ADVERTISEMENT

കഴിഞ്ഞ വർഷം ആപ്പിള്‍ പുറത്തിറക്കിയ, ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ഐഫോണ്‍ 12 മിനിയാണ്. ഇത് അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ വില 69,990 രൂപയായിരുന്നു. എന്നാൽ, അടുത്ത വര്‍ഷം കമ്പനി പുതിയ ഐഫോണ്‍ എസ്ഇ മോഡല്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് 5ജി അടക്കമുള്ള പുതുമകള്‍ ഉണ്ടായിരിക്കുമെന്നുമെന്നാണ് ആപ്പിള്‍ കമ്പനിയെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്ന മിങ്-ചി കുവോ പറയുന്നത്. അതേസമയം, ഈ ഫോണിന് മറ്റു പരിമിതികളും ഉണ്ടായേക്കും. ഉദാഹരണത്തിന് മറ്റ് ഐഫോണുകളെല്ലാം ഓലെഡ് ഡിസ്‌പ്ലെയിലേക്ക് മാറിക്കഴിഞ്ഞെങ്കിലും എസ്ഇ 2022 മോഡലിനു എല്‍സിഡി പാനല്‍ തന്നെയായിരിക്കും നല്‍കുക എന്നും പ്രവചിക്കപ്പെടുന്നു.

 

അതേസമയം, സബ്-6 ഗിഗാഹെട്‌സ് ബാന്‍ഡ് 5ജി സേവനങ്ങള്‍, ഈ വര്‍ഷത്തെ പ്രീമിയം ഐഫോണുകളില്‍ ഉപയോഗിക്കാന്‍ പോകുന്ന പ്രോസസര്‍ തുടങ്ങിയവ അടക്കം പല ഫീച്ചറുകളും എസ്ഇ2022 ൽ ഉൾപ്പെടുത്തിയേക്കും. എന്നാല്‍, കുവോ അടക്കമുള്ളവര്‍ നേരത്തെ പ്രവചിച്ച എസ്ഇ പ്ലസ് മോഡലിനെക്കുറിച്ച് ഇപ്പോള്‍ ആരും മിണ്ടുന്നില്ലെന്നും കാണാം. ഈ മോഡലിന് 6.1-ഇഞ്ച് വലുപ്പം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, 2022ല്‍ ഇറങ്ങുമെന്നു പറയുന്ന പുതിയ എസ്ഇ മോഡലിന് നോച്ച് ഉണ്ടായേക്കില്ല, മറിച്ച് പഞ്ച്-ഹോള്‍ ഡിസ്‌പ്ലെ ഡിസൈന്‍ ഉപയോഗിച്ചേക്കുമെന്നും പ്രവചിക്കുന്നു. ഐഫോണ്‍ എസ്ഇ 2020 മോഡലിന്റെ തുടക്ക വേരിയന്റ് 39,900 രൂപയ്ക്കാണ് അവതരിപ്പിച്ചത്. (ഇതിപ്പോള്‍ വളരെ വില കുറച്ച് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നു.) ഐഫോണ്‍ 2020 യുടെ അതേ വിലയ്‌ക്കോ, അല്‍പം കൂട്ടിയോ ആയിരിക്കും പുതിയ എസ്ഇയും പുറത്തിറക്കുക എന്നാണ് കരുതുന്നത്. 

 

∙ 365 ദിവസവും 3 ജിബി പാക്കുമായി ജിയോ

 

ദിവസവും കൂടുതല്‍ ഡേറ്റ ഉയോഗിക്കുന്നവര്‍ക്കായി റിലയന്‍സ് ജിയോ പുതിയ റീചാര്‍ജ് പാക്ക് അവതരിപ്പിച്ചു. ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് 3,499 രൂപ നല്‍കിയാല്‍ പ്രതിദിനം 3 ജിബി വീതം 365 ദിവസത്തേക്ക് 1,095 ജിബി ഡേറ്റ നല്‍കുമെന്ന് ജിയോ പറയുന്നു. ദിവസവും 3 ജിബിയും ഉപയോഗിച്ചു തീർന്നാൽ 64 കെബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും നല്‍കും. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ ഓപ്പറേറ്റര്‍മാരെല്ലാം ഇതുവരെ പ്രതിദിനം 3ജിബി ഡേറ്റാ പാക്കുകള്‍ 28, 56, 84 ദിവസത്തെ കാലാവധിയോടെയാണ് നല്‍കിവന്നത്. ജിയോടിവി, ജിയോ സിനിമ തുടങ്ങിയ സേവനങ്ങളും, പരിധിയില്ലാത്ത വോയിസ് കോളും അടക്കമുള്ള സേവനങ്ങളും ലഭിക്കും. ഇതടക്കം കൂടുതല്‍ വിവരങ്ങള്‍ ജിയോ.കോമില്‍ ലഭ്യമാണ്.

 

∙ സേര്‍ച്ച് റിസള്‍ട്ട് ആധികാരികമല്ലെങ്കില്‍ അറിയിക്കാന്‍ ഗൂഗിള്‍

 

വിശ്വസനീയമല്ലാത്ത സേര്‍ച്ച് റിസള്‍ട്ടുകളെക്കുറിച്ച് ഉപയോക്താക്കളോടു പറയാനൊരുങ്ങുകയാണെന്ന് സേര്‍ച്ച് ഭീമന്‍ ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചു. നല്‍കുന്ന സേര്‍ച്ച് ഫലങ്ങളിലുള്ള സോഴ്‌സുകളുടെ ആധികാരികതയെക്കുറിച്ച് സംശയമുള്ളപ്പോള്‍ അതൊരു മുന്നറിയിപ്പായി സേര്‍ച്ച് ഫലത്തിനൊപ്പം കാണിക്കുമെന്നാണ് കമ്പനി അറിയിച്ചത്. നിങ്ങള്‍ സേര്‍ച്ച് ചെയ്യുന്ന വിഷയത്തെപ്പറ്റി അധികം വിവരം ഇല്ലാത്തപ്പോഴായിരിക്കും ഏതെങ്കിലും സ്രോതസില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കേണ്ടിവരിക. അത്തരം ഘട്ടങ്ങളില്‍ മുന്നറിയിപ്പും പ്രദര്‍ശിപ്പിക്കുമെന്ന് ബ്ലോഗ് പോസ്റ്റില്‍ കമ്പനി പറയുന്നു. സമയോചിതവും, പ്രസക്തവും, വിശ്വസനീയവുമായ വിവരം ലഭിക്കുക എന്നത് ഇപ്പോഴത്തെ പരിസ്ഥിതിയില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും കമ്പനി അറിയിച്ചു.

 

സമൂഹ മാധ്യമങ്ങളില്‍ കാണുന്നതോ, കൂട്ടുകാരില്‍ നിന്ന് അറിയുന്നതോ ആയ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ വിവരത്തിനായി നിങ്ങള്‍ ഗൂഗിളിനെ ആശ്രയിച്ചേക്കാം. നിങ്ങളെ സഹായിക്കാനായി എപ്പോഴും ഗൂഗിള്‍ ഉണ്ടായിരിക്കുമെങ്കിലും, അന്വേഷിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ആധികാരികമായ അധികം വിവരം ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ടാവില്ല. ബ്രേക്കിങ് ന്യൂസ്, പുതിയ സംഭവവികാസങ്ങള്‍ തുടങ്ങിയവയെ കുറിച്ചായിരിക്കും ഇത്തരത്തില്‍ വിശ്വസനീയമായി വിവരങ്ങള്‍ തല്‍ക്ഷണം നല്‍കാന്‍ ഗൂഗിളിനു സാധിക്കാതെ വരിക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കുറച്ചു നേരം കഴിഞ്ഞ് സേര്‍ച്ച് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും എന്നായിരിക്കും ഗൂഗിള്‍ ഉപയോക്താക്കളെ അറിയിക്കുക. റിസള്‍ട്ടുകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു, ഈ വിഷയം പുതിയതാണെങ്കില്‍, വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി അല്‍പ്പനേരം കാത്തിരിക്കേണ്ടിവരും എന്നിങ്ങനെയായിരിക്കും മുന്നറിയിപ്പുകള്‍ നൽകുക. കൂടാതെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ടുകളില്‍ അപ്രസക്തമായ വാര്‍ത്തകള്‍ വരുന്നത് 40 ശതമാനം കുറയ്ക്കാന്‍ സാധിച്ചിരിക്കുന്നുവെന്നും കമ്പനി പറയുന്നു. 

 

∙ ഇനി കംപ്യൂട്ടറില്‍ നിന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നടത്താം

 

സ്മാര്‍ട് ഫോണ്‍ വഴി മാത്രം ഫോട്ടോകള്‍ പോസ്റ്റു ചെയ്യാന്‍ അനുവദിച്ചിരുന്ന ഇന്‍സ്റ്റഗ്രാം, ഇനി ലാപ്‌ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും ഉപയോഗിച്ചും ഫോട്ടോകള്‍ പോസ്റ്റു ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് സൂചന. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവാറാ നടത്തിയ ട്വിറ്റര്‍ പോസ്റ്റാണ് ഇക്കാര്യത്തിലേക്ക് ലോക ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. https://bit.ly/3gVjtkb

 

ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ക്കുന്ന ചിത്രങ്ങളുടെ ലൊക്കേഷന്‍ നല്‍കാനും, വിവിധ ഫില്‍ട്ടറുകള്‍ ഉൾപ്പെടുത്താനും ഇനി കംപ്യൂട്ടറില്‍ നിന്ന് നേരിട്ടു സാധിക്കുമെന്നാണ് പുതിയ സൂചനകള്‍. ഇതുവരെ ഇന്‍സ്റ്റഗ്രാം കംപ്യൂട്ടറുകളിലും ലഭിക്കുമായിരുന്നു എങ്കിലും ആരെങ്കിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ കാണാനേ സാധിക്കുമായിരുന്നുള്ളു. കമ്പനി ഇങ്ങനെയൊരു ഫീച്ചര്‍ ടെസ്റ്റു ചെയ്യുന്നതായി ഫെയ്‌സ്ബുക് വക്താവും പറഞ്ഞു.

 

∙ ഡെല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്‌ഡേറ്റു ചെയ്യുക

 

ഡെല്‍ കമ്പനിയുടെ ലാപ്‌ടോപ്പുകള്‍ക്കു നേരെ ഉടനടി ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ദി എക്‌സ്പ്രസ് യുകെ. എക്ലിപ്‌സിയം (Eclypsium) എന്ന സുരക്ഷാ കമ്പനിയുടെ മുന്നറിയിപ്പ് ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മൂന്നു കോടി കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതാനും മോഡലുകള്‍ക്കു നേരെ മാത്രമായിരിക്കില്ല ആക്രമണം നടക്കുക. ഡെല്‍ ഇറക്കിയിരിക്കുന്ന 129 വ്യത്യസ്ത മോഡലുകള്‍ക്കു നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് പറയുന്നു. റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ അറ്റാക്ക് എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. അക്രമണകാരി ഡെല്‍.കോം ആണെന്നു ഭാവിച്ച് അക്രമണം നടത്തിയേക്കാമെന്നതിനാല്‍ ഇതിന്റെ റിസ്‌ക് 'ഹൈ' വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതേസമയം, ഇതിനുള്ള പ്രതിവിധിയായി ജൂണ്‍ 24ന് എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ടെന്ന് ഡെല്‍ അറിയിച്ചു. ഡെല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്‌ഡേറ്റു ചെയ്തില്ലെങ്കില്‍, എന്തിനു ഏതിനും പിസികളെ ആശ്രയിക്കുന്ന ഇക്കാലത്ത് പണിമുടങ്ങാമെന്ന് വിദഗ്ധര്‍ മുന്നറിപ്പു നല്‍കുന്നു.

 

വിവരങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ബ്ലോഗ്, റിലയന്‍സ് ജിയോ, ദി എക്‌സ്പ്രസ് യുകെ

 

English Summary: Cheapest 5G iPhone ever? Next-gen Apple iPhone SE may launch in early 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com