പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും!
Mail This Article
റഷ്യയിൽനിന്നും അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ തീരുമാനമെടുത്തിരുന്നു. ഇതിനു പുറകെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 124 ഡോളറിലേക്ക് കുതിച്ചു. എന്നാൽ ഇപ്പോൾ സൗദി അറേബ്യ, കൂടുതൽ എണ്ണ ഉൽപ്പാദിപ്പിച്ചു യൂറോപ്യൻ യൂണിയന് നൽകാം എന്നൊരു ആശയം മുന്നോട്ടു വച്ചിട്ടുണ്ട്. ഈ വാർത്ത വന്നതിനു പുറകെ ആഗോള എണ്ണ വില കുത്തനെ കുറഞ്ഞു 112 - 114 ഡോളറിലെത്തി. സൗദിയും, റഷ്യയും ഒപെക്കിൽ അംഗരാജ്യങ്ങളായിരിക്കെ, സൗദി റഷ്യയ്ക്കെതിരായ തീരുമാനം എടുക്കുമോയെന്ന കാര്യത്തിൽ വിദഗ്ധർക്ക് സംശയമുണ്ട്. സൗദി എണ്ണ ഉൽപ്പാദനം കൂട്ടുകയാണെങ്കിൽ ആഗോളതലത്തിൽ എണ്ണവില കുറയാൻ സാധ്യതയുണ്ട്.
ഇരട്ടത്താപ്പ്
യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതിയിൽ അഞ്ചാം സ്ഥാനമുള്ള റഷ്യയിൽ നിന്നും ഇനി ഒന്നും വാങ്ങേണ്ട എന്ന നിലപാടെടുക്കാൻ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ശരിക്കും ആലോചിക്കും. അതേസമയം റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നിരോധനം വേണ്ട എന്ന അഭിപ്രായവും ചില യൂറോപ്യൻ അംഗ രാജ്യങ്ങൾക്കുണ്ട്. യുക്രെയ്നിനെ പൂർണമായും പിന്താങ്ങുന്നു എന്ന് പറയുമ്പോഴും റഷ്യയെ ആശ്രയിക്കുന്നത് നിർത്താനും തയ്യാറല്ല എന്ന ഇരട്ടത്താപ്പ് നയമാണ് യൂറോപ്യൻ യൂണിയൻ തുടരുന്നത്.
English Summary : Oil Price may Come Down in Global Market