ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകത്തിന്റെ കുരുക്കഴിച്ചത് ആധുനിക ഉപകരണങ്ങളായ സ്മാര്‍ട് വാച്ചും ഫോണുമാണ്. ഇക്കാര്യം ഇപ്പോള്‍ ടെക്‌നോളജി വൃത്തങ്ങളില്‍ ചൂടന്‍ ചര്‍ച്ചയ്ക്കു വിഷയമായിരിക്കുന്നു. ലോകത്ത് ആദ്യമായാണ് കൊലപാതകിയെ കൊണ്ട് ഈ രീതിയില്‍ കുറ്റം സമ്മതിപ്പിക്കുന്നത്. തന്റെ ഭാര്യ മോഷണ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടെന്ന കഥ മെനഞ്ഞ 32 കാരനായ ഗ്രീക്ക് ഹെലികോപ്റ്റര്‍ പൈലറ്റായ ബാബിസ് അനഗ്‌ണോസ്‌റ്റൊപൗലോസ് (Babis Anagnostopoulos) ആണ് പിടിയിലായത്. ബ്രിട്ടിഷ് വംശജയായ ക്യാരലിന്‍ ക്രോച് (20) ആണ് ബാബിസിന്റെ ഭാര്യ. തെളിവുകൾ ലഭിച്ചതോടെ ബാബിസിനെ അലോണിസോസ് ദ്വീപില്‍ വച്ചാണ് പിടികൂടിയത്.

 

ഗ്രീസിലെ ഏതന്‍സിനടുത്തുള്ള ഗ്രികാ നേറാ എന്ന സ്ഥലത്തെ വീട്ടിലേക്ക് മൂന്നു കള്ളന്മാര്‍ കയറിവന്ന് തന്നെ കെട്ടിയിട്ടുവെന്നാണ് ബാബിസ് പൊലിസിനോട് പറഞ്ഞത്. എന്നാല്‍, തുടര്‍ന്നു നടത്തിയ പഴുതടച്ചുളള അന്വേഷണത്തില്‍ ഈ കഥ തെറ്റാണെന്നും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കൈവശമുണ്ടായിരുന്ന 15,000 യൂറോ (ഏകദേശം 18,000 ഡോളര്‍) തട്ടിയെടുത്തെന്നും തെളിയുകയായിരുന്നു. ബാബിസിന്റെ കഥയില്‍ സംശയം തോന്നിയ പൊലിസ് നിരവധി ആധുനികോപകരണങ്ങള്‍ പരിശോധിച്ചു. 

 

ക്യാരലിന്റെ സ്മാര്‍ട് വാച്ചില്‍ കാണിച്ച നാഡീസ്പന്ദന നിരക്കായിരുന്നു നിര്‍ണായക തെളിവുകളിലൊന്ന്. ബാബിസിന്റെ പോക്കുവരവുകളെക്കുറിച്ചും മറ്റുമുള്ള ഡേറ്റ അയാളുടെ സ്മാര്‍ട് ഫോണില്‍ നിന്നും പിടിച്ചെടുത്തു. വീട്ടിലെ നിരീക്ഷണ ക്യാമറയടക്കമുള്ള സിസ്റ്റങ്ങളിൽ നിന്ന് ശേഷിക്കുന്ന തെളിവുകളും ലഭിച്ചതോടെ പ്രതി കുടുങ്ങി. തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നു എന്നു ബാബിസ് പറഞ്ഞ സമയത്ത് അയാള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചതായി പൊലിസ് കണ്ടെത്തി.

 

ബ്രിട്ടനില്‍ ജനിച്ച ക്യാരലിന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ രക്ഷിതാക്കളോടൊപ്പം ഗ്രീസിലെ ഈജിയന്‍ ദ്വീപായ അലോണിസോസിലേക്ക് താമസം മാറ്റുകയായിരുന്നു. ഭര്‍ത്താവും മകൻ ഗ്ലിക്കാ നേറയുമൊത്ത് താമസിക്കവെയാണ് ക്യാരലിൻ കൊല്ലപ്പെട്ടത്. ക്യാരലിന്‍ മരിച്ചിരുന്നുവെന്ന് ബാബിസ് പറഞ്ഞ സമയത്ത് അവര്‍ക്ക് ഹൃദയമിടിപ്പുണ്ടായിരുന്നു എന്ന് സ്മാർട് വാച്ചില്‍ നിന്നുള്ള ഡേറ്റയിൽ വ്യക്തമായിരുന്നു. തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് ബാബിസ് അവകാശപ്പെട്ട സമയത്ത് ഇയാള്‍ ഫോണുമായി വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു എന്നും പൊലീസിന് വ്യക്തമായി. വീട്ടിലെ സുരക്ഷാ സിസ്റ്റത്തിലെ ഡേറ്റാകാര്‍ഡ് നീക്കംചെയ്ത സമയവും ബാബിസിന്റെ നുണ പൊളിച്ചടുക്കുകയായിരുന്നു. 

 

ആധുനിക ലോകത്ത് ഓരോ വ്യക്തിയും ഡേറ്റ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം എങ്ങനെ സുരക്ഷിതമാക്കി വയ്ക്കും, ദുരുദ്ദേശമുള്ള കമ്പനികളുടെയും വ്യക്തികളുടെയും കൈയ്യില്‍ പെടില്ലെ എന്ന ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് ഈ കൊലപാതകം നടന്നത്. ഈ കേസ് തെളിയിക്കാൻ വേണ്ട ഡിജിറ്റൽ ഡേറ്റ സുരക്ഷിതമായി നിയമപാലകരുടെ കൈയ്യിലെത്തി എന്നതും ശ്രദ്ധേയമാണ്. മറ്റു സാക്ഷിവിസ്താരങ്ങളും അന്വേഷണവും വേണ്ടാത്ത രീതയില്‍ തന്നെ കൊലാപതകിയെ ഡേറ്റ ഉപയോഗിച്ചു കുരുക്കുകയായിരുന്നു. എട്ടു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് ബാബിസ് കുറ്റമേറ്റതെന്നാണ് പൊലിസ് പറയുന്നത്. 

 

ബാബിസ് പറഞ്ഞ മൂന്നു കള്ളന്മാരെ കണ്ടെത്തുന്നവര്‍ക്ക് 300,000 യൂറോ നല്‍കാമെന്ന പരസ്യം വരെ പൊലീസ് നല്‍കിയിരുന്നു. ഈ കൊലപാതകത്തിലെ 'കാട്ടാളത്തത്തെ' അപലപിച്ചുകൊണ്ടായിരുന്നു പരസ്യം. കൊല നടത്തി അഞ്ചാം നാള്‍ ബാബിസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇട്ട പോസ്റ്റും കാലഘട്ടത്തിനു ചേരുന്നതാണ്. ‘എപ്പോഴും ഒരുമിച്ചായിരിക്കും. വിട സ്‌നേഹമയി’ എന്ന സന്ദേശത്തിനൊപ്പം വിവാഹഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. ഭാര്യയുടെ ഓര്‍മദിന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്ന ബാബിസിനെ പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തില്‍ ഒരു നിര്‍ണായക കണ്ടെത്തല്‍ നടന്നിരിക്കുന്നു, സംശയം തോന്നിയ ഒരാളെ പിടികിട്ടിയിട്ടുണ്ട്, അയാളെ തിരിച്ചറിയുമോ എന്നു നോക്കാൻ കൂടെ വരണമെന്നാണ് ബാബിസിനോട് പൊലീസ് പറഞ്ഞത്. രാജ്യ തലസ്ഥാനത്ത് എത്തിയപ്പോഴാണ് ബാബിസ് മനസ്സിലാക്കിയത് പൊലീസിനു സംശയം തോന്നിയ ആള്‍ താന്‍ തന്നെയാണെന്ന്. ഭാര്യയും താനുമായി അടുത്ത കാലത്തായി ചില വാക്തർക്കങ്ങൾ നടന്നിരുന്നുവെന്ന കാര്യവും ബാബിസ് പൊലീസിനോടു പറഞ്ഞു. 

 

കേസിലെ വഴിത്തിരിവ് ഗ്രീസുകാരെ ഞെട്ടിച്ചുകളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേസിന്റെ നാള്‍വഴികളില്‍ ആദ്യ കാലത്ത് ചര്‍ച്ച വീടുകളില്‍ തങ്ങള്‍ എത്ര സുരക്ഷിതരാണെന്ന കാര്യത്തെക്കുറിച്ചായിരുന്നു. ഇക്കാര്യം ബാബിസ് തന്നെ പറയുമായിരുന്നു. ഇയാള്‍ പറഞ്ഞത് ഒരു വിദേശ സംഘമാണ് തന്റെ വീട്ടില്‍ ആക്രമണം നടത്തിയത് എന്നായിരുന്നു. ഗ്രീസില്‍ നിന്നു ബള്‍ഗേറിയയിലേക്കു പോകുകയായിരുന്ന ഒരു ജോര്‍ജിയക്കാരനെ ഈ കേസിന്റെ ആദ്യ ഘട്ടത്തല്‍ അറസ്റ്റു ചെയ്യുക പോലുമുണ്ടായി. യൂറോ 2020യുടെ പ്രക്ഷേപണം നിർത്തിവച്ചാണ് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ദേശീയ ടിവി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതെന്നതു തന്നെ ഈ സംഭവത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. സ്മാര്‍ട് ഉപകരണങ്ങളുടെ മാത്രം ഡേറ്റ ഉപയോഗിച്ച് കൊലപാതകിയെ കുരുക്കുന്ന ലോകത്തെ ആദ്യ കേസ് കൂടിയാണിത്.

 

English Summary: First murderer in the world to be arrested using smartphone, watch data

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com