‘ദ് ഹണ്ട്രഡിന്’ ഭീഷണിയാകുമോയെന്നു സംശയം; സൗദി ട്വന്റി20 ലീഗിനെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Mail This Article
മെൽബൺ ∙ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിനെ എതിർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലോക ഫുട്ബോളിൽ ഉൾപ്പെടെ വൻകിട നിക്ഷേപങ്ങളുള്ള സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ 8 ടീമുകളെ ഉൾപ്പെടുത്തി 4 വ്യത്യസ്ത വേദികളിലായി സംഘടിപ്പിക്കാനുദ്ദേശിച്ച ലീഗിനെയാണ് പ്രായോഗികമല്ലെന്ന നിലപാടോടെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) തള്ളിയത്.
നിലവിലെ രാജ്യാന്തര മത്സര കലണ്ടറിൽ പുതിയൊരു ടൂർണമെന്റ് കൂടി ഉൾപ്പെടുത്താനുളള ഇടവേളയില്ല, താരങ്ങളുടെ വർക്‌ലോഡ് വർധിക്കുന്നതു രാജ്യാന്തര മത്സരങ്ങൾക്കു തിരിച്ചടിയാകും തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇസിബി ഈ ആലോചനയെ എതിർത്തത്. ഇസിബി സംഘടിപ്പിക്കുന്ന ഹണ്ട്രഡ് ലീഗിനു ബദലാകുമോയെന്ന സംശയവും എതിർപ്പിനു കാരണമാണ്.
ഇന്ത്യൻ രൂപയിൽ ഏകദേശം 4300 കോടി മൂല്യമുള്ളതായിരിക്കും സൗദി അറേബ്യയുടെ ക്രിക്കറ്റ് ലീഗെന്നാണു വിവരം. എട്ടു ടീമുകൾ മത്സരിക്കുന്ന ലീഗ് ടെന്നിസ് ഗ്രാൻഡ്‍സ്‍ലാമുകളെ മാതൃകയാക്കിയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. 2025 ലെ ഐപിഎൽ മെഗാലേലം നടന്നത് സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു.