സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബായി ബ്ലാസ്റ്റേഴ്സ്

Mail This Article
കൊച്ചി∙ ലോകത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഫുട്‌ബോൾ ക്ലബുകളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി വീക്കിലി റിപ്പോർട്ടനുസരിച്ച് സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 70–ാം സ്ഥാനത്താണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ഏക ക്ലബും ബാസ്റ്റേഴ്സ് തന്നെ.
ട്വിറ്റർ (20 ലക്ഷം), ഇൻസ്റ്റഗ്രാം (34 ലക്ഷം), ഫെയ്സ്ബുക്ക് (13 ലക്ഷം) എന്നിങ്ങനെ ആകെ 67 ലക്ഷം പേരാണ് ബ്ലാസ്റ്റേഴ്സിനെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്. സമാനതകളില്ലാത്ത ഈ നേട്ടം ബ്ലാസ്റ്റേഴ്സും അതിന്റെ ആരാധകരും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ക്ലബ് അധികൃതർ പറഞ്ഞു.
‘‘ഇത് തീർച്ചയായും ബ്ലാസ്റ്റേഴിസിന് ഒരു വലിയ നേട്ടമാണ്. ഡിജിറ്റലായി നവീകരിക്കാനുള്ള ക്ലബ്ബിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമാണിത്. ക്ലബ്ബിന്റെ ബ്രാൻഡും ഫാൻബേസും ഇന്ത്യയ്ക്കു പുറത്തേക്കും വളർത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വരും വർഷത്തിൽ മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ പ്രീ-സീസൺ ടൂറുകളും എക്‌സ്‌പോഷർ മത്സരങ്ങളും സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.’’– ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
English Summary: Kerala Blasters in top 100 clubs in the world with the most followers on social networks