ആ തീരുമാനത്തിലെത്താൻ 8 വർഷമെടുത്തു, കുടുംബം ഒപ്പം നിന്നു: പ്രസവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി
Mail This Article
അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് ഏവർക്കും സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അശ്വതി ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രണ്ട് ഗർഭകാലത്തിന് ശേഷവും വിഷാദ അവസ്ഥയിലൂടെ കടന്നു പോയിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വതി. ആദ്യത്തെ പ്രസവ സമയത്ത് വിഷാദം വളരെ കൂടുതലായിരുന്നെന്നും രണ്ടാമത്തെ കുഞ്ഞായപ്പോഴേക്കും പലതും മാനേജ് ചെയ്യാൻ പഠിച്ചെന്നും അശ്വതി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘പോസ്റ്റ്പോർട്ടം ഡിപ്രഷനെ പറ്റി മുമ്പ് പറഞ്ഞിട്ടുണ്ട്. ആദ്യ പ്രസവ സമയത്ത് ഏതാണ്ട് ഒരു വർഷത്തോളമാണ് ഡിപ്രഷൻ അനുഭവിച്ചത്. അതുകൊണ്ടു തന്നെ രണ്ടാമത്തെ തവണയായപ്പോൾ ചില മുൻകരുതലുകളെടുത്തിരുന്നു. പക്ഷേ, എന്തൊക്കെ തയാറെടുപ്പ് നടത്തിയാലും പ്രസവാനന്തര വിഷാദം വരാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഞാൻ തയാറായിരുന്നു.
ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ പോസ്റ്റ്പാർട്ടം ഡിപ്രഷൻ വന്നതുകൊണ്ടും കരിയറിൽ മികച്ച സമയമായതിനാലും ഇനിയൊരു കുട്ടി എന്ന തീരുമാനത്തിലേക്കെത്താൻ എട്ടു വർഷം എടുത്തു. ഗർഭം മുതൽ എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനം എടുക്കാൻ പറ്റുന്ന സ്പേസിൽ നിന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചത്. അന്ന് എന്റെ സന്തോഷത്തിന്റെ താക്കോൽ എന്റെ കയ്യിൽ ആയിരുന്നു. അത് വളരെയധികം ഉപകരിച്ചു. സോഷ്യൽ പ്രഷറിന്റെ പേരിലോ വേറെന്തെങ്കിലും ഘടകങ്ങളുടെ പേരിലോ ആയിരിക്കരുത് കുഞ്ഞെന്ന തീരുമാനമെന്നാണ് ഇപ്പോഴത്തെ കുട്ടികളോടും പറയാനുള്ളത്. അതിന് ശാരീരികമായും മാനസികമായും സാമ്പത്തികമായും അതിന് തയാറെടുപ്പ് നടത്തേണ്ടതുണ്ട്’– അശ്വതി വ്യക്തമാക്കി.
ആദ്യത്തെ തവണ ഞാൻ പ്രസവാനന്തര വിഷാദത്തിലൂടെ കടന്നുപോയപ്പോൾ അനുഭവിച്ച് എന്തെല്ലാമാണെന്ന് ഭർത്താവ് ശ്രീകാന്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാമത്തെ പ്രസവമായപ്പോൾ എല്ലാത്തിനും എന്നോടൊപ്പം ഉണ്ടായിരുന്നു. എനിക്ക് ഓകെ അല്ല എന്നു തോന്നുന്ന സാഹചര്യത്തിൽ നിന്നും ആളുകളുടെ ഇടയിൽ നിന്നും എന്നെ രക്ഷപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. നീ റെഡിയാണെങ്കിൽ മാത്രം നമുക്ക് അടുത്തൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാം എന്നാണ് ശ്രീ പറഞ്ഞത്. വീട്ടുകാരും കൂടെ നിന്നു’–അശ്വതി പറഞ്ഞു.