപി) കണക്കാക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. അപ്പോൾ ഓരോ ദശാംശ സ്ഥാനത്തിന്റെ മാറ്റത്തിനും 30000 കോടി രൂപയുടെ മൂല്യം വരുന്നു.
ഇവിടെ ഇന്ത്യ പോലെയുള്ള വൈവിധ്യമാർന്ന രാജ്യത്തിലെ ജിഡിപി കണക്കാക്കുന്നതിലെ അപാകതകൾ പ്രസക്തം. ജിഡിപിയുടെ കണക്കിൽ ദശാംശം വരെയുള്ള കിറുകൃത്യത എത്രത്തോളം നമുക്ക് മുഖവിലയ്‌ക്കെടുക്കാം ? ഈ കണക്കെടുപ്പിലെ അനുമാനങ്ങൾ എത്രത്തോളം? 7 ആണോ 7.5 ആണോ എന്നൊക്കെയുള്ള ചർച്ചകളിൽ എത്രകണ്ട് സാംഗത്യമുണ്ട് ?
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനത്തോളമെങ്കിലും ഇന്നും അനൗപചാരിക മേഖലയാണ് എന്നതാണു വാസ്തവം. നമ്മുടെ ചുറ്റും കാണുന്ന ചായക്കടകളിലും തട്ടുകടകളിലും ജിഎസ്ടി റജിസ്ട്രേഷന്റെ പരിധിയിൽ വരാത്ത പതിനായിരക്കണക്കിനുള്ള ചെറുകിട സ്ഥാപനങ്ങളിലും നടക്കുന്ന സാമ്പത്തിക ഇടപാടുകളുടെ ഒരു ഏകദേശ കണക്ക് മാത്രമാണ് ജിഡിപിയിൽ ഉൾപ്പെടുത്തുന്നത്.
വികസിത രാജ്യങ്ങളിലാണെങ്കിൽ അനൗപചാരിക മേഖലയുടെ തോത് പരമാവധി 10% മാത്രം.
സാമ്പത്തിക സൂചികകൾക്കങ്ങനെ കൂടുതൽ കൃത്യത വരുന്നു. വെറും കൊട്ടത്താപ്പ് എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും ഇന്ത്യൻ ആഭ്യന്തര ഉൽപാദനത്തിന്റെ കണക്ക് ദശാംശ സ്ഥാനത്തിനു വരെ കൃത്യതയോടെ അവതരിപ്പിക്കപ്പെടുമ്പോൾ നാം ഓർക്കേണ്ടത് ഈ അനൗപചാരിക മേഖലയുടെ ഗണ്യമായ സ്വാധീനത്തെയാണ്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് ധനക്കമ്മി വരെ നാം നിർണയിക്കുന്നത് എന്ന് കൂടി ഓർക്കുക.
ഇന്ത്യയുടെ വളർച്ച ദ്രുതഗതിയിലാണെന്നുള്ളത് തർക്കമറ്റതാണ്. പുതിയ കച്ചവട സ്ഥാപനങ്ങളും ഉൽപാദന യൂണിറ്റുകളും പുതിയ ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ പോലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും മറ്റും വന്നുകൊണ്ടിരിക്കുന്നു.
വിപണിയിൽ ഡിമാൻഡുണ്ടെന്നാണ് ഹിന്ദുസ്ഥാൻ യൂണിലീവർ, ഐടിസി, ബ്രിട്ടാനിയ മുതലായ ഉപഭോഗവസ്തു ഉൽപാദകരും മറ്റും സൂചിപ്പിക്കുന്നത്. വിമാനത്താവളങ്ങളിൽ കൂടി സഞ്ചരിക്കുന്നവർക്കറിയാം അവിടത്തെ തിരക്ക് ഏതാണ്ട് ബസ് സ്റ്റാൻഡുകളിലേതു പോലെയായിട്ടുണ്ടെന്ന്.
വളർച്ച തുടരുമെങ്കിൽ അതിന്റെ തോത് ഏഴോ എട്ടോ എന്നുള്ളത് തികച്ചും സാമ്പത്തിക ശാസ്ത്രജ്ഞരുടെ സംവാദ വിഷയം മാത്രം. വളർച്ചയുടെ ഗുണം എല്ലാവർക്കും തുല്യമായി കിട്ടുന്നുണ്ടോ എന്നുള്ളതാണ് പ്രാധാന്യം.