ADVERTISEMENT

ടെക്‌നോളജി കമ്പനികള്‍ക്കെതിരെ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിന് സാക്ഷ്യംവഹിക്കുകയാണ് ലോകമിപ്പോള്‍. സുപ്രശസ്ത അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ഗാര്‍മിനു (GARMIN) നേരെയാണ് വമ്പന്‍ റാന്‍സംവെയര്‍ ആക്രമണം നടന്നിരിക്കുന്നത്. സ്മാര്‍ട് വാച്ച്, ജിപിഎസ് സാങ്കേതികവിദ്യ, വാഹനങ്ങള്‍, വ്യോമ ഗതാഗതം തുടങ്ങി നിരവധി മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിക്കു നേരെ ആക്രമണം നടത്തിയവര്‍ പറയുന്നത്, 10 ദശലക്ഷം ഡോളര്‍ (ഏകദേശം 74.66 കോടി രൂപ) മോചനദ്രവ്യം നല്‍കിയാല്‍ മാത്രമെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ അനുവദിക്കൂ എന്നാണ്. 

 

ഏറെപ്പേര്‍ ആശ്രയിക്കുന്ന ഗാര്‍മിന്റെ പല സേവനങ്ങളും ദിവസങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. ഗാര്‍മിന്‍ ആപ്പിലൂടെ തങ്ങളുടെ ഫിറ്റ്‌നസ് ട്രെയ്‌നിങ് നടത്തുന്നവര്‍, പൈലറ്റുമാര്‍, വിമാന നാവിഗേഷന്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ രോഷം നേരിടാനാകാതെ ഭയന്നിരിക്കുകയാണ് കമ്പനിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെന്നും പറയുന്നു.

 

തങ്ങള്‍ വെയ്‌സ്റ്റെഡ്‌ലോക്കര്‍ (WastedLocker) എന്ന റാന്‍സംവെയറിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് എന്നാണ് കമ്പനിയുടെ ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഗാര്‍മിന്‍, ബ്ലീപ്പിങ്കംപ്യൂട്ടറിന് (BleepingComputer) അയച്ചുകൊടുത്ത സ്‌ക്രീന്‍ ഷോട്ടുകളില്‍ നിന്ന് മനസിലാകുന്നത് കമ്പനിയുടെ പല ഫയലുകളും മാല്‍വെയറിനാല്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണ് എന്നാണ്. ഒരോ ഫയലിലും റാന്‍സംവെയര്‍ അറ്റാച്ച് ചെയ്തിരിക്കുന്നു. നിങ്ങളുടെ ഫയലുകള്‍ക്ക് വിലയിട്ടിരിക്കുന്നു എന്നാണ് ഗാര്‍മിനു നല്‍കിയിരിക്കുന്ന സന്ദേശം. വിലയാകട്ടെ 10 ദശലക്ഷം ഡോളറുമാണ്.

hack

 

ആക്രമണത്തെത്തുടര്‍ന്ന് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട കംപ്യൂട്ടറുകളെല്ലാം, ഗാര്‍മിന്റെ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് ഷട്ഡൗണ്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനിയുടെ ഉദ്യോഗസ്ഥരില്‍ മിക്കവരും വീട്ടിലിരുന്ന് വിപിഎന്‍ ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. എന്നാല്‍, റാന്‍സംവെയര്‍ അവരുടേതടക്കമുള്ള എല്ലാ കംപ്യൂട്ടറുകളെയും ഏറ്റെടുക്കാതിരിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് മെഷീനുകള്‍ ഷട്ഡൗണ്‍ ചെയ്തിരിക്കുന്നത്. തയ്‌വാനിലുള്ള ഗാര്‍മിന്റെ ഫാക്ടറികള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം നിർത്തിയിരിക്കുകയാണ്. എങ്ങനെ റാന്‍സംവെയര്‍ നീക്കംചെയ്യാമെന്ന കാര്യത്തെക്കുറിച്ച് കമ്പനി പഠിക്കുകയാണ്. എന്നാല്‍, അവരുടെ ഉപഭോക്താകളാകട്ടെ രോഷത്തിലുമാണ്.

 

കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഗാര്‍മിന്റെ വ്യോമ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെയാണ്. പൈലറ്റുകള്‍ പറയുന്നത് തങ്ങള്‍ക്ക് പുതിയ വ്യോമഗതാഗത ഡേറ്റാബെയ്‌സ് ഉപയോഗിക്കാനാകുന്നില്ല എന്നാണ്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഈ നാവിഗേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിലച്ചത് ഗുരുതമായ ചില സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ 'ഗാര്‍മിന്‍ കണക്ട്' സേവനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ കോള്‍ സെന്ററുകളെയും ഇമെയില്‍ സേവനത്തെയും ഓണ്‍ലൈന്‍ ചാറ്റ് സേവനങ്ങളെയും പോലും താറുമാറാക്കിയിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവര്‍ ഉപയോക്താക്കളോട് ക്ഷമചോദിച്ചിരിക്കുകയുമാണ്. ഗാര്‍മിന്‍ കണക്ട് എപ്പോള്‍ തിരിച്ചു കിട്ടുന്നോ അപ്പോള്‍ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാകുമെന്നും ഉപയോക്താക്കളുടെ ഡേറ്റ നഷ്ടമാവില്ലെന്നും അവര്‍ അറിച്ചു. ആക്ടിവിറ്റി ഡേറ്റാ, പണമടച്ച രേഖകള്‍, വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടേക്കില്ലെന്ന് കമ്പനി പറഞ്ഞു.

 

ഗ്രാമിന്‍ എജ് യൂണിറ്റുകള്‍ ഉപയോഗിക്കുന്ന സൈക്കിളിസ്റ്റുകളെയും ഈ പ്രശ്‌നം ബാധിച്ചു. ഗാര്‍മിന്‍ വാച്ച് ഉപയോഗിക്കുന്ന കായിക താരങ്ങള്‍ തുടങ്ങിയവര്‍ക്കും ഇത് പ്രശ്‌നമായിരിക്കുകയാണ്. നെറ്റ്‌വര്‍ക്ക് ചെയ്യപ്പെട്ടിട്ടുള്ള തങ്ങളുടെ കംപ്യൂട്ടറുകളെല്ലാം റിമോട്ടായി ഷട്ട്ഡൗണ്‍ ചെയ്ത് പ്രശ്‌നം ലഘൂകരിക്കാന്‍ സാധിക്കുമോ എന്നാണ് കമ്പനിയുടെ ഐടി വിഭാഗം ആദ്യം ആരാഞ്ഞത്. എന്നാല്‍, അത് അവര്‍ക്ക് സാധിച്ചില്ല. അതിനു ശേഷം ജോലിക്കാരോട് അവര്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ നേരിട്ട് ഷട്ഡൗണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗാര്‍മിനോട് 10 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥരീകരിച്ചിട്ടില്ലെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ സേവനങ്ങള്‍ എത്രയും വേഗം തുടങ്ങുമെന്നും അതുവരെ ക്ഷമിക്കണമെന്നുമാണ് കമ്പനി ഇപ്പോള്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈ ആക്രമണം മിക്ക കമ്പനികളെയും ഞെട്ടിച്ചിരിക്കുകയാണ് എന്നും പറയുന്നു.

 

English Summary: Hackers reportedly demand $10 million ransom from Garmin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com