ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണെങ്കിലും ഓഫ് സ്പിന്നർമാരെ നേരിടുമ്പോൾ സച്ചിന് ചെറിയ പതർച്ചയുണ്ടായിരുന്നതായി ശ്രീലങ്കയുെട മുൻതാരം മുത്തയ്യ മുരളീധരൻ. താനുൾപ്പെടെ ഒട്ടേറെ ഓഫ് സ്പിന്നർമാർ പതിവായി സച്ചിനെ പുറത്താക്കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് മുരളി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അതേസമയം, തനിക്കെതിരെ കളിക്കുമ്പോൾ വിക്കറ്റ് കളയാതിരിക്കുന്നതിൽ സച്ചിൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായി മുരളി വെളിപ്പെടുത്തി. സാങ്കേതികമായി ഏറെ മുൻപന്തിയിലായിരുന്നതിനാൽ സച്ചിന്റെ പ്രതിരോധം തകർക്കുന്നത് ശ്രകരമായ ദൗത്യമായിരുന്നുവെന്നും മുരളി പറഞ്ഞു.

രാജ്യാന്തര കരിയറിൽ 13 തവണ സച്ചിനെ പുറത്താക്കിയിട്ടുള്ള താരമാണ് മുരളീധരൻ. ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ മാത്രമാണ് ഇതിലുമേറെ തവണ സച്ചിനെ പുറത്താക്കിയിട്ടുള്ളത്. 14 തവണയാണ് ബ്രെറ്റ് ലീ സച്ചിന്റെ വിക്കറ്റെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തിയ ഏക ബോളറാണ് മുരളീധരൻ. സച്ചിനാകട്ടെ, രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ പൂർത്തിയാക്കിയ ഏക ബാറ്റ്സ്മാനും.

‘സച്ചിനെതിരെ ബോൾ ചെയ്യുമ്പോൾ നമുക്കു ഭയം തോന്നില്ല. കാരണം, സേവാഗിനേപ്പോലെ കടന്നാക്രമിക്കുന്ന വ്യക്തിയല്ല സച്ചിൻ. അതുകൊണ്ടുതന്നെ നമ്മെ അധികം നോവിക്കില്ല. സച്ചിന്റെ ശ്രദ്ധ വിക്കറ്റ് കളയാതിരിക്കുന്നതിലായിരിക്കും. പന്തിന്റെ ഗതി വായിക്കുന്നതിൽ സച്ചിന് പ്രത്യേക കഴിവുണ്ട്. സാങ്കേതികത്തികവിലും മുൻപന്തിയിലായതുകൊണ്ട് പുറത്താക്കാൻ വലിയ ബുദ്ധിമുട്ടാണ്’ – മുരളീധരൻ പറഞ്ഞു.

‘സച്ചിന് ഓഫ് സ്പിന്നിനെതിരെ ചെറിയ പതർച്ചയുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ലെഗ് സ്പിന്നിനെതിരെ സച്ചിൻ തകർപ്പൻ ഷോട്ടുകൾ കളിക്കും. പക്ഷേ, ഓഫ് സ്പിൻ വരുമ്പോൾ കുറച്ചു ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ഞാൻ തന്നെ സച്ചിനെ ഒട്ടേറെ തവണ പുറത്താക്കിയിട്ടുണ്ട്. ഞാൻ മാത്രമല്ല, മറ്റ് ഓഫ് സ്പിന്നർമാരും പലതവണ സച്ചിന്റെ വിക്കറ്റെടുത്തിട്ടുണ്ട്’ – മുരളീധരൻ ചൂണ്ടിക്കാട്ടി.

‘ഇതിന്റെ കാരണമെന്താണെന്ന് എനിക്ക് അറിയില്ല. ഇതേക്കുറിച്ച് ഞാൻ സച്ചിനോട് ചോദിച്ചിട്ടുമില്ല. സച്ചിന് ഓഫ് സ്പിൻ കളിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടെന്ന് എന്റെ മനസ്സിൽ തോന്നിയതാണ്. കാരണം, മറ്റു കളിക്കാരെ അപേക്ഷിച്ച് സച്ചിനെതിരെ എനിക്ക് ചെറിയ ആധിപത്യം ലഭിച്ചിരുന്നു. പക്ഷേ, ബോൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള താരമാണ് സച്ചിൻ. അദ്ദേഹത്തെ പുറത്താക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്’ – മുരളീധരൻ പറഞ്ഞു.

English Summary: Sachin Tendulkar was good reader of the ball but he had a small weakness against off-spin: Murali Muralitharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com