സാമ്പത്തിക സുരക്ഷ എന്നെന്നും, ഒപ്പം നികുതി ഇളവും! ഈ പെൻഷന് ആര്‍ക്കൊക്കെ കിട്ടും
Mail This Article
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) എന്നത് ജനങ്ങള്‍ക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ്. വാര്‍ധക്യകാലത്ത് സാമ്പത്തിക സുരക്ഷിതത്വം ഒരുക്കുന്നത് മാത്രമല്ല, നികുതി ഇളവുകളടക്കം നല്ക്കുന്ന ഒന്ന് കൂടിയാണ്. ഇപിഎഫ്ഒയെ കുറിച്ച് അറിയുമെങ്കിലും നമ്മള് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കാറില്ല. മാസം പണം നിക്ഷേപിക്കുകയാണ് പതിവ്. ഇതുവഴി ഉപഭേക്താവിനും കുടുംബത്തിനുമെല്ലാം സാമ്പത്തിക സുരക്ഷ നല്‍കുന്നുണ്ട്. ഇപിഎഫ്ഒ പദ്ധതിയെ കുറിച്ച് കൂടുതലറിയാം.
എന്താണ് പദ്ധതി
ഇപിഎഫ് അക്കൗണ്ടുള്ളവര്ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയീസ് പെന്ഷന് സ്കീം ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്നു. പദ്ധതി പ്രകാരം, സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 58 വയസ്സ് തികയുമ്പോള്‍ പെന്ഷന് അര്‍ഹതയുണ്ട്.
മാനദണ്ഡങ്ങള്‍
എംപ്ലോയീസ് പെന്ഷന് സ്കീമിന് (ഇപിഎസ്) കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ആവശ്യമാണ്.
∙10 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയിരിക്കണം
∙ഉപഭോക്താവിന് 58 വയസ് തികയണം
∙50 വയസ് മുതല്‍ കുറഞ്ഞ നിരക്കില്‍ ഇപിഎസ് പിന്‍വലിക്കാനും കഴിയും
∙ പെന്ഷന് രണ്ട് വര്‍ഷത്തേക്ക് (60 വയസ് വരെ) മാറ്റിവയ്ക്കാം, അതിനുശേഷം ഓരോ വര്‍ഷവും 4% അധിക നിരക്കില്‍ പെന്ഷന് ലഭിക്കും.
∙എംപ്ലോയീസ് പെന്ഷന് സ്കീമിലേക്ക് (ഇപിഎസ്) സംഭാവന ചെയ്ത അംഗങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങളിലൂടെ സ്ഥിരമായ വരുമാനം ലഭിക്കും.
പെന്ഷന് പലവിധം
ഇപിഎസ് 95-ന് കീഴില്‍ വിവിധ തരം പെന്‍ഷനുകളുണ്ട്. നിങ്ങള്‍ ഇതില്‍ ഏത് തരം ഉപഭോക്താവാണെന്ന് നോക്കാം.
സൂപ്പര്‍അനുവേഷന്‍ പെന്ഷന്
10 വര്‍ഷമോ അതില്‍ കൂടുതലോ യോഗ്യതയുള്ള സേവനം അനുഷ്ഠിക്കുകയും 58 വയസ്സ് തികയുമ്പോള്‍ വിരമിക്കുകയും ചെയ്താല്‍ സൂപ്പര്‍അനുവേഷന്‍ പെന്ഷന്.
നേരത്തെയുള്ള പെന്ഷന്
10 വര്‍ഷമോ അതില്‍ കൂടുതലോ യോഗ്യതയുള്ള സേവനം നല്‍കുകയും വിരമിക്കുകയോ അല്ലെങ്കില്‍ 58 വയസ്സ് തികയുന്നതിന് മുമ്പ് ജോലിയില്‍ തുടരാതിരിക്കുകയോ ചെയ്താല്‍ നേരത്തെയുള്ള പെന്ഷന്.
വികലാംഗ പെന്ഷന്
ഇപിഎസ് 95-ന് കീഴിലുള്ള വികലാംഗ പെന്ഷന്, അവരുടെ സേവനത്തിനിടയില്‍ സ്ഥിരമായും പൂര്‍ണമായും അംഗവൈകല്യം സംഭവിക്കുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു.
വിധവ, കുട്ടികളുടെ പെന്ഷന്
വിധവ പെന്ഷന് മരണപ്പെട്ട ഇപിഎഫ്ഒ അംഗത്തിന്റെ ജീവിത പങ്കാളിക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. ഇതിലൂടെ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് പ്രതിമാസ പെന്ഷന് നല്കുന്നു, പങ്കാളിയുടെ വിയോഗത്തിനു ശേഷം സാമ്പത്തിക ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ സഹായിക്കുന്നു.
ഇപിഎസ് 95ന് കീഴിലുള്ള കുട്ടികളുടെ പെന്ഷന് മരണപ്പെട്ട ഇപിഎഫ്ഒ അംഗത്തിന്റെ രണ്ട് കുട്ടികള്‍ക്ക് ഒരേസമയം സാമ്പത്തിക സഹായം നല്കുന്നു. ഓരോ കുട്ടിക്കും 25 വയസ് എത്തുന്നതുവരെ പ്രതിമാസ പെന്ഷന് അര്‍ഹതയുണ്ട്, അവരുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും പിന്തുണ നല്കുന്നു.
അനാഥ പെന്ഷന്
മരണപ്പെട്ട അംഗങ്ങളുടെ പങ്കാളി ജീവിച്ചിരിപ്പില്ലെങ്കില്‍ അവരുടെ മക്കള്‍ക്ക് അനാഥ പെന്ഷന് സാമ്പത്തിക സഹായം നല്‍കും. ഈ പെന്‍ഷനിലൂടെ പ്രതിമാസം നിശ്ചിത തുക നല്‍കും. ഈ തുക അനാഥര്‍ക്ക് അവരുടെ ജീവിത, വിദ്യാഭ്യാസ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.
നോമിനി പെന്ഷന്
പങ്കാളിയോ കുട്ടികളോ ഇല്ലാത്ത ഒരു ഇപിഎഫ്ഒ അംഗം മരണപ്പെട്ടാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗുണഭോക്താവിന് നോമിനി പെന്ഷന് ലഭിക്കും. നിയുക്ത നോമിനിക്ക് സാമ്പത്തിക സഹായമാണ് ഇത് വഴി നല്‍കുന്നത്.