ADVERTISEMENT

മുംബൈ∙ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർതാരങ്ങൾ നിൽക്കെ, അവിടെയുണ്ടായിരുന്ന ആളുകൾ നാഗ്‍പുരിൽ നിന്നുള്ള ഡോളി ചായ്‌വാലയ്ക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയ സംഭവം വിവരിച്ച് ഹോക്കി ടീമംഗം ഹാർദിക് സിങ്. രണ്ട് ഒളിംപിക്സുകളിൽ തുടർച്ചയായി ഇന്ത്യയ്ക്കായി മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർ താരങ്ങളായ മൻദീപ് സിങ്, ഹർമൻപ്രീത് സിങ് തുടങ്ങിയവർ നിൽക്കെയാണ്, വിമാനത്താവളത്തിലുണ്ടായിരുന്ന ആളുകൾ ഡോളി ചായ്‌വാലയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കിയത്.

‘‘ഈ പറയുന്ന കാര്യം ഞാൻ എന്റെ കണ്ണുകൊണ്ട് നേരിട്ട് കണ്ടതാണ്. ഹർമൻപ്രീത് സിങ്, ഞാൻ, മൻദീപ് സിങ് ഉൾപ്പെടെ അഞ്ചാറു പേർ അവിടെയുണ്ടായിരുന്നു. ഡോളി ചായ്‌വാലയും അവിടെയുണ്ടായിരുന്നു. ആളുകളെല്ലാം ഡോളി ചായ്‌വാലയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കി. അവരാരും ഞങ്ങളെ തിരിച്ചറിഞ്ഞുപോലുമില്ല. ഇതു കണ്ട് ഞങ്ങൾ അന്തംവിട്ട് പരസ്പരം നോക്കി.’ – ഹാർദിക് സിങ് പറഞ്ഞു.

∙ ആരാണ് ഡോളി ചായ്‌വാല?

വ്യത്യസ്ത രീതിയിലും ശൈലിയിലും സ്റ്റൈലിഷായി ചായയടിച്ചാണ് നാഗ്പുർ സ്വദേശിയായ ഡോയ് ചാ‌യ്‌വാല സമൂഹമാധ്യമങ്ങളിൽ താരമായത്. അദ്ദേഹത്തിന്റെ സ്റ്റൈൽ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെയും സൃഷ്ടിച്ചു. സാക്ഷാൽ ബിൽ ഗേറ്റ്സിന് തന്റെ തനത് ശൈലിയിൽ ചായ തയാറാക്കി നൽകിയതോടെ ഡോളി ചായ്‌വാലയുടെ ഖ്യാതി കടൽ കടന്നു. അനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ വന്നപ്പോഴാണ് ബിൽ ഗേറ്റ്സ് ഡോളി ചായ്‌വാലയേക്കുറിച്ച് കേട്ട് ചായ കുടിക്കാനെത്തിയത്. ചായയടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വിഡിയോയിൽ ബില്‍ ഗേറ്റ്സ് ‘വൺ ചായ പ്ലീസ്’ എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.

ചെറുകടികളുമൊക്കെയായി ഉന്തുവണ്ടിയിലാണ് ഈ ട്രെൻഡിങ് ചായക്കടക്കാരന്റെ പാചകം. ഗ്യാസ് കത്തിച്ച് പാനിൽ പാൽ ഒഴിക്കുന്നത് മുതൽ ചായ ഗ്ലാസിലേക്ക് വീശി ഒഴിക്കുന്നതു വരെ വെറൈറ്റി സ്റ്റൈലിലാണ്. ആരും കണ്ടു നിന്നുപോകും. ബില്‍ ഗേറ്റ്സിനൊപ്പം വിഡിയോ ചെയ്യുമ്പോള്‍ ഡോളി ചായ്‍വാലയ്ക്ക് ഇതാരാണെന്നും എത്ര വലിയ വ്യക്തിത്വമാണെന്നും മനസിലായിരുന്നില്ലത്രേ. വിഡിയോ വൈറലായതിനു ശേഷമാണ് ബില്‍ ഗേറ്റ്സിനെ പറ്റി ഇദ്ദേഹം ശരിക്കുമറിയുന്നത്.

English Summary:

Fans ask Dolly chaiwala for selfies, ignoring Indian hockey players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com