അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ കിങ്ഡൻ വഞ്ചിച്ചോ? നിയമനടപടിയിലേക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക്
Mail This Article
അദാനി ഗ്രൂപ്പിനെതിരെ ഗുരുതരണ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന യുഎസ് ഷോർട്ട് സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ചും സെബിയും (SEBI) തമ്മിലെ വാക്പോരിനിടെ, വിഷയത്തിൽ പരാമർശിക്കപ്പെട്ട പ്രമുഖ സ്വകാര്യബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും നിയമയുദ്ധത്തിന് ഒരുങ്ങുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് രണ്ടുമാസം മുമ്പേ ഹിൻഡൻബർഗ് അത് യുഎസ് ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് കിങ്ഡൻ ക്യാപ്പിറ്റലിന് കൈമാറിയെന്നും ഇതുവഴി ഹിൻഡൻബർഗും കിങ്ഡണും വൻ ലാഭമുണ്ടാക്കിയെന്നുമാണ് സെബി ഹിൻഡൻബർഗിന് അയച്ച 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസിലുള്ളത്.
അതേസമയം, സെബിയുടെ ആരോപണങ്ങളെ തള്ളിയ ഹിൻഡൻബർഗ്, അന്വേഷണ റിപ്പോർട്ടിൽ കൊട്ടക് ബാങ്കിന്‍റെ പേര് സെബി പരാമർശിക്കാത്തത് മനഃപൂർവമാണെന്നും ആരോപിച്ചു. അദാനി ഓഹരികളിലെ ഷോർട്ട്-സെല്ലിങ്ങിന് കിങ്ഡൻ ഉപയോഗിച്ച അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ മൗറീഷ്യസിലെ ഉപസ്ഥാപനമായ കെ-ഇന്ത്യൻ ഓപ്പർച്യൂണിറ്റീസ് ഫണ്ട് ആയിരുന്നെന്നാണ് ഹിൻഡൻബർഗിന്‍റെ ആരോപണം.
വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികൾ മുഖേന സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി അദാനി ഗ്രൂപ്പ്, ഓഹരിവില പെരുപ്പിച്ച് കാട്ടി നേട്ടമുണ്ടാക്കിയെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് 2023 ജനുവരിയിൽ ഹിൻഡൻബർഗ് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ തകർച്ചയ്ക്ക് ഇത് വഴിവച്ചു. 15,000 കോടി ഡോളറാണ് (12.5 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ നിന്ന് ആരോപണങ്ങൾക്ക് പിന്നാലെ ഒലിച്ചുപോയത്.
നിയമവഴിയിലേക്ക് കൊട്ടക്കും
അദാനിക്കെതിരായ ഷോർട്ട്-സെല്ലിങ്ങിന് വേണ്ടി കിങ്ഡൻ ക്യാപ്പിറ്റൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോയെന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് പരിശോധിക്കുന്നത്. അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട് ലഭിക്കുന്ന ലാഭം പങ്കുവയ്ക്കാൻ ഹിൻഡൻബർഗും കിങ്ഡണും തമ്മിൽ കരാറുണ്ടായിരുന്നു എന്ന് സെബി ആരോപിച്ചിരുന്നു.
വിഷയത്തിൽ കൊട്ടക് ബാങ്കും ലാഭം നേടിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപിച്ചത്. ഇത് സെബിക്ക് അറിയാമെന്നും എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ മനഃപൂർവം ബാങ്കിന്‍റെ പേര് ഒഴിവാക്കുകയാണെന്നും ഹിൻഡൻബർഗ് ആരോപിച്ചു. വിഷയത്തിൽ കിങ്ഡൻ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ബാങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് കൊട്ടക് ബാങ്കിന്‍റെ ഓഹരികൾ നേരിയ നഷ്ടത്തോടെ 1,850 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്.