നേട്ടമുണ്ടാക്കാൻ എത്ര ഓഹരികളിൽ നിക്ഷേപിക്കണം? വിപണി ചാഞ്ചാട്ടത്തിലും എങ്ങനെ മുന്നേറാം?
Mail This Article
ഓഹരി വിപണി ഇങ്ങനെ ഉയർന്നു പോകുമ്പോൾ വിപണിയിൽ ഇത്തവണ ഒരു കൈ പരീക്ഷിച്ചു നോക്കാം എന്ന് കരുതി വരുന്നവർ ഒട്ടേറെയാണ്. നിർഭാഗ്യവാശാൽ ഇത്തരക്കാര്‍ എത്തുമ്പോൾ മിക്കവാറും വിപണി ഇടിയാനും തുടങ്ങിയിട്ടുണ്ടാകും. വിപണി ഇടിഞ്ഞാലും ഉയർന്നാലും ഒക്കെ വിപണിയിൽ പിടിച്ചു നിൽക്കാനും നേട്ടമുണ്ടാക്കാനും അടിസ്ഥാനപരമായ ഏതാനും ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. പ്രത്യേകിച്ചും ഓഹരി വിപണിയിലെ ചാഞ്ചാട്ടം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ.
മാനേജ്മെന്റ് മികച്ചതാണോ?
നിങ്ങൾക്ക് നിക്ഷേപിക്കാൻ മികച്ച മാനേജ്മെന്റ് ഉള്ള കമ്പനികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മികച്ച കമ്പനി മികച്ച ഓഹരി വരുമാനം നിക്ഷേപകർക്ക് ലഭ്യമാക്കും. പ്രതികൂല സമയങ്ങളിൽ എങ്ങനെ കമ്പനിയെ നയിക്കണമെന്ന് നല്ല മാനേജ്മെന്റിന് അറിയാം, സാഹചര്യം മാറുമ്പോൾ അവർ മുന്നിൽനിന്നു നയിക്കും. നിക്ഷേപയോഗ്യമായ നല്ലൊരു കമ്പനി തിരഞ്ഞെടുക്കാൻ നിങ്ങൾ ഒരു ഘടകം മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ മാനേജ്മെന്റിന്റെ ഗുണനിലവാരം നോക്കണം.
ഓഹരികള്‍ 15-20 എണ്ണം മതി
നിക്ഷേപകർക്ക് സാധാരണയായി അവരുടെ പോർട്ഫോളിയോയിൽ വളരെയധികം ഓഹരികൾ ഉണ്ട്, അത് സബ്-ഒപ്റ്റിമൽ റിട്ടേൺസിന് കാരണമാകുന്നു. ഒരു നിക്ഷേപകന്‍ പോർട്ഫോളിയോയിൽ പരമാവധി 15 കമ്പനികളിൽ (അങ്ങേയറ്റം 20 കമ്പനികളിൽ) നിക്ഷേപിക്കുന്നതാണ് അഭികാമ്യം.
ദീർഘകാല വീക്ഷണം വേണം
പ്രധാനമായും ക്ഷമയെ അടിസ്ഥാനമാക്കിയുള്ള ഒരു മൽസരം പോലെയാണ് ഓഹരി വിപണിയിലെ നിക്ഷേപം. ഗുണനിലവാരമുള്ള ഓഹരികൾ നേരത്തേ വിറ്റുകളയുന്ന നിരവധി നിക്ഷേപകരുണ്ട്. ആ ഓഹരികൾ വിറ്റതിനുശേഷം അവർ അതുപോലെ നല്ല കമ്പനികളിലേക്ക് പ്രവേശിക്കുന്നില്ല എന്നത് അവസരം നഷ്ടപ്പെടുത്തലാണ്.
ദീർഘകാല വീക്ഷണം ഉണ്ടായിരുന്നാൽ പോലും, പോർട്ട്‌ഫോളിയോ ഇടയ്ക്കിടെ നിരീക്ഷിച്ചു കൊണ്ടിരിക്കണം. അങ്ങനെയെങ്കിൽ കമ്പനിയുടെ കാര്യങ്ങളിലോ അല്ലെങ്കിൽ അത് പ്രതിനിധാനം ചെയ്യുന്ന വ്യവസായിക സാഹചര്യങ്ങളിലോ അടിസ്ഥാനപരമായ മാറ്റമുണ്ടെങ്കിൽ അതിനനുസരിച്ച് തന്ത്രങ്ങൾ മെനയാനാകും.
പണം കടം വാങ്ങി നിക്ഷേപിക്കരുത്
പല നിക്ഷേപകരും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ പണം കടം വാങ്ങുന്നു. ഇത് ആത്മഹത്യാപരമാണ്. കടം വാങ്ങുന്ന പണം ഒരിക്കലും വിപണിയിൽ ഒരു ദീർഘകാല വീക്ഷണത്തിന് നിങ്ങളെ അനുവദിക്കില്ല. നിങ്ങളുടെ സ്വന്തം പണം ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുക.
വിപണിയിൽ വിശ്വാസം നഷ്‌ടപ്പെടരുത്
ഒരു നിക്ഷേപകനും വിപണിയിൽ പിഴവുകൾ വരുത്തിയിട്ടില്ലെന്ന് അവകാശപ്പെടാൻ കഴിയില്ല. അതിനാൽ, നിങ്ങൾക്ക് ഒരു പിഴവു സംഭവിക്കുകയാണെങ്കിലും വിശ്വാസം നഷ്‌ടപ്പെടരുത്. പിഴവുകൾ പഠനത്തിനുള്ള അവസരം കൂടിയാണ്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ പിഴവുകളെങ്കിലും വരുത്തുന്നവരാണ് വിജയിച്ച നിക്ഷേപകർ. നിങ്ങളുടെ പിഴവുകളിൽ നിന്ന് പഠിക്കുക എന്നതാണ് ഇവിടെ പ്രധാനം.
ന്യായമായ വരുമാനം
ഒരാൾക്ക് ഹ്രസ്വകാലം കൊണ്ട് പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്ഥലമല്ല ഓഹരി വിപണി. മറിച്ച് ദീർഘകാലാടിസ്ഥാനത്തിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തി വിഭാഗമാണിത്, ഒരു ശരാശരി ഇക്വിറ്റി നിക്ഷേപകർക്ക് 14-15 ശതമാനം വാർഷിക റിട്ടേൺസ് നൽകുന്നു. എന്നാൽ ഓഹരി വിപണിയിലേത് ഉറപ്പ് വരുമാനമല്ല എന്നതും ഓർമിക്കേണ്ടതാണ്. നിങ്ങൾക്ക് പൂജ്യം അല്ലെങ്കിൽ നെഗറ്റീവ് റിട്ടേൺസ് ലഭിക്കുന്ന കുറച്ചു വർഷങ്ങൾ ഉണ്ടായേക്കാം. എന്നാൽ ദീർഘകാലയളവിൽ നല്ല നിലവാരമുള്ള കമ്പനികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളതെങ്കിൽ, വിപണിയിൽ നിന്ന് 14 മുതൽ 15 ശതമാനം വരെ വാർഷിക റിട്ടേൺസ് പ്രതീക്ഷിക്കാവുന്നതാണ്.
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖിക തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക