ബജറ്റ് 2021: ഡിജിറ്റൽ സെൻസസ് നടപ്പിലാക്കും, പദ്ധതിക്ക് 3,768 കോടി, വിശദീകരണവുമായി അമിത് ഷാ
Mail This Article
രാജ്യത്ത് ഈ വർഷം നടക്കാനിരിക്കുന്ന സെൻസസിന് കേന്ദ്ര സർക്കാർ 3,768 കോടി രൂപ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇതെന്നും 2021-22 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് വൻ വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കും. ഇതെല്ലാം മുൻകൂട്ടികണ്ടാണ് 3,768 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
സെൻസസ് ഡിജിറ്റലാകുമ്പോൾ സൈബർ സുരക്ഷ ശക്തമാക്കേണ്ടിവരും. രാജ്യത്തെ എല്ലാവരുടെയും വ്യക്തിവിവരങ്ങൾ ഒരു സെർവറിൽ സൂക്ഷിക്കുന്ന രീതിയിലായിരിക്കും ഡിജിറ്റൽ സെൻസസ് നടത്തുക. കടലാസുകൾ പൂർണമായും ഉപേക്ഷിച്ച് സ്മാർട് ആപ്ലിക്കേഷനുകളും ക്ലൗഡ് സെർവറുകളും ഉപയോഗിച്ചാകും സെൻസസ്. സർക്കാരിന് വൻ വെല്ലുവിളികൾ നേരിടാൻ സാധ്യതയുള്ളതാണ് വരാനിരിക്കുന്ന സെൻസസ്.
2021 ലെ സെൻസസ് മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരമ്പരാഗത പേന, കടലാസ് എന്നിവയിൽ നിന്നും മാറാനുള്ള തീരുമാനം ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.
‘പെൻ-പേപ്പർ സെൻസസ്’ പ്രക്രിയ ഉപേക്ഷിച്ച് 2021 ലെ സെൻസസിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സെൻസസായി മാറ്റുമെന്ന് അമിത് ഷാ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനിലൂടെ സെൻസസ് ഡേറ്റ ശേഖരിക്കും. സെൻസസ് എടുക്കുന്നതിനായി ഇതാദ്യമായാണ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. പേന, പേപ്പർ ഉപേക്ഷിക്കും. പകരം ഡിജിറ്റൽ ഡേറ്റയിലേക്ക് നീങ്ങും. ഇതൊരു വലിയ വിപ്ലവമായിരിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.
ഡിജിറ്റൽ സെൻസസിനായി ആളുകൾക്ക് സ്വയം തന്നെ കുടുംബത്തിന്റെ വിശദാംശങ്ങൾ പുതുതായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. 12,000 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ 16 ഭാഷകളിൽ രാജ്യവ്യാപകമായി ലഭ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
English Summary: Budget 2021: Census to go digital for the first time with Rs 3,768 crore allocation