ADVERTISEMENT

തിരുത്തലുകൾ വിപണിയുടെ സ്വഭാവമാണ്. രാജ്യാന്തര സംഭവവികാസങ്ങൾ, തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, കമ്പനികളുടെ വളർച്ച നിരക്ക്, വിപണിയിലേക്കു വരുന്ന വിദേശനിക്ഷേപങ്ങൾ ഇത്തരം ഘടകങ്ങൾ വിപണിയുടെ ഏറ്റക്കുറച്ചിലിന് കാരണമായേക്കാം. ഇന്ത്യൻ ഓഹരി വിപണിക്ക് 44 വർഷത്തെ ചരിത്രമുണ്ട്. ഒരു താഴ്ചയും സ്ഥിരമല്ല എന്നത് വിപണി നമ്മെ ഒട്ടേറെ തവണ പഠിപ്പിച്ച പാഠമാണ്.തിരുത്തലുകൾ അവസരമാക്കിയെടുക്കുന്നതാണ് നിക്ഷേപകരുടെ വിജയം. വിപണിയിലെ തിരുത്തലുകൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണ്.

എൻട്രി പോയിന്റ്

വിപണിയിലെ പുതിയ നിക്ഷേപകനെ സംബന്ധിച്ച് ഡിസ്കൗണ്ട് നിരക്കിൽ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള അവസരമാണിത്. മാർക്കറ്റിൽ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഓഹരികളും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളും വാങ്ങുന്നതിനുള്ള അവസരമാണ് നിക്ഷേപകർക്ക് തുറന്നുകിട്ടുന്നത്. തുടർന്നുള്ള വിപണിയുടെ ഉയർച്ചയിൽ ഇത്തരം നിക്ഷേപകർക്ക് ലാഭം ഉറപ്പിക്കുന്നതിന് കഴിയുന്നു.

Side view of Trader analyzing share market by looking charts in multiple monitors or making strategy at home office - concept of studying equity market, waiting for success.
Side view of Trader analyzing share market by looking charts in multiple monitors or making strategy at home office - concept of studying equity market, waiting for success.

‘ആവറേജിങ്’ അവസരം

മുൻകാല നിക്ഷേപകനെ സംബന്ധിച്ച് വിപണിയിലെ തിരുത്തലുകളിൽ നിക്ഷേപിക്കുമ്പോൾ ശരാശരിയുടെ ഗുണം ലഭിക്കുന്നു. വിപണിയുടെ അടുത്ത വളർച്ചയിൽ ഇത്തരം നിക്ഷേപകർക്ക് നേട്ടം ലഭ്യമാക്കാൻ കഴിയുന്നു. ഉദാഹരണത്തിന് ഒരു ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ ഒരുലക്ഷം രൂപ എൻഎവി (നെറ്റ് അസറ്റ് വാല്യു) 100 രൂപ ആയിരുന്നപ്പോൾ നിക്ഷേപിച്ച നിക്ഷേപകർക്ക് വിപണിയിലെ തിരുത്തലിൽ അതേ ഫണ്ട് 80 രൂപയ്ക്ക് ലഭ്യമായാൽ ആ നിക്ഷേപകർക്ക് ശരാശരി ഫണ്ടിന്റ നിക്ഷേപ വില 90 രൂപ ആയി മാറുന്നു. ഫണ്ടിന്റെ വിപണി മൂല്യം 90 രൂപയ്ക്ക് മുകളിൽ വരുന്നത് മുതൽ ഈ നിക്ഷേപകർക്ക് ലാഭം ഉറപ്പിക്കുന്നതിന് കഴിയും. ഈ അവസരം പ്രയോജനപ്പെടുത്താതിരുന്നാൽ 100 രൂപയ്ക്ക് മുകളിൽ ഫണ്ടിന്റെ വില എത്തിയാൽ മാത്രമായിരിക്കും നിക്ഷേപകർക്ക് ലാഭം ഉണ്ടാകുക.

എസ്ഐപി നിക്ഷേപം

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപത്തിലൂടെ വിപണിയുടെ തിരുത്തലുകൾ അവസരമാക്കി മാറ്റപ്പെടുന്നു. ദീർഘകാല അടിസ്ഥാനത്തിൽ എസ്ഐപി നിക്ഷേപങ്ങൾ മികച്ച ലാഭം നൽകുന്നതിനുള്ള പ്രധാന കാരണം ഇതുതന്നെയാണ്. തിരുത്തലുകളിലെ തെറ്റായ തീരുമാനങ്ങൾ ചിലപ്പോൾ വലിയ നഷ്ടങ്ങൾക്കും കാരണമായേക്കാം. നിക്ഷേപങ്ങൾ പിൻവലിക്കൽ, എസ്ഐപി നിക്ഷേപം നിർത്തിവയ്ക്കൽ, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ കടപ്പത്ര അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് സ്ഥിരമായി മാറ്റൽ തുടങ്ങിയവ ഉദാഹരണങ്ങൾ.

Photo:istockphoto/lakshmiprasad s
Photo:istockphoto/lakshmiprasad s

നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളുണ്ട്.

1– ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ ദീർഘകാല നിക്ഷേപങ്ങളായി കണക്കാക്കുക.

2. ഉടൻ ആവശ്യമുള്ള തുക ( എമർജൻസി ഫണ്ട്) ഓഹരിയിൽ നിക്ഷേപിക്കാതിരിക്കുക.

3. സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ നിക്ഷേപിക്കുന്നതിലൂടെ നഷ്ടസാധ്യത കുറയ്ക്കുകയും ലാഭം ഉറപ്പാക്കുകയും ചെയ്യാം.

(സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറാണ് ലേഖിക)

English Summary:

Learn how to turn market corrections into lucrative opportunities. Discover strategies for new and existing investors, including averaging down, SIP investments, and avoiding common pitfalls.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com