ഒറ്റ ദിവസം കൊണ്ട് നേട്ടത്തിൽ പാതിയും കളഞ്ഞ് വിപണി, വീണ്ടും സമ്മർദ്ദത്തിലേക്കോ?
Mail This Article
രണ്ടാഴ്ചയിലേറെ നീണ്ട നിന്ന മുന്നേറ്റത്തിനൊടുവിൽ വെള്ളിയാഴ്ചയിലെ വീഴ്ചയോടെ ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിലെ നേട്ടത്തിൽ പാതിയും നഷ്ടമായി. അമേരിക്കൻ ടെക്ക് വീഴ്‌ചയും, ഇൻഫോസിസിന്റെ ലാഭം കുറഞ്ഞതിനൊപ്പം വരുംപാദ ലാഭങ്ങളിൽ കുറവിന് സാധ്യത സൂചിപ്പിച്ചതും ഇന്ത്യൻ ഐടി സെക്ടറിന് 4% വീഴ്ച നൽകി. വ്യാഴാഴ്ച 20000 പോയിന്റിന് തൊട്ടടുത്ത് എത്തിയ നിഫ്റ്റി വെള്ളിയാഴ്ച 235 പോയിന്റുകൾ നഷ്ടമാക്കി 19745 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്.
ജൂലൈയിൽ ഇത് വരെ ഒരു ദിനം മാത്രം വില്പനക്കാരായ വിദേശഫണ്ടുകൾ വെള്ളിയാഴ്ചയും വില്പനക്കാരായതും ഇന്ത്യൻ വിപണിയെ വെള്ളിയാഴ്ച പിന്നോട്ട് വലിച്ചു. കഴിഞ്ഞ ആഴ്ചയിൽ പൊതുമേഖലാ ബാങ്കുകൾ 4% മുന്നേറിയപ്പോൾ ബാങ്ക് നിഫ്റ്റി 2.8% നേട്ടം കുറിച്ചു. ഫാർമ, എനർജി സെക്ടറുകളും കഴിഞ്ഞ വാരം 2%ൽ കൂടുതൽ മുന്നേറിയപ്പോൾ ഇൻഫോസിസിന്റെ വീഴ്ചയോടെ ഇന്ത്യൻ ഐടി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 3.5% തകർച്ച നേരിട്ടു.
നിഫ്റ്റി 20000 ത്തിലേയ്ക്ക്: വിപണി അമിതാവേശത്തിലാണോ? Read more...
അമേരിക്കൻ ഫെഡ് യോഗം
ഡൗ ജോൺസ് കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം തുടർന്നപ്പോൾ നാസ്ഡാകും, എസ്&പിയും ആഴ്ചയുടെ അവസാന ദിനങ്ങളിൽ മുന്നേറ്റം മറന്നു. മികച്ച ബാങ്കിങ് റിസൾട്ടുകൾ ഡൗ ജോൺസിന് അനുകൂലമായപ്പോൾ ടെസ്‌ലയും, തായ്‌വാൻ സെമികണ്ടകട്ർ കമ്പനിയും നിരാശപ്പെടുത്തിയതും നാസ്ഡാകിന് ഫെഡ് തീരുമാനങ്ങൾക്ക് മുൻപ് തന്നെ ക്ഷീണമായി. ഫെഡ് യോഗത്തിന് മുന്നോടിയായി രണ്ടാഴ്ചത്തെ തളർച്ചക്ക് വിരാമമിട്ട് ഡോളർ മുന്നേറിത്തുടങ്ങിയതും ആഗോള വിപണിക്ക് ക്ഷീണമായി. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡും 3.83%ൽ നിൽക്കുന്നതും, ഡോളറും ബോണ്ട് യീൽഡും ഇനിയും മുന്നേറിയേക്കാമെന്നതും വിപണിക്ക് ആശങ്കയാണ്.
ജൂണിലെ യോഗത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ വിട്ട ഫെഡ് റിസർവ് ഇത്തവണ ഫെഡ് നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞ വിപണി ഇത് അവസാന നിരക്ക് വര്‍ധനയായേക്കാമെന്ന പ്രതീക്ഷയിലാണ്. അല്ലാത്ത പക്ഷം വിപണി കൂടുതൽ സമ്മർദ്ദം നേരിട്ടേക്കാം. ജൂണിൽ 3%ലേക്ക് ഇറങ്ങിക്കഴിഞ്ഞ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം ഫെഡ് അംഗങ്ങളുടെ അഭിപ്രായങ്ങൾ സ്വാധീനിച്ചേക്കാമെന്നതാണ് വിപണിയുടെ പ്രതീക്ഷ.
ചൈനീസ് സ്റ്റിമുലസ്
സാമ്പത്തിക തളർച്ച പിടിച്ചു നിർത്താനായി ചൈന വീണ്ടും സാമ്പത്തിക ഉത്തേജന പരിപാടിക്ക് തുടക്കമിട്ട് കഴിഞ്ഞതും ലോക വിപണിക്ക് പുതു പ്രതീക്ഷയാണ്. കാറുകളുടെയും, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പന ത്വരിതപ്പെടുത്താനുള്ള നടപടികളാണ് ചൈനീസ് നേതൃത്വം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ചൈനീസ് ഉത്തേജന നടപടികൾ ലോഹ വിലകളിലും, ക്രൂഡ് ഓയിൽ ആവശ്യകതയിലും വർദ്ധനവുണ്ടാക്കിയേക്കാം.
അടുത്ത ആഴ്ച വിപണിയിൽ
ചൊവ്വാഴ്ച ആരംഭിച്ച് ബുധനാഴ്ച അവസാനിക്കുന്ന ഫെഡ് യോഗവും, നിരക്ക് തീരുമാനങ്ങളും, ഫെഡ് ചെയർമാന്റെ പ്രഖ്യാപനങ്ങളുമാകും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ ഗതി നിർണയിക്കുക.
വ്യാഴാഴ്ച യൂറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്കുകൾ പ്രഖ്യാപിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. ബാങ്ക് ഓഫ് ജപ്പാൻ വെള്ളിയാഴ്ചയാണ് പലിശ നിരക്കുകൾ പ്രഖ്യാപിക്കുന്നത്.
നാളെ പിഎംഐ കണക്കുകൾ പുറത്ത് വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്കും പ്രധാനമാണ്. വ്യാഴാഴ്ച അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന പിസിഇ ഡേറ്റയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ് യൂറോ സോൺ പിഎംഐ ഡേറ്റകൾ പുറത്ത് വരുന്നത് യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്.
നാളെ വരുന്ന ജാപ്പനീസ് പിഎംഐ ഡേറ്റയും, ചൊവ്വാഴ്ച വരുന്ന ബാങ്ക് ഓഫ് ജപ്പാൻ കോർ സിപിഐയും, കൊറിയൻ ജിഡിപി കണക്കുകളൂം ഏഷ്യൻ വിപണികളെ സ്വാധീനിച്ചേക്കാം. വെള്ളിയാഴ്ച തന്നെയാണ് ജാപ്പനീസ് പണപ്പെരുപ്പ കണക്കുകളും പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
∙റിലയൻസ് ആദ്യ പാദത്തിൽ മുൻ വർഷത്തിൽ നിന്നും, മുൻ പാദത്തിൽ നിന്നും വരുമാനത്തിലും, ലാഭത്തിലും, ഇപിഎസിലും കുറവ് റിപ്പോർട്ട് ചെയ്തു. അതെസമയം റിലയൻസ് റീറ്റെയ്ൽ മുൻവർഷത്തിൽ നിന്നും 19% ലാഭവളർച്ച നേടി. ജിയോ ഫിനാൻഷ്യൽ വിഭജനം പൂർത്തിയാക്കിയ റിലയൻസ് 9 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച റിലയൻസ് രണ്ട് ശതമാനത്തിലേറെ നഷ്ടത്തിൽ 2555/- രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ഹിന്ദുസ്ഥാൻ യുണിലിവർ മുൻപാദത്തിൽ നിന്നും മുൻ വർഷത്തിൽ നിന്നും വരുമാനത്തിലും, ലാഭത്തിലും, ഇപിഎസിലും മുന്നേറ്റം കുറിച്ചത് എഫ്എംസിജി സെക്ടറിനും അനുകൂലമാണ്. കോൾഗേറ്റ്, മാരിക്കോ, ടാറ്റ കൺസ്യൂമർ മുതലായ കമ്പനികളും ഈയാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
∙ഇൻഫോസിസ് മുൻ പാദത്തിൽ നിന്നും, മുൻ വർഷത്തിൽ നിന്നും വരുമാനത്തിലും പ്രവർത്തന ലാഭത്തിലും വളർച്ച കുറിച്ചെങ്കിലും അറ്റാദായവും, ഇപിഎസ്സും കുറഞ്ഞത് ഓഹരിക്ക് വെള്ളിയാഴ്ച തിരുത്തൽ നൽകി. ദീർഘകാല നിക്ഷേപത്തിന് ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കാം.
∙മുൻപാദത്തിൽ നിന്നും വരുമാന വർധന കുറിച്ച ടിസിഎസ്സിന്റെ ലാഭം മുൻ പാദത്തിൽ നിന്നും കുറഞ്ഞെങ്കിലും വിപണി പ്രതീക്ഷ മറികടന്നതിനാൽ വിപണിയിൽ ഓഹരി മുന്നേറ്റം കുറിച്ചു. ടിസിഎസ് ഓഹരിയും അടുത്ത തിരുത്തലിൽ ദീർഘ കാല നിക്ഷേപത്തിന് ഫെഡ് തീരുമാനങ്ങൾക്കൊപ്പം പരിഗണിക്കാം.
∙അശോക് ലെയ്‌ലാൻഡ് മുൻ വർഷത്തിൽ നിന്നും മികച്ച റിസൾട്ട് പുറത്ത് വിട്ടത് ഓഹരിയെ 180 രൂപയിലെത്തിച്ചു. ഇലക്ട്രിക് ബസ് നിർമാണ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙ടാറ്റ ടെക്ക് ഐപിഒയും അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന റിസൾട്ടും ടാറ്റ മോട്ടോഴ്സിന് പ്രതീക്ഷയാണ്. ഇലക്ട്രിക് സൺറൂഫ് ഉള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറായ പുതിയ ആൾട്രോസ് അവതരിപ്പിച്ചത് കമ്പനിക്ക് വില്പനയിൽ മുൻതൂക്കം നൽകിയേക്കാം.
∙ചൈനീസ് ഇലക്ട്രിക് കാർ ഉത്പാദകരായ ബിവൈഡിയുടെ ഇന്ത്യ പ്രവേശനത്തിന് തത്കാലം അനുമതി നിഷേധിക്കപ്പെട്ടത് ഇന്ത്യൻ ഇലക്ട്രിക് കാർ കമ്പനികൾക്ക് അനുകൂലമാണ്.
∙ചൈനീസ് സാമ്പത്തിക ഉത്തേജന നടപടികൾ മെറ്റൽ ആവശ്യകത വർദ്ധിപ്പിച്ചേക്കാമെന്നത് മെറ്റൽ ഓഹരികൾക്കും പ്രതീക്ഷയാണ്.
∙എൽ&ടി ലിമിറ്റഡ് ചൊവ്വാഴ്ച നടക്കുന്ന ബോർഡ് യോഗത്തിൽ ഓഹരി ‘’തിരികെ വാങ്ങലും’’ പരിഗണിക്കുന്നു എന്ന വാർത്ത എൽ&ടിക്ക് മുന്നേറ്റം നൽകി. ജൂലൈ 25ന് എൽ&ടീയുടെ റിസൾട്ട് വരുന്നത് ഇൻഫ്രാ സെക്ടറിന് അനുകൂലമാണ്.
∙എൽ&ടി കൺസ്ട്രക്ഷൻ 7000 കോടി രൂപയുടെ മുംബൈ അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പ്രൊജക്റ്റ് കോൺട്രാക്ട് സ്വന്തമാക്കിയതും ഓഹരിക്ക് പിന്തുണ നൽകി.
∙ഇന്ത്യയുടെ ഊർജ്ജ ആവശ്യകതയുടെ 43.6%ൽ കൂടുതൽ പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്നും നേടിക്കഴിഞ്ഞു എന്ന ഇന്ത്യയുടെ ഊർജ്ജമന്ത്രി ആർകെ സിംഗ് ജി20 യോഗത്തിൽ പ്രഖ്യാപിച്ചത് റിന്യൂവബിൾ എനർജി ഓഹരികൾക്ക് അനുകൂലമാണ്.
∙ഇന്ത്യയുടെ 421 ജിഗാവാട്ട് വൈദ്യുതി ഉല്പാദനത്തിൽ 183 ജിഗാവാട്ടും നോൺ-ഫോസിൽ സ്രോതസ്സുകളിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. നിർമാണത്തിലിരിക്കുന്ന 88 ജിഗാവാട്ട് ശേഷിക്ക് പുറമെ 55 ജിഗാവാട്ട് വൈദ്യുതി ഉല്പാദനത്തിനുള്ള ടെൻഡർ കഴിഞ്ഞതും അനുകൂലമാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ടാറ്റ സ്റ്റീൽ, ടിവിഎസ് മോട്ടോഴ്‌സ്, കാനറാ ബാങ്ക്, ജെ&കെ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐബിഡിഐ എച്ച്ഡിഎഫ്സി എഎംസി, എസ്ആർഎഫ്, ബിഎഎസ്എഫ്, ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ, മഹാരാഷ്ട്ര സ്‌കൂട്ടർ, ലക്ഷ്മി ഇലക്ട്രിക്കൽ, ഡിസിഎം ശ്രീറാം, പിഎൻബി ഹൗസിങ്, പൂനവാല ഫിൻകോർപ്പ്, റിലാക്‌സോ, സ്പന്ദന സ്‌ഫുട്ടി, ശാരദ കോർപ്, ജെകെ പേപ്പർ, പൈസ ലോ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐഓസി, ബിപിസിഎൽ, ബിഇഎൽ, എൻടിപിസി, ആർഇസി, ആക്സിസ് ബാങ്ക്, പിഎൻബി,എൽ&ടി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, മഹിന്ദ്ര ഫിനാൻസ്,, ശ്രീറാം ഫിനാൻസ്, എസ്ബിഐ ലൈഫ്, എസിസി, ഏഷ്യൻ പെയ്ന്റ്സ്, സിപ്ല, ഡോക്ടർ റെഡ്ഢി, ഗ്ലാക്സോ, ടാറ്റ കൺസ്യൂമർ, മാരികോ, ജൂബിലന്റ് ഫുഡ്, ആംബർ, ഡിക്‌സൺ, ടെക്ക് മഹിന്ദ്ര, സൈന്റ്റ്, കെപിഐടി ടെക്ക്, ഐഇഎക്സ്, ഷാലെറ്റ്, എംസിഎക്സ്, ഡിലിങ്ക് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
ചൈനീസ് സ്റ്റിമുലസ് പ്രഖ്യാപനപിന്തുണയിൽ ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ച വീണ്ടും മുന്നേറ്റം കുറിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിന് മുകളിൽ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചു. ഫെഡ് തീരുമാനങ്ങൾക്ക് പുറമെ ചൈനീസ് ആവശ്യകതയുടെ കൂടി പിന്ബലത്തിലായിരിക്കും ക്രൂഡ് ഓയിൽ വിലയുടെ ഗതി തീരുമാനിക്കപ്പെടുക. നാളെ വരുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് താഴേക്കിറങ്ങിയ വേളയിൽ മുന്നേറ്റം കുറിച്ച രാജ്യാന്തര സ്വർണ വില 1963 ഡോളറിലാണ് കഴിഞ്ഞ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് യോഗത്തിന് മുന്നോടിയായി ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിനും നിർണായകമാണ്.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക