പറഞ്ഞാൽ കേൾക്കും ടൈംപീസ്
Mail This Article
ഉണർത്താനുള്ള അലാം ക്ലോക്കിന്റെ പണി മൊബൈൽ ഫോണിനെ ഏൽപിക്കുന്നതിനുപകരം അൽപം നൊസ്റ്റാൾജിക് രീതിയിൽ ടൈംപീസിനെ ഏൽപിച്ചാലോ? അതിനു മാത്രമായെന്തിനൊരു ടൈംപീസ് എന്ന മറുചോദ്യമാകും ഉത്തരം. പക്ഷേ, ടൈംപീസൊക്കെ വേറെ ലെവൽ എത്തിയിട്ടുണ്ട്. എല്ലാ സ്മാർട് ആകുമ്പോൾ ടൈംപീസും അങ്ങനെയാകാതെവയ്യല്ലോ.
ലെനോവോയുടെ സ്മാർട് ക്ലോക്ക് എസൻഷ്യൽ ഉദാഹരണം. ഡിജിറ്റൽ ആയി സമയം തെളിയുന്നൊരു ടൈംപീസാണ് കാഴ്ചയിൽ. എന്നാൽ ഗൂഗിൾ സ്മാർട് അസിസ്റ്റന്റ് സംവിധാനമുള്ള സ്പീക്കർ സഹിതമാണ് ഈ കുഞ്ഞൻ ഉപകരണം എത്തുന്നത്. ‘ഹെയ് ഗൂഗിൾ’ എന്നു വിളിച്ച് കാലാവസ്ഥ ചോദിക്കാം, വാർത്തയോ പാട്ടോ ആവശ്യപ്പെടാം. 3 വാട്സ് സ്പീക്കറാണ്.
പ്ലഗ് പോയിന്റിൽ കണക്ട് ചെയ്താൽ 4–ഇഞ്ച് സ്ക്രീനിൽ ദിവസം, സമയം, അന്തരീക്ഷ താപനില, അലാം ഓൺ/ഓഫ് വിവരം എന്നിവ ലഭിക്കും. എന്നാൽ ഗൂഗിൾ ഹോം ആപ് വഴി ഫോണുമായി കണക്ട് ചെയ്താൽ കക്ഷി സ്മാർട്ടാകും. അങ്ങനെയാണ് നമുക്ക് ഗൂഗിൾ അസിസ്റ്റന്റ് സേവനങ്ങൾ ലഭിക്കുക.
ടൈംപീസിന്റെ പിന്നിലായി ചതുരാകൃതിയിൽ നൈറ്റ് ലാംപ് ഉണ്ട്. ഇതും വോയ്സ് കമാൻഡ് വഴി ഓൺ–ഓഫ് ചെയ്യാം. രാത്രി ഉണരേണ്ടിവന്നാൽ ലൈറ്റിടാൻ ഭിത്തിയിലെ സ്വിച്ച് തപ്പാൻ മടിച്ച്, തപ്പിത്തടഞ്ഞ് മറിഞ്ഞുവീഴാനൊക്കെ സാധ്യതയുള്ളവർക്ക് ഇത് ഉപകാരമാകും. പ്രകാശം ക്രമീകരിക്കാനുമാകും. ബട്ടണുകൾ ഉണ്ടെങ്കിലും അലാം സെറ്റ് ചെയ്യാനും വോയ്സ് കമാൻഡ് ഉപയോഗിക്കാം. അലാം ഓഫാക്കാൻ ‘സ്റ്റോപ്’ പറഞ്ഞാൽ മതി.
ശബ്ദം കൊണ്ടു നിയന്ത്രിക്കാവുന്ന ടൈംപീസ്, ആമസോൺ ഇക്കോ പോലൊരു ഗൂഗിൾ സ്മാർട് ഉപകരണം– ഇതു രണ്ടും ചേർന്നതാണ് ലെനോവോ സ്മാർട് ക്ലോക്ക് എസൻഷ്യൽ. വില 4499 രൂപ.
English Summary: Lenovo Smart Clock Essential, The smart clock for every room