ആശാന് ശിഷ്യൻമാരുടെ ഗുരുദക്ഷിണ; സച്ചിൻ ദ് സേവ്യർ, ലൂണ ദ് മജീഷ്യൻ
Mail This Article
കൊച്ചി ∙ കളത്തിലിറങ്ങും മുൻപ് ആശാനായിരുന്നു ഹീറോ; ശേഷം ശിഷ്യൻമാരും! ലൂണ, ഡയമന്റകോസ്, സച്ചിൻ സുരേഷ്.... ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്സിന് 2–1ന്റെ ത്രസിപ്പിക്കുന്ന ജയം. 10 മത്സര വിലക്കിനു ശേഷം തിരിച്ചെത്തിയ കോച്ച് ഇവാൻ വുക്കോമനോവിച്ചിനു ശിഷ്യൻമാരുടെ അതിഗംഭീര ഗുരുദക്ഷിണ! ഡയമന്റകോസ് (66"), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (84") എന്നിവർ ബ്ലാസ്റ്റേഴ്സിനായും ഡിയേഗോ മൗറീഷ്യോ (15") ഒഡീഷയ്ക്കായും സ്കോർ ചെയ്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 10 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
സച്ചിൻ: ദ് സേവ്യർ!
15 –ാം മിനിറ്റിൽ പിൻനിരയിൽനിന്ന് അഹമ്മദ് ജാഹുവിന്റെ കൗശല പൂർണമായ പാസ് എത്തിയതു സ്റ്റീഫൻ ഗൊദാർഡിലേക്ക്. ത്രൂ പാസ് സ്വീകരിച്ച മൗറീഷ്യോ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാരായ ഹോർമിപാമിനും പ്രീതം കോട്ടാലിനും ഇടയിലൂടെ കടന്നു കയറി തൊടുത്ത മിന്നൽ ഷോട്ട് സച്ചിൻ തട്ടിയെങ്കിലും പതിച്ചതു വലയിൽ തന്നെ. ഒഡീഷ മുന്നിൽ. 21 –ാം മിനിറ്റ്. ഒഡീഷയുടെ റാൽതെയെ വീഴ്ത്തിയതിന് ബോക്സിനു പുറത്തു ലഭിച്ച ഫ്രീ കിക്ക് അഹമ്മദ് ജാഹു തൊടുത്തതു ഗോളിലേക്ക്. കുതിച്ചുയർന്ന് സച്ചിന്റെ സേവ്! റീബൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ നവോച്ച സിങ്ങിന്റെ ‘കൈ’ പെട്ടു.
ഹാൻഡ് ബോളിനു റഫറി വിധിച്ചതു പെനൽറ്റി. മൗറീഷ്യോയുടെ വലതുകാൽ കിക്ക് വലതു മൂലയിലേക്കു പറന്നു കുത്തിയകറ്റിയ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ഇസാക റാൽതെയുടെ റീബൗണ്ടും കയ്യിലൊതുക്കി!
ഡയമന്റകോസ്: ദ് ഗ്രീക്ക്!
58 –ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഇരട്ട മാറ്റം. രാഹുലിനു പകരം ഗ്രീക്ക് താരം ഡയമന്റകോസും വിബിൻ മോഹനു പകരം ലാലമാവ്‌മയും. ആ മാറ്റം ലക്ഷ്യം കണ്ടത് 66 –ാം മിനിറ്റിൽ. ലൂണയുടെ ഫ്രീകിക്ക് എത്തിയതു ഡെയ്സൂകിയിലേക്ക്. നിമിഷാർധത്തിൽ ഡയമന്റകോസിലേക്ക്. ഗോൾ കീപ്പർ അമരീന്ദർ സിങ്ങിനെയും മറികടന്നൊരു ഗംഭീര കോരിയിടൽ. ഗോൾ!!! സീസണിൽ ഡമയന്റകോസിന്റെ ആദ്യ ഗോൾ.
ലൂണ: ദ് മജീഷ്യൻ!
രണ്ടാം പകുതിയിൽ കളം നിറഞ്ഞൊഴുകിയ ലൂണ ഒഡീഷയുടെ പ്രതിരോധം അപ്പാടെ തീർത്തു കളഞ്ഞു!
84 –ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പിൻനിരയിൽ നിന്ന് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഒഡീഷ താരത്തിനു പിഴച്ചതു ലൂണയുടെ കാലിലേക്ക്. ഓട്ടത്തിനിടെ, വലതു മൂലയിൽ നിന്നു ലൂണ ചിപ് ചെയ്തുവിട്ട പന്തു മഴവില്ലു പോലെ ഒഡീഷ ഗോള്‍ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ഒഴുകിയിറങ്ങുമ്പോൾ ഗോൾ കീപ്പർ അമരീന്ദർ സിങ്ങും കാണികളിൽ ഒരാൾ മാത്രമായി.