ഓഹരിവിപണിയിൽ നിക്ഷേപം നടത്തി കൈപൊള്ളുന്നവർ ധാരാളം!
Mail This Article
കോവിഡ് കാലത്ത് ഡി–മാറ്റ് അക്കൗണ്ടുകൾ പരിശോധിച്ചാൽ ധാരാളം പുതിയ നിക്ഷേപകരാണ് ഓഹരിവിപണിയിൽ എത്തിയതെന്നു കാണാൻ കഴിയും. നിക്ഷേപം എത്രമാത്രം വിജയകരമായിരുന്നു എന്നത് വ്യത്യസ്ത അഭിപ്രായമാണ്. നല്ലൊരു പങ്ക് പേരുടെയും അക്കൗണ്ട് നഷ്ടമാണ് രേഖപ്പെടുത്തിയതെന്നു കാണാം. റീട്ടെയിൽ ഇൻവെസ്റ്റേഴ്സിന്റെ നഷ്ടം മൊത്തം ആഭ്യന്തര സമ്പാദ്യത്തിന്റെ 77 % വരും.
മാർക്കറ്റിൽ ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും റീട്ടെയിൽ ഇൻവെസ്റ്റേഴ്സ് മാത്രമല്ല, വിദേശ ധനകാര്യ സ്ഥാപനങ്ങളും സ്വദേശീയമായ സ്ഥാപനങ്ങളും. മ്യൂച്വൽഫണ്ടുകളുമുണ്ട്. ഓഹരിവിപണിയിൽ വൻതോതിൽ പണം നിക്ഷേപിക്കുന്നതു രണ്ടാമത്തെ വിഭാഗത്തിൽപെട്ടവരാണ്. അവർതന്നെയാണ് വിപണി നിയന്ത്രിക്കുന്നത്. പലപ്പോഴും ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഓഹരികൾ വിറ്റൊഴിയാൻ പോകുമ്പോഴാണ് ചെറുകിടനിക്ഷേപകർ ഓഹരികൾ വാങ്ങുന്നത്. അപ്പോഴേക്കും മാർക്കറ്റ് താഴേക്കു പോകുകയോ വലിയ തിരുത്തലിലേയ്ക്ക് പോകുകയോ ചെയ്യും.
പല കാരണങ്ങളാൽ റീട്ടെയിൽ നിക്ഷേപകർക്കു പണം നഷ്ടമാകാം.
1. ഇത്തരം നിക്ഷേപകർ കമ്പനികളുടെ പ്രവർത്തന മികവോ ഫണ്ടമെന്റൽസോ നോക്കിയല്ല ഓഹരികൾ വാങ്ങുന്നത്.
2. കാലത്തിനൊത്ത സെക്ടറിൽ ആകണമെന്നില്ല നിക്ഷേപം.
3. സ്റ്റോക്കിനെ സംബന്ധിച്ച വാർത്തകൾ സമയാസമയം അറിയാതെ നിക്ഷേപം നടത്തുക.
4. പെന്നിസ്റ്റോക്കുകളിലും സ്മോൾക്യാപ് സ്റ്റോക്കുകളിലും കുടുതലായി നിക്ഷേപം നടത്തുന്നു.
5. ഒരു സ്റ്റോക്ക് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഹിസ്റ്റോറിക്കൽ ഡേറ്റാ വിശദമായി പഠിക്കാൻ ശ്രമിക്കാതിരിക്കുക.
റീട്ടെയിൽ നിക്ഷേപകർക്കു നഷ്ടം കുറച്ച്, ലാഭകരമായി ട്രേഡിങ് നടത്താനുള്ള ധാരാളം മാർഗങ്ങളുണ്ട്.
1. കടത്തിൽ നിൽക്കുന്ന കമ്പനികളിലും പ്രവർത്തനഫലം മോശമായി വരുന്ന കമ്പനികളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാതിരിക്കുക.
2. പെന്നിസ്റ്റോക്കുകൾക്കു പകരം ഓരോ സെക്ടറിലും മികച്ച സ്റ്റോക്കുകൾതന്നെ തിരഞ്ഞെടുത്തു നിക്ഷേപം നടത്തുക.
3. തുടക്കക്കാർ ബ്ലൂച്ചിപ് കമ്പനികൾതന്നെ നിക്ഷേപത്തിനു പരിഗണിക്കുക. സ്റ്റോക്കിന്റെ വിലവർധന വലിയ വേഗത്തിലല്ലെങ്കിലും ഭാവിയിൽ മികച്ച വരുമാനം നേടിത്തരും. റിസ്ക് കുറവാണുതാനും.
4. പ്രൊമോട്ടർവിഹിതം കൂടുതലുള്ള കമ്പനികൾ നിക്ഷേപത്തിനു യോഗ്യമാണ്.
5. പ്രൊമോട്ടർമാരുടെയും ഗ്രൂപ്പ് കമ്പനികളുടെയും പ്രവർത്തനമികവ്, ട്രാക്ക് റെക്കോർഡ് മറ്റൊരു പ്രധാന ഘടകമാണ്.
6. അറിയപ്പെടാത്ത അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ നിക്ഷേപത്തിന് ഇറങ്ങിത്തിരിക്കരുത്.
7. ഓഹരിനിക്ഷേപകൻ നല്ലൊരു ‘റിസർച്ചർ’കൂടിയായിരിക്കണം.
8. സ്വന്തമായി തീരുമാനം എടുക്കാനും സ്റ്റോക്കുകളെപ്പറ്റി നല്ല പരിജ്ഞാനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ നല്ലൊരു ഓഹരിവിപണി വിദഗ്ധന്റെ സഹായത്തോടെ നിക്ഷേപം നടത്തണം. ‘കൈവരിയുള്ളതും ഇല്ലാത്തതുമായ പാലത്തെപ്പോലെയാണ് വിദഗ്ധന്റെ സഹായം. കൈവരി ഇല്ലെങ്കിൽ മറുകരയെത്താൻ പ്രയാസം നേരിടും. പക്ഷേ, കൈവരി ഉണ്ടെങ്കിൽ സുരക്ഷിതമായി മറുകരയെത്താം.’
9. ഐപിഒ കളാണു തിരഞ്ഞെടുക്കുന്നതെങ്കിൽ വിപണിയിൽനിന്നു സമാഹരിക്കുന്ന പണം കടംവീട്ടാൻ മാത്രം വിനിയോഗിക്കുന്ന കമ്പനികളെ ഒഴിവാക്കുന്നതാണ് ഉചിതം.
10. നിഫ്റ്റിയിലും സെൻസെക്സിലും ഇൻഡക്സിനെ സ്വാധീനിക്കുന്ന സ്റ്റോക്കുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
ഓഹരിനിക്ഷേപകന്‍ ട്രേഡിങ്ങിനു പുറമേ സവിശേഷമായ ചില ഗുണങ്ങൾകൂടി ആർജിക്കണം.
∙അറിവും ക്ഷമയും അച്ചടക്കവും നിക്ഷേപകന് അനിവാര്യമാണ്.
∙പരിചയം നേടുന്നതുവരെ ഡേ ട്രേഡിലും അഗ്രസീവായ മറ്റു ട്രേഡുകളിലോ ഓപ്ഷൻ ട്രേഡിലോ പോകാതിരിക്കുക. ഇത്തരം ട്രേഡുകളിൽ വിജയസാധ്യത വളരെ കുറവാണ്.
∙മേന്മയുള്ള സ്റ്റോക്കുകളിൽ നിക്ഷേപം നടത്തുക അതിനു കഴിയുന്നില്ലെങ്കിൽ താരതമ്യേന റിസ്ക് കുറഞ്ഞ മ്യൂച്വൽഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
∙കമ്പനികളുടെ പ്രവർത്തനഫലം ഇപിഎസ്, പിഇ, ലാഭവിഹിതം, ബോണസ് ഇഷ്യു, ബെബാക്ക് എന്നിവയും നിക്ഷേപകനെ സഹായിക്കുന്ന ഘടകങ്ങളാണ്.
ലേഖകൻ സ്വതന്ത്ര വിപണി നിരീക്ഷകനാണ്
English Summary : Share Investors are Loosing Their Money, These are the Reasons.