പൂർവ്വികരെക്കുറിച്ചുള്ള ആ ധാരണ തെറ്റ്, രക്തഗ്രൂപ്പ് ഒന്നായിരുന്നില്ലെന്ന് കണ്ടെത്തല്‍
Mail This Article
എല്ലാ നിയാഡര്‍താല്‍ മനുഷ്യരുടേയും രക്തഗ്രൂപ്പ് ഒന്നായിരുന്നുവെന്ന ധാരണ തെറ്റാണെന്ന് കണ്ടെത്തല്‍. ആധുനിക മനുഷ്യരെ പോലെ എ, ബി, ഒ രക്തഗ്രൂപ്പുകള്‍ നിയാഡര്‍താല്‍ മനുഷ്യര്‍ക്കും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പ്ലൊസ്‌വൺ (Plosone) ജേണലിലാണ് ഇത് സംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാധാരണ നമ്മള്‍ ജനിതക സംബന്ധിയായ വിവരങ്ങളാണ് ശേഖരിക്കാറ്. ഇത്തരം രക്തഗ്രൂപ്പുകള്‍ പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. നിയാഡര്‍താല്‍ മനുഷ്യര്‍ക്കും രക്തഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നത് നരവംശശാസ്ത്രത്തില്‍ നിര്‍ണായകമായ കണ്ടെത്തലാണെന്ന് ഗവേഷണം നടത്തിയ ഫ്രാന്‍സിലെ ഐക്സ്-മാർസെയിൽ സര്‍വകലാശാലയിലെ പാലിയോ ആന്ത്രപ്പോളജിസ്റ്റ് സില്‍വാന കണ്‍ഡെമി പഠനത്തില്‍ പറയുന്നു.
മറ്റൊരു നിര്‍ണായക കണ്ടെത്തല്‍ കൂടി സില്‍വാനയുടെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നുണ്ട്. നിയാഡര്‍താലുകളും ഡെനിസോവന്‍സും ആഫ്രിക്കക്ക് പുറത്തുവെച്ചാണ് ആവിര്‍ഭവിച്ചതെന്ന കണ്ടെത്തലാണത്. ആഫ്രിക്കയില്‍ കണ്ടുവന്നിരുന്ന മനുഷ്യ പൂര്‍വിക ജീവികളില്‍ കണ്ടുവന്നിരുന്ന പ്രത്യേകതരം ആന്റിജന്റെ അഭാവമാണ് ഇത്തരമൊരു സാധ്യതയിലേക്ക് ഗവേഷകരെ കൊണ്ടെത്തിച്ചത്. ഹോമോസാപ്പിയന്‍സ് ആഫ്രിക്കയില്‍ നിന്നും പുറത്തേക്ക് വന്നുവെന്ന് കരുതപ്പെടുന്ന കാലത്തിനും മുൻപുള്ള നിയാഡര്‍താലുകളുടേയും ഡെനിസോവന്‍സിന്റേയും ജനിതകരേഖകളില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും പഠനം പറയുന്നു.
ആധുനികമനുഷ്യരില്‍ രണ്ട് പ്രാക്തന ഗോത്രവര്‍ഗക്കാരുടെ കൂട്ടത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള ആര്‍എച്ച്ഡി ജീനിനെക്കുറിച്ചും നിര്‍ണായക സൂചനകള്‍ പഠനം മുന്നോട്ടുവെക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ഗോത്രവര്‍ഗക്കാരിലും പാപുവ ന്യൂഗിനിയയിലെ ഗോത്രവര്‍ഗക്കാരിലും മാത്രമാണ് ആര്‍എച്ച്ഡി ജീന്‍ കണ്ടെത്തിയിട്ടുള്ളൂ. തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് വ്യാപിക്കുന്നതിനിടെ നിയാഡര്‍താലുകളും ഹോമോസാപ്പിയന്‍സും തമ്മിലുണ്ടായ കൂടിച്ചേരലിന്റെ ഫലമായാണ് ഈ അപൂര്‍വ ജനിതക തെളിവുകള്‍ അവശേഷിപ്പിച്ചതെന്നും കണക്കാക്കപ്പെടുന്നു.
നിയാഡര്‍താലുകളുടെ ജനിതക രേഖകളില്‍ നിന്നും ഹീമോലിറ്റിക് ഡിസീസ് ഓഫ് ദി ന്യൂബോൺ (HDFN) എന്നറിയപ്പെടുന്ന പ്രത്യേകരോഗ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം വയറ്റിലുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ക്കെതിരെ അമ്മമാരുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തിരിയുന്നതാണ് ഈ രോഗാവസ്ഥ. നിയാഡര്‍താലുകളുടെ വംശനാശത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടുന്നുവെന്നാണ് പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്: സയൻസ്അലർട്ട്
English Summary: Neanderthals Had Blood Types Just Like We Do, Surprise Discovery Reveals