യൂറോപ്പിൽ നിന്നെത്തിയ മിസ് വേൾഡ്;അമേരിക്കൻ ഡിസൈനർ ഗൗണിനൊപ്പം മുല്ലപ്പൂ ചൂടി ക്രിസ്റ്റീന

Mail This Article
റാൽഫ് ലോറൻ ഗൗണിനൊപ്പം മുല്ലപ്പൂ ചൂടിയാലോ? അസംബന്ധം എന്നുപറഞ്ഞ് തള്ളിക്കളഞ്ഞേക്കും ഫാഷൻപ്രേമികൾ. പക്ഷേ കഴിഞ്ഞദിവസം ഹൈദരാബാദിൽ മിസ് വേൾഡ് ക്രിസ്റ്റീന പിഷ്കോവയെത്തിയത് ഈ ലുക്കിലാണ്. ഗോൾഡൻ സീക്വിൻ ഗൗണിനൊപ്പം പിന്നിൽ ബൺ ചെയ്ത മുടിയിൽ ചുറ്റിക്കെട്ടിയ മുല്ലപ്പൂമാല; നെറ്റിയിൽ തിളങ്ങുന്ന ചെറിയൊരു പൊട്ട്. ഇന്ത്യയിൽ ലോകസുന്ദരിയുടെ ‘ദേശി’ ഫാഷൻ മൊമെന്റ്!
പാശ്ചാത്യവേഷത്തിനൊപ്പം ഇന്ത്യൻ സംസ്കാരത്തെക്കൂടി ഉൾക്കൊള്ളിക്കാനുള്ള ക്രിസ്റ്റീനയുടെ ശ്രമം ഇന്ത്യക്കും ലോകത്തിനും അതിസുന്ദരക്കാഴ്ചയായി. ആഗോള താരങ്ങളുടെ സന്ദർശന വേളയിൽ രാജ്യത്തെ തനതു വസ്ത്രരീതികൾ സ്വീകരിക്കുന്നത് പതിവാണ്. രണ്ടുദിവസം മുൻപ് ഹൈദരാബാദിലെത്തിയ ക്രിസ്റ്റീന, ക്ഷേത്ര ദർശന വേളയിലും മിസ് വേൾഡ് മത്സരപ്രഖ്യാപന വേദിയിലുമൊക്കെ തെലങ്കാനയിലെ ഹാൻഡ്‌ലൂം സാരികൾ ധരിച്ച് മുല്ലപ്പൂ ചൂടിയാണെത്തിയത്. എന്നാൽ അതിൽ ഒതുക്കിയില്ല ലോകസുന്ദരി. തുടർന്നുള്ള പരിപാടികളിൽ, സാരി മാറ്റി ഡിസൈനർ ഗൗൺ ധരിച്ചപ്പോഴും മുടിയിൽ ചൂടിയ മുല്ലപ്പൂ മാറ്റിയില്ല.

ഹൈദരാബാദിൽ മിസ് വേൾഡ് ക്രിസ്റ്റീനയെ ഒരുക്കിയ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സാധനാ സിങ് പറയുന്നു ‘‘പ്രസ് കോൺഫറൻസിൽ ധരിക്കാനുള്ള സാരി ക്രിസ്റ്റീന എന്നെ കാണിച്ചപ്പോൾ തന്നെ മനസ്സിൽ തോന്നിയത് മുടി ബൺ ചെയ്ത് മല്ലിപ്പൂ ചൂടാമെന്നായിരുന്നു. കാരണം പരിപാടി തെലങ്കാനയിലാണല്ലോ? സാരി - മുല്ലപ്പൂ കോംബിനേഷനിൽ മിസ് വേൾഡിന് ദക്ഷിണേന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ലുക് നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. ക്രിസ്റ്റീനയ്ക്ക് ആദ്യം വലിയ ആശങ്കയായിരുന്നു. ഇതുവരെ മുല്ലപ്പൂ ചൂടിയിട്ടില്ല. പക്ഷേ സ്റ്റൈലിസ്റ്റ് എന്ന നിലയിൽ എന്റെ തീരുമാനം വിശ്വസിക്കുന്നു എന്ന് ക്രിസ്റ്റീന പറഞ്ഞു. ആ ലുക്ക് ചെയ്തു കഴിഞ്ഞപ്പോൾ അവരുടെ മുഖത്ത് പുഞ്ചിരിയായിരുന്നു " I love this flower in my hair" എന്നു പറഞ്ഞു. പത്ര സമ്മേളനത്തിനു ശേഷം സാരി മാറ്റി ഗൗൺ ധരിച്ചപ്പോഴും ക്രിസ്റ്റീന മുല്ലപ്പൂവും പൊട്ടും മാറ്റിയില്ല. അവർ ഇന്ത്യൻ സംസ്കാരത്തെ വളരെ മുനോഹരമായി സ്വാംശീകരിച്ചു. "
ചെക്ക് റിപ്പബ്ലിക് സ്വദേശിയായ മിസ് വേൾഡ് അമേരിക്കൻ ഡിസൈനറുടെ ഗൗൺ ധരിച്ച് നമ്മുടെ സ്വന്തം ‘മുല്ലപ്പൂ’ ചൂടിയത് ട്രെൻഡിങ് അല്ലെങ്കിൽ പിന്നെന്താണ്!