വിവാഹ ആഘോഷങ്ങൾ അവസാനിച്ചതിനു പിന്നാലെ ആശുപത്രിയില്‍; റോബിന് എന്തുപറ്റിയെന്ന് ആരാധകർ

Mail This Article
മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു റിയാലിറ്റിഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും തമ്മിലുള്ള വിവാഹം. ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹ ആഘോഷങ്ങൾ അടുത്തിടെയാണ് സമാപിച്ചത്. എന്നാൽ ആഘോഷങ്ങൾ സമാപിച്ചതിനു പിന്നാലെ, മറ്റൊരു വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് റോബിന്റെ ആരാധകർ. റോബിൻ ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. റോബിന്റെ സുഹൃത്തുക്കൾ പരുക്കേറ്റ് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ എന്താണു സംഭവിച്ചതെന്ന് വ്യക്തമല്ല.
വിവാഹ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തുടങ്ങുന്നത്. എന്നാൽ വിഡിയോയുടെ അവസാനത്തിൽ പരുക്കേറ്റ് കിടക്കുന്ന റോബിന്റെ സുഹൃത്തുക്കളെ കാണാം. റോബിനും ആരതിയും ഇവരെ സന്ദർശിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഏറ്റവുമൊടുവിൽ റോബിൻ ഡ്രിപ്പിട്ടു കിടക്കുന്നതും കാണാം. സമൂഹമാധ്യമത്തിലെത്തിയ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. റോബിന് എന്തു പറ്റി എന്നാണ് പലരുടെയും ചോദ്യം. എന്നാൽ വിഡിയോയുമായി ബന്ധപ്പെട്ട് റോബിനോ സുഹൃത്തുക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി പതിനാറിനു ഗുരുവായൂരിൽ വച്ചായിരുന്നു റോബിൻ ആരതി വിവാഹം. വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു എങ്കിലും ഇരുവരും വേർപിരിഞ്ഞെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളായിരുന്നു നടന്നത്.