ADVERTISEMENT

നിക്ഷേപം 100 ശതമാനം ഓഹരി അധിഷ്ഠിതമാകുമ്പോൾ നഷ്ടസാധ്യത കൂടും. പുതിയവരും പഴയവരുമായ നിക്ഷേപകർക്ക് ഇതു വലിയ ആശങ്കതന്നെയാണ്. ഓഹരി ചാഞ്ചാട്ടവും വൈവിധ്യവല്‍ക്കരണത്തിന്റെ അഭാവവുംമൂലമുള്ള ഈ പ്രശ്നങ്ങൾക്കു മികച്ച പരിഹാരമാണ് ഹൈബ്രിഡ് ഇൻവെസ്റ്റ്‌മെന്റ് പദ്ധതി. അഗ്രസീവ് ഹൈബ്രിഡ് ഫണ്ട് ഓഹരിയുടെയും കടപ്പത്രത്തിന്റെയും മിശ്രിതമാണ് ഈ ഫണ്ടുകൾ.

ഓഹരിയിലും കടപ്പത്രത്തിലും വളരെ ക്രിയാത്മകമായി നിക്ഷേപം വിന്യസിക്കപ്പെടുന്നതിനാൽ പേരു സൂചിപ്പിക്കും പോലെ ഇവ വളർച്ചയും സുരക്ഷയും ഒരുപോലെ പ്രദാനം ചെയ്യുന്നു. ഉയർന്ന നേട്ടം ലക്ഷ്യംവച്ച് ഓഹരി വകയിരുത്തൽ 65-80 ശതമാനത്തോളം വരെ ഉയർത്താം. ഓഹരിയിൽ ചാഞ്ചാട്ടമുള്ളപ്പോഴും പ്രകടനം മോശമാകുമ്പോഴും കടപ്പത്രങ്ങളിലെ നിക്ഷേപം കൂട്ടി ബാലൻസ് ചെയ്യും. ഇങ്ങനെ ഏതു സാഹചര്യത്തിലും നിക്ഷേപകന്റെ പോർട്ട്ഫോളിയോയ്ക്കു പരിക്കുപറ്റാതെ സംരക്ഷിക്കാവുന്ന ഫണ്ടാണിത്.

ചാഞ്ചാട്ടസാധ്യത കുറച്ച്, ദീർഘകാല സമ്പത്തുണ്ടാക്കാൻ ഈ തന്ത്രം സഹായിക്കുന്നു. വളരെ മികച്ച പ്രകടനമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളുടേത്. 2023 ഡിസംബർ ആദ്യത്തിലെ കണക്കുപ്രകാരമുള്ള ശരാശരി നേട്ടമാണ് (%)  താഴെ നൽകിയിരിക്കുന്നത് : 

1 വർഷം–13.7 

3 വർഷം– 16.2 

5 വർഷം– 13.1 

10 വർഷം –13.8 

ബാലൻസ്ഡ്, കൺസർവേറ്റീവ്, ഇക്വിറ്റി സേവിങ്‌സ്, ആർബിട്രേജ്, ഡൈനാമിക് അസറ്റ് അലോക്കേഷൻ തുടങ്ങിയ വിവിധതരം ഹൈബ്രിഡ് ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ ഏതു കാലപരിധിയിലും മികച്ച ശരാശരി നേട്ടം നൽകുന്നവയാണ്. തിരുത്തലുണ്ടാകുമ്പോഴും അത്ര പരിക്കേല്‍ക്കാറില്ല, നിക്ഷേപന്റെ സമ്പത്ത് സംരക്ഷിക്കപ്പെടുന്നു. വലിയ റിസ്‌കെടുക്കാൻ താൽപര്യമില്ലാത്ത, നേട്ടവും സ്ഥിരതയും തമ്മിൽ സന്തുലനം വേണമെന്ന് ആഗ്രഹിക്കുന്നവർക്കു യോജിച്ചത്. 

നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്. ഓഹരിവിപണി അത്ര കിതപ്പു നേരിടാത്ത സാഹചര്യത്തിലും ഡെറ്റ് വിപണി മികച്ച നേട്ടം തരുമ്പോഴും ഇവ അനുയോജ്യമാണ്. അത്തരത്തിൽ നിങ്ങളുടെ പോർട്ട് ഫോളിയോ ഇപ്പോൾ പുനഃക്രമീകരിക്കാം∙ ആദായനികുതിയുടെ കാര്യം വരുമ്പോൾ ഇവ ഓഹരി ഫണ്ടുകളായി കണക്കാക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രകടനത്തിൽ സ്ഥിരത പുലർത്തുന്ന അഗ്രസീവ് ഫണ്ട് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓഹരി വിപണിമൂല്യം, ഓഹരി തിരഞ്ഞെടുക്കുന്ന രീതി, ഡെറ്റ് സ്ട്രാറ്റജി തുടങ്ങിയവയെല്ലാം സ്ഥിരതയാർന്ന പ്രകടനത്തിൽ നിർണായകമാണ്. 

തിരഞ്ഞെടുത്ത ഹൈബ്രിഡ് ഫണ്ട് ചിലപ്പോൾ അതിഗംഭീര പ്രകടനം നടത്താം, ചിലപ്പോൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെവരാം. 

അതിനാൽ ഫണ്ടിന്റെ അവസാന മൂന്ന്, അഞ്ചു വർഷത്തെ നേട്ടം വിലയിരുത്തിവേണം തിരഞ്ഞെടുപ്പ്. ഈ വിഭാഗത്തിലെ ചില ഫണ്ടുകൾ ഉയർന്ന ചാഞ്ചാട്ടം പ്രകടമാക്കാറുമുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് സ്ഥിരതയാർന്ന പ്രകടനം പ്രസക്തമാകുന്നത്. 

അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിൽ ഓഹരി നിക്ഷേപം കൂടുതലായതിനാൽ ചുരുങ്ങിയത് അഞ്ചു വർഷ കാലാവധിയിൽ വേണം നിക്ഷേപം. എസ്‌ഐപി‌ വഴി ഘട്ടംഘട്ടമായോ ഒന്നിച്ചോ നിക്ഷേപിക്കാം. ഈ വിഭാഗത്തിലെ ഏറ്റവും പഴയതും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതമായ ഒരു ഫണ്ടാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ഇക്വിറ്റി ആൻഡ് ഡെറ്റ് ഫണ്ട്.

എസ്ആർആർ ക്യാപ്പിറ്റന്‍റെ ഡയറക്ടർ ആണ് ലേഖകൻ. മലയാള മനോരമ സമ്പാദ്യം ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

English Summary:

Why You Should Invest In Aggressive Hybrid Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com