വരണമാല്യവുമായി ഡ്രോൺ, സംഗതി കൈവിട്ടുപോയി: കലിപ്പോടെ വരൻ

Mail This Article
സാങ്കേതികവിദ്യയുടെ വളർച്ച വിവാഹവേദികളിൽ പോലും പലപ്പോഴും മനോഹരവും രസകരവുമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വിവാഹത്തിന്റെ ആകാശ ദൃശ്യങ്ങൾ പകര്‍ത്തുന്നതിനായി തയാറാക്കിയ ഡ്രോൺ ഉപയോഗിച്ച് വരന്റെ കയ്യിൽ വരണമാല്യം നല്‍കാൻ ശ്രമിക്കുകയും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. എന്നാൽ ഡ്രോണിനു സംഭവിച്ച സാങ്കേതിക പിഴവിനെ തുടര്‍ന്ന് വരന്റെ കൈകളിലേക്ക് മാല എത്തിയില്ല.
ഡ്രോൺ കൊണ്ടുവരുന്ന മാല വാങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്ന വരനിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ കാര്യങ്ങൾ കൈവിട്ടു പോയി. വരന് അരികിലെത്തിയിട്ടും മാല നൽകാതെ ഡ്രോൺ വീണ്ടും മുന്നോട്ട് നീങ്ങി. തുടർന്ന് വരൻ മാല ചാടിപിടിച്ചു. ഇതോടെ സാങ്കേതിക തകരാറു സംഭവിച്ച ഡ്രോൺ നിലംപൊത്തി. ഈ കാഴ്ചകണ്ട് അതിഥികൾ ചിരിക്കുന്നതും വരൻ ദേഷ്യത്തോടെ ഡ്രോൺ ഓപ്പറേറ്ററെ നോക്കുന്നതും വിഡിയോയിൽ കാണാം.
സമൂഹമാധ്യമത്തിലെത്തിയ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. വരന്‍ അപമാനിക്കപ്പെട്ടു, നീതി ലഭിക്കണമെന്നാണ് വിഡിയോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തത്. എന്നാൽ ഇത്തരം പ്രഹസനങ്ങള്‍ ഒഴിവാക്കിക്കൂടെ എന്നരീതിയിലും കമന്റ് എത്തി.