ADVERTISEMENT

ആദായ നികുതി റീഫണ്ടായി ബാങ്ക് അക്കൗണ്ടിൽ 15,490 രൂപ കിട്ടുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചോ.... അറിയാതെ പോലും ആ ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ.. അത് തട്ടിപ്പാണ്. ആദായ നികുതി വകുപ്പ് ഒരിക്കലും അത്തരം സന്ദേശങ്ങൾ അയക്കാറില്ല.  ബാങ്ക് അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യാനുള്ള നിർദേശം തട്ടിപ്പുകാർ അയക്കുന്ന സന്ദേശങ്ങളിൽ കാണാം. അപ്രകാരം, അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യാൻ ശ്രമിച്ചാലോ ഒടിപി, പാൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈമാറിയാലോ വലിയ സാമ്പത്തിക നഷ്ടമാകും നിങ്ങൾ നേരിടുക.

തട്ടിപ്പിന്‍റെ വഴികൾ

15,490 രൂപ ആദായ നികുതി റീഫണ്ടിന് അനുമതിയായിട്ടുണ്ടെന്നും 5xxxxx6755 എന്ന നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിൽ തുക ഉടൻ ക്രെഡിറ്റ് ആകുമെന്നുമുള്ള സന്ദേശമാണ് പലർക്കും തട്ടിപ്പുകാരിൽ നിന്ന് ലഭിക്കുന്നത്. ''സന്ദേശത്തിലെ ബാങ്ക് അക്കൗണ്ട് നമ്പർ ശരിയല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക'' എന്ന നിർദേശവും ഒപ്പമുണ്ടാകും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യാനോ അക്കൗണ്ട് നമ്പർ അപ്ഡേറ്റ് ചെയ്യാനോ പാടില്ലെന്ന മുന്നറിയിപ്പ് നികുതി വകുപ്പ് അധികൃതരും നികുതി വിദഗ്ധരും നൽകിയിട്ടുണ്ട്.

income-tax

ജാഗ്രത വേണം

ആദായ നികുതി വകുപ്പ് ഒരിക്കലും ഇത്തരത്തിൽ റീഫണ്ട് സംബന്ധിച്ച ലിങ്കുകൾ അയക്കില്ലെന്നും തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ നികുതിദായകർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇ-മെയിലിലും മറ്റും വരുന്ന തട്ടിപ്പ് സന്ദേശങ്ങൾക്കൊപ്പം നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെയോ ഫോണിന്‍റെയോ പ്രവർത്തനം താറുമാറാക്കുന്നതും വിവരങ്ങൾ ചോർത്തുന്നതുമായ വൈറസ് അടങ്ങിയ ഫയലുകളും ഉണ്ടായേക്കും. അതിനാൽ, ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ഫയലുകൾ തുറക്കാതിരിക്കുക. ആന്‍റി-വൈറസ് സോഫ്റ്റ്‍വെയ‍‍ർ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

ആദായ നികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കേണ്ട കാലമാണിത്. പിഴ കൂടാതെ ജൂലൈ 31നകം ഐടിആർ സമർപ്പിക്കാം. അക്കൗണ്ട് ഓഡിറ്റിംഗ് ആവശ്യമില്ലാത്തവരും ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുമായ വ്യക്തികളാണ് 2023-24 സാമ്പത്തിക വര്‍ഷത്തെ (2024-25 അസസ്മെന്‍റ് വര്‍ഷം) വരുമാനത്തിന് ബാധകമായ ഐടിആര്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ 31ന് ശേഷമാണ് ഐടിആർ സമർപ്പിക്കുന്നതെങ്കിൽ പിഴ ഈടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com