ഓഹരി വിപണിയില്‍ ഇടപാടുകാരേറുന്നു; വിശ്വാസ്യത കൂടുന്ന നിക്ഷേപമോ?
Mail This Article
ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപകരുടെ എണ്ണം കാര്യമായി കൂടുന്നു. നാഷണല്‍ സ്റ്റോക് എക്‌സേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സുസ്ഥിരമായ വളര്‍ച്ചയാണുണ്ടാകുന്നത്. സജീവ ഉപഭോക്താക്കളുടെ എണ്ണം നവംബറില്‍ 3.49 കോടിയായി ഉയര്‍ന്നു. ഒക്‌റ്റോബറില്‍ ഇത് 3.39 കോടിയായിരുന്നു.
തുടര്‍ച്ചയായി അഞ്ചാം മാസമാണ് എന്‍എസ്ഇയിലെ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്. ഒരു വര്‍ഷത്തിനിടെ വിപണിയില്‍ ഒരു ട്രേഡെങ്കിലും നടത്തിയ ഉപഭോക്താക്കളെയാണ് സജീവ ഉപഭോക്താക്കളായി എന്‍എസ്ഇ കണക്കാക്കുന്നത്.
സ്വാധീന ഘടകങ്ങൾ നിരവധി
ജൂലൈ മാസത്തില്‍ 10.4 ലക്ഷം ആക്റ്റീവ് യൂസേഴ്‌സിനെയാണ് എന്‍എസ്ഇ കൂട്ടിച്ചേര്‍ത്തത്. ഓഗസ്റ്റില്‍ 8 ലക്ഷം, സെപ്റ്റംബറില്‍ 6.1 ലക്ഷം, ഒക്‌റ്റോബറില്‍ 5.5 ലക്ഷം, നവംബറില്‍ 10.34 ലക്ഷം എന്നിങ്ങനെയാണ് എന്‍എസ്ഇയില്‍ ആക്റ്റീവ് ഉപഭോക്താക്കളുടെ വര്‍ധന.
ഓഹരി വിപണിയിലെ കുതിപ്പിന്റെ പ്രതിഫലനമാണ് ആക്റ്റീവ് ഉപഭോക്താക്കളുടെ എണ്ണത്തിലുമുണ്ടാകുന്നതെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു. ജിഡിപി വളര്‍ച്ചയിലെ പ്രതീക്ഷ, വിദേശ നിക്ഷേപത്തിലെ വര്‍ധന, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തുടങ്ങിയവയെല്ലാം ഓഹരി വിപണിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷം സെന്‍സക്‌സും നിഫ്റ്റിയും ഏകദേശം 20 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു. മൊത്തം ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13.51 കോടി ആയി ഉയര്‍ന്നു.