ഐഫോണ്‍ 13 മോഡലുകള്‍ക്ക് സെന്‍സര്‍ ഷിഫ്റ്റ്? ഡിസ്പ്ലെയില്‍ സാംസങ്ങിനെ മറികടക്കാന്‍ ആപ്പിള്‍
Mail This Article
കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 പ്രോ മാക്‌സില്‍ മാത്രം ഉള്‍ക്കൊള്ളിച്ച സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷന്‍ സാങ്കേതികവിദ്യ ഈ വര്‍ഷത്തെ ഐഫോണ്‍ 13 സീരീസിലെ എല്ലാ മോഡലുകള്‍ക്കും നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. ഫോട്ടോ എടുക്കുമ്പോഴുള്ള ഇളക്കം കുറയ്ക്കാനാണ് ഇതു സഹായിക്കുക. ഇതുവഴി ഫോട്ടോയുടെ ഗുണനിലവാരം ഉയരും. ഈ വര്‍ഷത്തെ ഐഫോണുകളില്‍ കൂടുതല്‍ വലിയ സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. കൂടുതല്‍ മെഗാപിക്‌സലുകളും പ്രതീക്ഷിക്കുന്നു. ഐഫോണുകള്‍ക്കായി കൂടുതല്‍ വോയിസ് കോയില്‍ മോട്ടറുകള്‍ അഥവാ വിസിഎം വാങ്ങാന്‍ ശ്രമിക്കുന്നതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഇവയാണ് സെന്‍സര്‍ ഷിഫ്റ്റ് ടെക്‌നോളജിയുടെ കേന്ദ്രം. വിസിഎം ആപ്പിളിനു നിര്‍മിച്ചു നല്‍കുന്നത് ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിറ്റ്‌സുമി, ആല്‍പ്‌സ് എന്നീ കമ്പനികളാണ്. ഈ കമ്പനികളോട് കൂടുതല്‍ എണ്ണം വിസിഎം നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
∙ ഡിസ്‌പ്ലെ വാങ്ങുന്നതില്‍ സാംസങ്ങിനെ മറികടക്കാന്‍ ആപ്പിള്‍
മികച്ച ടെക്‌നോളജി അടങ്ങുന്ന ഡിസ്‌പ്ലെകള്‍ ഉപയോഗിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മുന്നില്‍ സാംസങ് ആയിരുന്നു. എന്നാൽ, ഈ വര്‍ഷം ഇക്കാര്യത്തിൽ ആപ്പിള്‍ സാംസങ്ങിനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം സാംസങ് മികച്ച സ്‌ക്രീന്‍ ടെക്‌നോളജിയുള്ള 157 ദശലക്ഷം ഡിസ്‌പ്ലെകള്‍ വാങ്ങുമെങ്കില്‍ ആപ്പിള്‍ 169 ദശലക്ഷം എണ്ണം വാങ്ങുമെന്നാണ് വാര്‍ത്തകള്‍. ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐഫോണുകളില്‍ അമോലെഡ് ഡിസ്‌പ്ലെയുടെ സാന്നിധ്യം 80 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷേ ഐഫോണ്‍ 13 മിനി മോഡലില്‍ മാത്രമായിരിക്കും അമോലെഡ് ഡിസ്‌പ്ലെ ഇല്ലാതിരിക്കുക. ആപ്പിള്‍ ഏറ്റവുമധികം അമോലെഡ് ഡിസ്‌പ്ലെ വാങ്ങുന്ന കമ്പനിയാകുമെങ്കിലും, അതിന്റെ ഗുണഭോക്താവ് സാംസങ് ആയിരിക്കുമെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇപ്പോള്‍ ഏറ്റവും കുറ്റമറ്റ അമോലെഡ് പാനലുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനി സാംസങ് ആണെന്നതാണ് അതിനു കാരണം. സാംസങ്ങിനെ തന്നെയായിരിക്കും പാനലുകള്‍ നിര്‍മിച്ചു കിട്ടാനായി ആപ്പിളും കൂടുതലായി ആശ്രയിക്കുക. എല്‍ജി ഡിസ്‌പ്ലെയും ആപ്പിളിന് സ്‌ക്രീനുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
∙ എക്‌സാസ്‌കെയില്‍ കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ ദക്ഷിണ കൊറിയയും
നാനോടെക്‌നോളജി, സ്വയമോടുന്ന വാഹനങ്ങള്‍, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ കരുത്താര്‍ജിക്കാന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചു. 'അതിശക്ത കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങള്‍' വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയും എക്‌സാസ്‌കെയില്‍ (exascale) കംപ്യൂട്ടിങ് സിസ്റ്റം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇത് 2030നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശം. സെക്കന്‍ഡില്‍ ഒരു ക്വിന്റിലിയന്‍ കണക്കുകൂട്ടലുകളാണ് എക്‌സാസ്‌കെയില്‍ സൂപ്പര്‍കംപ്യൂട്ടറിനു നിര്‍വഹിക്കാനാകുക. ജപ്പാനും ചൈനയും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഒരു എക്‌സാസ്‌കെയില്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍, അഞ്ചാം തലമുറയിലെ ന്യൂറിയന്‍ ദേശീയ കംപ്യൂട്ടറാണ് ഇപ്പോള്‍ ഏറ്റവും വേഗമാര്‍ന്നത്. ഇത് ലോകത്തെ 21-ാമത്തെ ഏറ്റവും കരുത്തുറ്റ കംപ്യൂട്ടിങ് സിസ്റ്റമാണ്.
പുതിയ ദേശീയ കംപ്യൂട്ടിങ് നയത്തിനു കീഴില്‍ ലോകത്തെ അഞ്ചാമത്തെ വലിയ കംപ്യൂട്ടിങ് സൂപ്പര്‍ പവര്‍ ആകാനാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്. കംപ്യൂട്ടിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട 24 സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിക്കാനും, പത്തു പുതിയ സേവനങ്ങള്‍ 2030നു മുൻപ് കൊണ്ടുവരാനും ആഗ്രഹിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. ഇതിനായി 2023ല്‍ തന്നെ ആറാം തലമുറിയിലെ മെയിൻഫ്രെയിം ഉപയോഗിച്ചു തുടങ്ങും. ഏഴാം തലമുറ സിസ്റ്റം 2028ല്‍ ഉപയോഗിച്ചു തുടങ്ങാനും ദക്ഷിണ കൊറിയ ആഗ്രഹിക്കുന്നുവെന്ന് യോന്‍ഹാപ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോസസറുകള്‍, പ്ലാറ്റ്‌ഫോം സൊലൂഷന്‍സ് തുടങ്ങി നാലു മേഖലകളിലായിരിക്കും ദക്ഷിണ കൊറിയ കംപ്യൂട്ടിങ് കരുത്തു വര്‍ധിപ്പിക്കുക.
∙ പോഡ്കാസ്റ്റിലേതു പോലത്തെ ഫീച്ചര്‍ മൈക്രോസോഫ്റ്റ് ടീംസിലും
വണ്‍ഡ്രൈവിലോ, ഷെയര്‍പോയിന്റിലോ മൈക്രോസോഫ്റ്റ് ടീംസിലെ മീറ്റിങ്ങുകള്‍ റെക്കോഡു ചെയ്യുകയാണെങ്കില്‍, വിഡിയോ വീണ്ടും കാണുമ്പോള്‍ വേഗം കൂട്ടുകയോ കുറയ്ക്കുകയോ (0.5x-2x) ചെയ്യാവുന്ന സംവിധാനം ഒരുക്കുകയാണ് മൈക്രോസോഫ്റ്റ്. ഇത് ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ സഹായകരമായിരിക്കുമെന്ന് കരുതുന്നു.
∙ പ്രോസസര്‍ ദൗര്‍ലഭ്യം കംപ്യൂട്ടര്‍ നിര്‍മാണത്തെ ബാധിക്കുമെന്ന് ഡെല്‍
സ്മാര്‍ട് ഫോണുകളും, ഇലക്ട്രിക് കാറുകളും അടക്കമുള്ള ഇലക്ട്രോണിക് നിര്‍മാണ മേഖലയെ ചിപ്പുകളുടെ ദൗര്‍ലഭ്യം ഈ വര്‍ഷം ബാധിക്കും. കംപ്യൂട്ടര്‍ നിര്‍മാണ മേഖലയെയും അത് ബാധിക്കുമെന്ന് എടുത്തുപറഞ്ഞിരിക്കുകയാണ് പ്രമുഖ പിസി ബ്രാന്‍ഡായ ഡെല്‍. എച്പി, ഡെല്‍ തുടങ്ങിയ കമ്പനികള്‍ അപ്രതീക്ഷിത നേട്ടമാണ് കംപ്യൂട്ടര്‍ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം കൊയ്തത്. എന്നാല്‍, ചിപ്പ് ദൗര്‍ലഭ്യം മൂലം അത് ഈ വര്‍ഷവും തുടരാനാകുമോ എന്ന ഭീതിയിലാണ് കമ്പനികൾ.
∙ ഇന്ത്യയിലെ വെയറബിൾസ് മാര്‍ക്കറ്റിന് 170.3 ശതമാനം വളര്‍ച്ച
സ്മാര്‍ട് വാച്ചുകള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍, ചെവിയില്‍ വയ്ക്കാവുന്ന വയര്‍ലെസ് ഇയര്‍ഫോണുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വെയറബിൾസ് മാര്‍ക്കറ്റ് 2021 ആദ്യ പാദത്തില്‍ വന്‍ വളര്‍ച്ചയാണ് കാണിച്ചിരിക്കുന്നതെന്ന് ഐഡിസി പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 170.3 ശതമാനം വളര്‍ച്ചയുണ്ടായെന് അവര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. അണിയുന്ന ഇയര്‍ഫോണുകളുടെ മാത്രം കണക്കെടുത്താല്‍ അത് 209.3 ആണെന്നു പറയുന്നു. ഈ വിഭാഗത്തില്‍ 9.3 ദശലക്ഷം എണ്ണമാണ് വില്‍പനയ്‌ക്കെത്തിച്ചത്.
English Summary: iPhone 13 to feature sensor shift camera stabilization in all models